പാലാ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിപ്പിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവിനെ പോലീസ് പിടികൂടി. പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ വാടകക്ക് താമസിച്ച അയർക്കുന്നം തെക്കേമഠത്തിൽ സോനു രാജ(29)നാണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയെ തുടർന്ന് പാലാ എസ്.എച്ച്.ഒ കെ.പി. തോംസൺ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2020 മുതൽ സോനുവും പരാതിക്കാരിയും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു. ഇക്കാലത്ത് പ്രതി പലപ്പോഴായി യുവതിയിൽ നിന്ന് മൂന്നു പവനിലധികം ആഭരണങ്ങളും അഞ്ചു ലക്ഷത്തിലധികം രൂപ പണമായും കൈക്കലാക്കിയിരുന്നു.
എന്നാൽ ഇതിനു പിന്നാലെ ഏപ്രിലിൽ യുവതിയുടെ അടുത്തു നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

