ഇടുക്കി: തൊടുപുഴ ചെമ്മണ്ണാറിൽ മോഷ്ടാവിനെ കൊലപ്പെടുത്തിയ കേസിൽ വീട്ടുടമസ്ഥൻ രാജേന്ദ്രൻ അറസ്റ്റിൽ. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മോഷണ ശേഷം ഓടിരക്ഷപ്പെട്ട ജോസഫിനെ വീട്ടുമുറ്റത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതി നിരീക്ഷണത്തിലുണ്ടെന്നും ഇന്ന് അറസ്റ്റുണ്ടാകുമെന്നും ഉടുമ്പൻചോല പൊലീസ് അറിയിച്ചിരുന്നു.
ജോസഫിന്റെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസനാളിയിൽ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ഈ നിർണ്ണായക വിവരം അറിയാനായത് . ജോസഫിന്റെ കഴുത്ത് ഞെരിച്ചാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണു സംഭവം. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലെ മോഷണശ്രമത്തിനിടെയാണു സംഭവങ്ങളുടെ തുടക്കം. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറിയ ജോസഫ്, രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. തന്നെ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് കടന്നുകളഞ്ഞെന്നാണ് രാജേന്ദ്രന്റെ മൊഴി.
പോസ്റ്റുമാർട്ടത്തിന് ശേഷം ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.\

