കൊൽക്കത്ത: കാളി ദേവിയെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നതാണ് ഇവർക്ക് നേരെയുള്ള ആരോപണം. ബംഗാളിലും വിവിധ പൊലീസ് സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകർ എംപിക്കെതിരേ പരാതി നൽകിയിട്ടുണ്ട്. മഹുവയുടെ മണ്ഡലമായ കൃഷ്ണനഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തു. മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായി വ്യക്തികൾക്ക് കാളിയെ കാണാമെന്നായിരുന്നു മഹുവയുടെ പരാമർശം.
ഇതിനിടെ, തന്റെ പരാമർശത്തെ തൃണമൂൽ കോൺഗ്രസ് തള്ളിപ്പറഞ്ഞതിനു തൊട്ടുപിന്നാലെ ട്വിറ്ററിൽ പാർട്ടിയെ ‘അൺഫോളോ’ ചെയ്താണ് മഹുവ തന്റെ അനിഷ്ടം വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള സംവിധായിക ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു മഹുവയുടെ പ്രതികരണം. കാളി ഭക്തയാണ് താനെന്നും ഏതൊരാൾക്കും ദൈവത്തെ വ്യക്തിപരമായ രീതിയിൽ നോക്കിക്കാണാമെന്നും മഹുവ പ്രതികരിച്ചു. മഹുവ നടത്തിയത് വ്യക്തിപരമായ പരാമർശമാണെന്നും പാർട്ടിക്ക് അതിൽ പങ്കില്ലെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു.

