Monday, May 20, 2024
spot_img

ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന് അനിയന്റെ വ്യാജസന്ദേശം: നെട്ടോട്ടമോടി വിഴിഞ്ഞം പോലീസ്

തിരുവനന്തപുരം: ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന അനിയന്റെ വ്യാജസന്ദേശം മൂലം വട്ടം ചുറ്റി
വിഴിഞ്ഞം പോലീസ്. ജ്യേഷ്ടനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ അനുജൻ നടത്തിയ കടുംകൈ പ്രയോഗമാണ് പൊലീസിന് തലവേദനയായത്.

വിഴിഞ്ഞം ചൊവ്വര പനനിന്ന വടക്കതിൽ വീട്ടിൽ ജോസ് എന്ന് അറിയപ്പെടുന്ന അജികുമാർ (51) ആണ് സഹോദരനെതിരെ വ്യാജപരാതി നൽകിയത്. ഇയാൾ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ കൺട്രോൾ റൂമിലാണ് വ്യാജസന്ദേശം വിളിച്ച് അറിയിച്ചത്. ഇതിനു പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ ഇയാൾ സിം കാർഡ് ഊരി ഷർട്ടിന്റെ മടക്കിൽ ഒളിപ്പിച്ച് ഒളിവിൽ പോയി.

എന്നാൽ, ഉന്നതങ്ങളിൽ നിന്ന് കൊലപാതക സന്ദേശം ലഭിച്ചതോടെ പരാതിയുടെ ഉറവിടം തേടി വിഴിഞ്ഞം പൊലീസ് നെട്ടോട്ടമോടി. മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ പൊലീസ് സന്ദേശം അയച്ച ആളെ പിടികൂടിയതോടെയാണ് കൊലപാതക നാടകത്തിന് തിരശ്ശീല വീണത്.

മദ്യപിച്ച് സഹോദരനുമായി പിണങ്ങിയ അജികുമാർ, കഴിഞ്ഞ ദിവസം രാവിലെയാണ് സഹോദരൻ അമ്മയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതായി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് കൺട്രോൾ റൂം നമ്പറായ 112 ൽ പരാതി നൽകിയത്.

ഇയാളെ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തിച്ചു. പൊലീസിനെ വ്യാജസന്ദേശമയച്ച് ബുദ്ധിമുട്ടിച്ചതിന് കേരള പൊലീസ് ആക്ട് 117 ഡി പ്രകാരം കേസെടുത്തു. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Related Articles

Latest Articles