പാലക്കാട്∙ കൊല്ലങ്കോട് കിഴക്കെ ഗ്രാമത്തിൽ സ്വന്തം കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കിഴക്കെ ഗ്രാമത്തിൽ രമേഷിന്റെ മകൻ സുബ്രഹ്മണ്യൻ (23), കൊല്ലങ്കോട് പാവടി സ്വദേശിനിയായ പതിനാറുകാരി എന്നിവരാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരെയും ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. അതുകൊണ്ടാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തീപടരുന്നത് കണ്ട നാട്ടുകാരാണ് ഇവരെ വീടിനുള്ളിൽനിന്ന് പുറത്തെത്തിച്ചത്. ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. തീപിടിത്തത്തിൽ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു. ജന്മദിനാഘോഷങ്ങൾക്കാണ് സുബ്രഹ്മണ്യൻ ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വെച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്.

