ദില്ലി: രാജ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് വാഹനമോടിച്ച അജ്ഞാതൻ പോലീസ് പിടിയിൽ.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മാനസികവിഭ്രാന്തിയുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അജ്ഞാതനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
തുടർന്ന് ശരീരത്തിൽ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റാരോ ആണ് തന്നെ നിയന്ത്രിക്കുന്നതെന്നും അജ്ഞാതൻ പോലീസിനോട് പറഞ്ഞു. വാടകയ്‌ക്കെടുത്ത കാറാണ് അജ്ഞാതൻ ഓടിച്ചിരുന്നത്.
അതേസമയം അതീവ സുരക്ഷയുള്ള ഡോവലിന്റെ വീട്ടിൽ നടന്ന സംഭവത്തെ ദില്ലി പൊലീസ് ഗൗരവമായാണ് കാണുന്നത്.
അജിത് ഡോവല്‍ ഇസഡ് പ്ലസ് സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ സിഐഎസ്എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

