Sunday, December 14, 2025

ഭക്തിസാന്ദ്രമായ 41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം; ശബരിമലയിൽ നട അടച്ചു; മകരവിളക്കിനായി നട 30 ന് തുറക്കും

ശബരിമല: നാൽപ്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തിനും പൂജകള്‍ക്കും ശേഷം മണ്ഡല പൂജയോടെയാണ് മണ്ഡലകാല ഉത്സവത്തിന് സമാപനമായി. ഞായറാഴ്ച പകല്‍ 11.50 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നത്. മണ്ഡലകാല (Mandala Kalam ) ഉത്സവത്തിന് സമാപനം കുറിച്ച് മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നടയടച്ചു.

കലശാഭിഷേകംവും വിശേഷാൽ കളഷാഭിഷേകവും പൂർത്തിയാക്കിയശേഷം തങ്കഅങ്കി ചാർത്തിയുള്ള ഉച്ചപൂജയും പൂർത്തിയായതോടെയാണ് മണ്ഡല പൂജ സമാപിച്ചത്. മന്ത്രി കെ രാധാകൃഷ്ണന്‍, സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, മനോജ് ചരളേല്‍, പി എം തങ്കപ്പന്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ, എ ഡി ജി പി. എസ് ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇനി മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്. അതേസമയം മണ്ഡലപൂജ ദിവസമായ 26 ന് അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് 33751 ഭക്തർ എത്തിയതായി സന്നിധാനം നോഡൽ ഓഫീസർ അറിയിച്ചു. മണ്ഡലപൂജ ദർശിക്കാനും പതിവിലും കൂടിയ തിരക്കായിരുന്നു ഇന്ന്. പതിനായിരങ്ങളാണ് ഉച്ച പൂജ സമയത്ത് അയ്യപ്പദർശനത്തിനായി വരിയിൽ കാത്തു നിന്നത്.

Related Articles

Latest Articles