പോത്തൻകോട്: തലസ്ഥാന നഗരിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് പോലീസുകാരൻ മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നു പരാതി. പോത്തന്‍കോട് കരൂരിലാണ് സംഭവം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തന്‍കോട് സി.ഐയുടെയും പേരു പറഞ്ഞാണ് പൊലീസുകാരന്‍ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അഞ്ചു കിലോ മാങ്ങ വാങ്ങിയ ശേഷം പോലീസുകാരൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറും പോത്തന്‍കോട് സി.ഐയും ഗൂഗിള്‍ പേ വഴി പണം നൽകുമെന്ന് പറയുകയായിരുന്നു. പോത്തന്‍കോട് സി.ഐയും എസ്.ഐയും ഇടയ്ക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാറുള്ളതിനാല്‍ കടയുടമയ്ക്കു ആദ്യം സംശയം തോന്നിയില്ല. എന്നാൽ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം അക്കൗണ്ടില്‍ എത്താത്തതിനെ തുടർന്നാണ് പോത്തന്‍കോട് സി.ഐയോട് കടയുടമ കാര്യങ്ങൾ പറയുന്നത്.
തുടർന്ന് പോലീസുകാരനെ തിരിച്ചറിയുന്നതിനായി പോത്തന്‍കോട് സി.ഐ ഡ്യൂട്ടിയുടെ ഭാഗമായി ഓരോ പൊലീസുകാരെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിയുകയും വിവരം രഹസ്യമായി തന്നെ സി.ഐയെ അറിയിക്കുകയും ചെയ്തു. സംഭവത്തെപറ്റി വിശദമായി അന്വേഷിച്ചു സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം.

