Monday, May 13, 2024
spot_img

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന് നാളെ തിരിതെളിയും; തത്സമയക്കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള : മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രം ആറന്മുള പാർഥസാരഥിക്ഷേത്രത്തിൽ നാളെ തുടക്കമാകും. നാളെ ആരംഭിക്കുന്ന സത്രം 17-ന് സമാപിക്കും. മുംബൈ ചന്ദ്രശേഖരശർമയാണ് സത്രാചാര്യൻ. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്ന് ഖ്യാതികേട്ട തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായാണ് പാണ്ഡവീയ സത്രം നടത്തപ്പെടുന്നത്.

മെയ് 10 ന് രാവിലെ 5ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും തുടർന്ന് 9 മുതൽ വൈഷ്ണ തിരുപ്പതി സങ്കല്പത്തിൽ 108 കുട്ടികളുടെ സമ്പൂർണ്ണ ഭഗവത് ഗീതാ പാരായണവും നടക്കും. തുടർന്ന് വൈകുന്നേരം 4ന് അഞ്ചുക്ഷേത്രങ്ങളിലെ ബിംബങ്ങൾ വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ ഒത്തുചേർന്ന് ആറന്മുളയ്ക്ക് മഹാഘോഷയാത്രയായി പുറപ്പെടുകയും ആറന്മുള കടകൽ ദേവീ ക്ഷേത്ര സന്നിധിയിൽ നിന്ന് താലപ്പൊലി, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ആറന്മുള ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുകയും ചെയ്യും.തുടർന്ന് 108 വൈഷ്ണവ തിരുപ്പതികളുടെ ചിത്ര പ്രദർശനം ദേവയജനം ആരംഭിക്കും.

11 ന് രാവിലെ മൂവായിമണിക്ക് ഉദ്ഘാടന സഭയും നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരത് സുരേഷ് ഗോപി ഉദ്ഘാടന കർമ്മം നിർവഹിക്കും. മുൻ മിസോറാം. ഗവർണർ കുമ്മനം രാജശേഖരൻ ആദരവ് സമർപ്പിക്കും. ബ്രഹ്മശ്രീ മുംബൈ ചന്ദ്രശേഖര ശർമ്മ സത്രാചാര്യൻ ആകുന്ന സത്രവേദിയിൽ വൈകുന്നേരം 7 ന് പഞ്ചദ്രവ്യ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും അഞ്ച് ക്ഷേത്രങ്ങളിലെ തന്ത്രികൾ നിർവഹിക്കും.

എല്ലാ ദിവസവും വിശേഷാൽ പൂജകൾ, മഹാഭാരത പാരായണം, പ്രഭാഷണങ്ങൾ, കലാപരിപാടികൾ, മൂന്ന് നേരം അന്നദാനം എന്നിവ നടക്കും.

12 ന് രാവിലെ 10 മണിയ്ക്ക് ശ്രീമദ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, 11.30 ന് ആചാര്യ കെ ആർ മനോജ്, 2 ന് പ്രൊഫ. പി ആർ ലളിതമ്മ, 3.30 ന് ഡോ. സിറിയക് തോമസ്, 7 ന് പ്രസന്നൻ മാസ്റ്റർ തുടങ്ങിയവർ മഹാഭാരതം അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും. വൈകുന്നേരം 8.15 ന് പ്രഹ്ളാദ ചരിതം കഥകളിയും വേദിയിൽ അരങ്ങേറും.

13 ന് രാവിലെ 10 മണിയ്ക്ക് ഡോ. വി പി വിജയമോഹൻ, 11.30 ന് മുഖത്തല ശ്രീകുമാർ, 2 ന് എം എ കബീർ 3.30 ന് പ്രൊഫ. സരിത അയ്യർ, 7 ന് ഡോ. കെ എസ് രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം 8ന് പ്രശസ്ത നർത്തകി ഗീതാ പത്മകുമാറും രചനാ നാരായണൻ കുട്ടിയും അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ പാരിജാതം കുച്ചിപ്പുടി വേദിയിൽ അരങ്ങേറും.

14 ന് രാവിലെ 10 ന് കാനപ്രം ഈശ്വരൻ നമ്പൂതിരി, 11.30 ന് പ്രൊഫ. പൂജപ്പുര കൃഷ്ണൻ നായർ, 3 ന് കൈതപ്രം വാസുദേവൻ നമ്പൂതിരി, 7 ന് ജെ നന്ദകുമാർ എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം 4ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സാംസ്ക്കാരിക സമ്മേളനത്തിന് തിരി തെളിയിക്കും. തുടർന്ന് 6ന് തിരുവാറന്മുള ക്ഷേത്ര കടവിൽ നമാമി പമ്പ പമ്പാ ആരതിയും, രാത്രി 8ന് കുത്തിയോട്ട പാട്ടും ചുവടും ഉണ്ടായിരിക്കും.

15 ന് രാവിലെ 10 ന് വത്സൻ തില്ലങ്കേരി, 11.30 ന് ഡോ. ഇന്ദുലേഖ നായർ, 3.30 ന് കാ. ഭാ. സുരേന്ദ്രൻ, വൈകിട്ട് 7 ന് ഡോ. എം ജി ശശിഭൂഷൺ എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം 8 ന് വിഷ്ണു ദേവ് നമ്പൂതിരി & പാർട്ടിയുടെ സംഗീത സദസ്സ് നടക്കും.

16 ന് രാവിലെ 10 ന് ആയേടം കേശവൻ നമ്പൂതിരി, 11.30 ന് പ്രൊഫ. സജിത്ത് ഏവൂരേത്ത്, 3 ന് പ്രൊഫ. റ്റി ഗീത, 6.45 ന് അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വൈകുന്നേരം 8 ന് ഗരുഡവാഹനം, തുടർന്ന് പ്രശസ്ത ചലച്ചിത്ര സംഗീതജ്ഞൻ ടി എസ് രാധാകൃഷ്ണൻ നയിക്കുന്ന ഭക്തി ഗാനമേളയും വേദിയിൽ നടക്കും.

സത്രത്തിൻ്റെ സമാപന ദിവസമായ മെയ് 17ന് രാവിലെ 10 ന് പൃഥഗാത്മതാ പൂജ സമർപ്പണവും സർവ്വൈശ്വര്യ പൂജയം. ഉച്ചയ്ക്ക് 2 മണിയ്ക്ക് സത്ര സമാപന സഭ കേരള ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.കേരള ഹൈക്കോടതി ജഡ്ജ് അഡ്വ. എൻ നഗരേഷ് മുഖ്യ അതിഥിയാകും. പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. 4ന് വൈക്കം ഷാജി & പാർട്ടിയുടെ നാദസ്വര കച്ചേരി നടക്കും . വൈകുന്നേരം 6 ന് നടക്കുന്ന കൂടി പിരിയലോട് കൂടി സത്രത്തിന്റെ ചടങ്ങുകൾ സമാപിക്കും.

പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി പ്രേക്ഷകരുടെ വിരൽത്തുമ്പിലെത്തിക്കും. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://bit.ly/3Gnvbys

Related Articles

Latest Articles