മണ്ണാറശ്ശാലയിലെ തുലാംമാസ ആയില്യ പൂജയായ മണ്ണാറശ്ശാല ആയില്യം ഇന്ന്. സൂര്യരശ്മികൾക്ക് പോലും ഊർന്നിറങ്ങാൻ കഴിയാത്തത്തവിധം വൃക്ഷനിബിഡമായ മണ്ണാറശ്ശാലക്കാവിൽ മണിക്കൂറുകൾ നീളുന്ന വിശേഷാൽ ചടങ്ങുകൾക്ക് തുടക്കമായി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മണ്ണാറശ്ശാല ആയില്യം ഭക്തി സാന്ദ്രമായി കൊണ്ടാടുന്നു. ഐതിഹ്യങ്ങളോടൊപ്പം വിശ്വാസവും ചരിത്രവും ഇഴചേർന്ന് കിടക്കുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. നാഗദൈവ വിശ്വാസികളുടെയും നാഗത്താന്‍മാരുടെയും സങ്കേതമാണ് മണ്ണാറശ്ശാല ക്ഷേത്രം. പുണ്യപുരാധാനമായ ഈ ക്ഷേത്രം പരശുരാമ നിർമിതമാണെന്നാണ് വിശ്വാസം.
മക്കളില്ലാതെ വിഷമിച്ചിരുന്ന മണ്ണാറശ്ശാല ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സര്‍പ്പരാജാവിനെ പൂജിച്ചിരുന്നു.അങ്ങനെ അവര്‍ക്ക് മുന്നില്‍ മകനായി നാഗരാജാവായ അനന്തന്‍ സ്വയം അവതരിച്ചു എന്നാണ് ഐതിഹ്യം. ഇല്ലത്തെ നിലവറയില്‍ നാഗരാജാവ് ചിരംജീവിയായി വാഴുന്നുവെന്നാണ് വിശ്വസിക്കുന്നത്.
ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്.
അനന്തനെന്നും വാസുകിയെന്നും അറിയപ്പെടുന്ന നാഗരാജാക്കന്‍മാര്‍ക്കുള്ള ക്ഷേത്രമാണിത്. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഇവിടത്തെ തുലാംമാസ ആയില്യനാളിലെ പൂജകൾ മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ പ്രസിദ്ധമാണ്.
ആയില്യത്തിന് 15 മണിക്കൂര്‍ നീളുന്ന ചടങ്ങുകളാണുള്ളത്. ഇതിനെല്ലാത്തിനും മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് മണ്ണാറശ്ശാല വലിയമ്മയാണ്. കുംഭമാസത്തിലെ ആയില്യവും ഇവിടെ പ്രാധാന്യമുള്ള ദിവസമാണ്. മണ്ണാറശ്ശാലയിലെ നാഗരാജാവിന്റെ പിറന്നാള്‍ ദിവസമായി ആഘോഷിക്കുന്ന അന്ന് വലിയമ്മ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിച്ച് തെക്കേ തളത്തിലിരുത്തി നൂറും പാലും കുരുതിയും നടത്തുക പതിവാണ്.
ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്.
മണ്ണാറശ്ശാല ഇല്ലത്തില്‍ വധുവായെത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് മണ്ണാറശ്ശാല അമ്മയായി അവരോധിക്കപ്പെടുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഇവര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണ്.
മണ്ണാറശ്ശാല ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് ഉരുളി കമഴ്ത്തല്‍.
സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കുന്ന ഉരുളി അമ്മ നിലവറയില്‍ കമിഴ്ത്തി വയ്ക്കും. പിന്നീട് സന്താാനത്തോടു കൂടി വന്ന് വഴിപാടുകള്‍ നടത്തി ഉരുളി നിവര്‍ത്തിപ്പിക്കുകയും ചെയ്യുമ്പോഴാണ് വഴിപാട് പൂര്‍ത്തിയാവുക.

