മാവോയിസ്റ്റുകളുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഛത്തീസ്ഗഡ് സർക്കാർ. സുക്മ, ബിജാപൂർ, ദന്തേവാഡ, ബസ്തർ, കൻകാർ, നാരായൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള 43 ബിജെപി നേതാക്കൾക്കാണ് ഭീഷണിയുടെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുന്നത്. വൈ, വൈപ്ലസ്, എക്‌സ് കാറ്റഗറി സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ അടുത്തിടെ നിരവധി നേതാക്കളാണ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് നേതാക്കളെയാണ് മാവോയിസ്റ്റുകൾ വധിച്ചത്.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബിജെപി ബിജാപൂർ ജില്ലാ അദ്ധ്യക്ഷൻ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാർ സുരക്ഷ ഉറപ്പാക്കാൻ തീരുമാനിച്ചത്. മാവോയിസ്റ്റ് ആക്രമണങ്ങൾ ചെറുക്കാൻ സാദ്ധ്യമായത് എല്ലാം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. സുക്മ, ബിജാപൂർ ബിജെപി ജില്ലാ അദ്ധ്യക്ഷന്മാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷയും പ്രാദേശിക നേതാക്കൾക്ക് എക്‌സ് കാറ്റഗറി സുരക്ഷയുമാണ് നൽകുക.

