Monday, May 20, 2024
spot_img

മരടിൽ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്ത 140 അപ്പാർട്ടുമെന്‍റുകൾ; വിൽക്കാതെ ബിൽഡർമാരുടെ കൈവശം വെക്കുന്നതും ഉടമസ്ഥർ ആരെന്ന് അറിയാത്തതുമായി ഫ്‌ളാറ്റുകൾക്ക് നഷ്ടപരിഹാരം നൽകിയേക്കില്ല; ബിൽഡർമാരുടെ ഓഫീസുകളിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച് സംഘം

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ ഒരുങ്ങുന്ന ഫ്‌ളാറ്റുകളിൽ ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാതെ 140 അപ്പാർട്‌മെന്റുകൾ. ബിനാമി പേരിൽ രാഷ്ട്രീയക്കാർ അടക്കമുള്ളവർ കൈവശം വെക്കുന്ന അപ്പാർട്ടുമെന്റുകൾക്ക് പുറമേ വിൽക്കാതെ ബിൽഡർമാരുടെ കൈവശമുള്ളവ ഉൾപ്പെടെയുള്ള ഫ്‌ളാറ്റുകളുടെ എണ്ണമാണ ഇത്രയും. പൊളിക്കാൻ ഒരുങ്ങുന്ന നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാർട്‌മെന്റുകളാണ് ആകെയുള്ളത്. ഇതിൽ തന്നെ പലതിലും സ്റ്റാംപ് ഡ്യൂട്ടി വെട്ടിക്കാനായി യഥാർത്ഥ വിലയേക്കാൾ കുറിച്ചാണ് കാണിച്ചിരിക്കുന്നത്. ഇവർക്കെല്ലാം നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ വരുമ്പോൾ പ്രശ്‌നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്.

ശരിയായ രേഖകൾ ഇല്ലാത്ത ഉടമകൾക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനു നിയമ തടസ്സമുണ്ടാകും. ഫ്‌ളാറ്റ് ഉടമകൾക്കു നൽകുന്ന നഷ്ടപരിഹാരത്തിനു രേഖകളുടെ സാധുത പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുക ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയാകും എന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഫോർട്ട്‌കൊച്ചി സബ് കലക്ടർ സ്‌നേഹിൽ കുമാർ സിങ് പറഞ്ഞു. നഷ്ടപരിഹാരത്തിനു ഫ്‌ളാറ്റ് ഉടമകൾ മരട് നഗരസഭാ ഓഫിസിൽ അപേക്ഷ സമർപ്പിക്കുന്നുണ്ട്. ഉടമസ്ഥാവകാശ രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷയാണു നൽകുന്നത്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുള്ളവരുടെ പട്ടിക മരട് നഗരസഭ സംസ്ഥാന സർക്കാരിനു കൈമാറും. ഫ്‌ളാറ്റ് ഉടമകൾക്കു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ 4 ആഴ്ചയ്ക്കുള്ളിൽ നൽകാനാണ് സുപ്രീം കോടതി കഴിഞ്ഞ 27ന് ഉത്തരവിട്ടത്.

ഫ്‌ളാറ്റ് പൊളിക്കൽ സംബന്ധിച്ച സാങ്കേതിക സമിതി റിപ്പോർട്ട് നാളെ സംസ്ഥാന സർക്കാരിനു കൈമാറും. കെഎംആർഎൽ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് ഓർഗനൈസേഷൻ (പെസോ), മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരിൽ നിന്നുള്ള വിദഗ്ദ്ധർ ഉൾപ്പെട്ടതാണ് സമിതി. ഫ്‌ളാറ്റുകൾ പൊളിക്കാൻ താൽപര്യപത്രം നൽകിയ 6 കമ്പനികളുടെ പ്രതിനിധികളുമായി സബ് കലക്ടറും സമിതി അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പൊളിക്കുന്ന രീതി, സാങ്കേതികവിദ്യ, അനുഭവ സമ്പത്ത് തുടങ്ങിയവ വിലയിരുത്താനായിരുന്നു ഇത്. ഒൻപതിനു മുൻപു കമ്പനികൾക്കു സെലക്ഷൻ നോട്ടിസ് നൽകുമെന്നും 11നു സ്ഥലം കമ്പനികൾക്കു കൈമാറുമെന്നും സബ് കലക്ടർ പറഞ്ഞു. താമസക്കാരുടെ സാധനങ്ങൾ നീക്കം ചെയ്യുന്നത് ഇന്നലെയും തുടർന്നു. ഫ്‌ളാറ്റുകളിൽ ആരും താമസമില്ല.

Related Articles

Latest Articles