Tuesday, December 23, 2025

മരടിലെ ഫ്ളാറ്റ് ഉടമകളെ ഒഴിപ്പിക്കാന്‍ ശേഷിക്കുന്നത് രണ്ട് ദിവസം, സമയം നീട്ടി ചോദിച്ച് ഫ്ളാറ്റുടമകള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും സര്‍ക്കാരിനും മുന്നില്‍ ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രമാണെന്നിരിക്കെ, വീണ്ടും ആശയക്കുഴപ്പം. നഗരസഭ വാടകയ്ക്ക് താമസിക്കാന്‍ എടുത്ത് നല്‍കിയ ഫ്‌ലാറ്റുകളില്‍ പലതും ഒഴിവില്ലെന്നും, ഒഴിഞ്ഞുപോകാന്‍ ഇനിയും സമയം വേണമെന്നും ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.

മാത്രമല്ല, ലോണെടുത്താണ് പല ഫ്‌ളാറ്റുകളും വാങ്ങിയതെന്നും, വാടകയും ലോണ്‍ തിരിച്ചടവും കൂടി അടയ്ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്‌ലാറ്റുടമകള്‍ പറയുന്നു. വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഒഴിഞ്ഞുപോയിട്ടുള്ളതെന്നാണ് മറ്റൊരു വിഭാഗം ഫ്‌ളാറ്റുടമകള്‍ പറയുന്നത്.

അതേസമയം, ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങിക്കഴിഞ്ഞു. മരട് നഗരസഭയിലെത്തി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുകയാണ് ക്രൈംബ്രാഞ്ച്. ഫയലുകളെല്ലാം ഇന്ന് തന്നെ പരിശോധിക്കാനാണ് തീരുമാനം.

എന്നാല്‍, ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. എല്ലാവരെയും ഒഴിപ്പിച്ച ശേഷം നഷ്ടപരിഹാരം പെട്ടെന്ന് തന്നെ കൈമാറി ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ക്കുള്ള കര്‍മ്മപദ്ധതി തയ്യാറാണ്.

Related Articles

Latest Articles