Monday, December 22, 2025

ധീരസൈനികന് വിടചൊല്ലി നാട്; ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: അതിർത്തിയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വഹിച്ച സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

ജില്ലാ കളക്ടർ ഉൾപ്പെടെ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടന്നത്. വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു. കെ. മുരളീധരന്‍ എം പി, കാനത്തില്‍ ജമീല എംഎല്‍എ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ സുന്ദർ ബനിയിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന, അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി എന്നിവർ മക്കളാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles