Friday, May 3, 2024
spot_img

മൽസ്യഫെഡിലും പിൻവാതിൽ നിയമനം അനധികൃതമായി ജോലി നേടിയത് 350 പേർ | MATSYAFED

ഒന്നാം പിണറായി സര്‍ക്കാറിനെ ഏറെ വിവാദത്തിലാക്കിയത്പിന്‍വാതില്‍ നിയമനങ്ങളായിരുന്നു.
പിഎസ് സി എന്ന സംവിധാനത്തെ നോക്കുകുത്തിയാക്കി കൊണ്ടായിരുന്നു ഈ പിന്‍വാതില്‍ നിയമനങ്ങള്‍. ഇതില്‍ യുവാക്കള്‍ക്ക് വലിയ എതിര്‍പ്പും ഉണ്ടായി. എന്നിട്ടും ഇഷ്ടക്കാരെ നിയമിക്കാനുള്ള ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങളുടെ മറ്റൊരു വിവരം കൂടി പുറത്തുവന്നു.

പിഎസ്‌സി വഴി സര്‍ക്കാര്‍ ജോലിക്കായി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തവേ, പിണറായി സര്‍ക്കാരിന്റെ കാലത്തു കരാര്‍ ദിവസക്കൂലി നിയമനം എന്ന പേരില്‍ മത്സ്യഫെഡില്‍ പിന്‍വാതില്‍ നിയമനം നേടിയത് 350 ഓളം പേരാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. രാഷ്ട്രീയം നോക്കി നടത്തിയ നിയമനം ആയിരുന്നു ഇതെന്നുമാണ് വാര്‍ത്ത. നിയമനം നേടിയവരില്‍ ഏറെയും സിപിഎം അനുഭാവികളോ നേതാക്കളുടെ നോമിനികളോ വകുപ്പു നിയന്ത്രിച്ചവര്‍ ശുപാര്‍ശ ചെയ്തവരോ ആണ്. പ്രമുഖ നേതാക്കളുടെ ബന്ധുക്കളെ വരെ നിയമിച്ചതായാണു വിവരം. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 ഓഗസ്റ്റ് 15 മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് 15 വരെ 31 തസ്തികകളിലായി 342 പേര്‍ നിയമനം നേടിയെന്നു വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നതായി മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം അറുപത്തിരണ്ടായിരത്തിലേറെ രൂപ പ്രതിമാസ ശമ്ബളമുള്ള ഡവലപ്‌മെന്റ് ഓഫിസര്‍ മുതല്‍ 660 രൂപ ദിവസക്കൂലിയുള്ള ഫിഷ് കട്ടര്‍ (മീന്‍ വെട്ടുകാര്‍) തസ്തികയിലേക്കു വരെ നിയമനം നടന്നവെന്നാണ് റിപ്പോര്‍ട്ട്. അഡ്‌മിനിസ്‌ട്രേറ്റര്‍, പ്രോജക്‌ട് ഓഫിസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, മാനേജ്‌മെന്റ് ട്രെയിനി, അക്കൗണ്ട്‌സ് ഓഫിസര്‍, ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, സ്റ്റോര്‍ കീപ്പര്‍, സ്റ്റോര്‍ അസിസ്റ്റന്റ്, കമ്യൂണിറ്റി മോട്ടിവേറ്റര്‍, ഓപ്പറേറ്റര്‍, ഓവര്‍സീയര്‍, ഡെലിവറി ബോയ്, സെയില്‍സ്മാന്‍, സെയില്‍സ് അസിസ്റ്റന്റ്, അന്തിപ്പച്ച ജീവനക്കാര്‍, ലോക്കല്‍ അഡ്‌മിന്‍, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്, ഡിടിപി ഓപ്പറേറ്റര്‍, ഡ്രൈവര്‍, സെക്യൂരിറ്റി, സ്വീപ്പര്‍ തുടങ്ങിയ തസ്തികകളിലേക്കാണു കരാര്‍ അടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും നിയമനം നടന്നത്.

ഏറ്റവും കൂടുതല്‍ നിയമനം നടത്തിയത് തിരുവനന്തപുരത്തെ നെറ്റ് ഫാക്ടറിയിലേക്കാണ്. ഇവിടെ വിവിധ തസ്തികകളില്‍ ദിവസക്കൂലിക്കാരായി മാത്രം 47 പേരെ നിയമിച്ചു. കൊല്ലം ജില്ലാ ഓഫിസ്, കൊല്ലം ശക്തികുളങ്ങരയിലെ കോമണ്‍ പ്രീ പ്രോസസിങ് സെന്റര്‍, തിരുവനന്തപുരം ഫ്രഷ് മീന്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് 32 പേരെ വീതവും നിയമിച്ചു. 7500, 10000, 18000, 22405, 24502, 25905 എന്നിങ്ങനെയാണു കരാര്‍ നിയമനം നേടിയവര്‍ക്കുള്ള ശമ്ബള നിരക്കുകള്‍. ഈ സര്‍ക്കാരിന്റെ കാലത്തു മത്സ്യഫെഡില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷവും 27 പേരെ ഓപ്പറേറ്റര്‍മാരായി നിയമിച്ചു. ഇതില്‍ കൂടുതല്‍ നിയമനം നടന്നതു കൊല്ലത്താണ്. മത്സ്യഫെഡില്‍ നിലവില്‍ ആകെയുള്ള 950 ഓളം ജീവനക്കാരില്‍ 158 പേര്‍ ഒഴിച്ചു ബാക്കിയെല്ലാം കരാര്‍ ദിവസക്കൂലി ജീവനക്കാരാണ്.

പിഎസ്‌സി വഴി നിയമനം വൈകുന്നുവെന്ന പേരിലാണു പിന്‍വാതില്‍ നിയമനം. എന്നാല്‍ മത്സ്യഫെഡ് ഉള്‍പ്പെടെയുള്ള അപ്പെക്‌സ് സൊസൈറ്റികളില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് 2020 ഫെബ്രുവരിയില്‍ 214 പേരടങ്ങുന്ന മെയിന്‍ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചെങ്കിലും മത്സ്യഫെഡിലേക്ക് ഒരാളെപ്പോലും നിയമിച്ചില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അക്കൗണ്ട്‌സ് ഓഫിസര്‍ തസ്തികയിലേക്കു കരാര്‍ നിയമനത്തിന് ഇപ്പോള്‍ നീക്കം നടക്കുകയും ചെയ്യുന്നു.

അതേസമയം, മത്സ്യഫെഡിന്റെ മീന്‍ വില്‍പനയുമായി ബന്ധപ്പെട്ടു ചില ജീവനക്കാര്‍ നടത്തിയ സാമ്ബത്തികത്തട്ടിപ്പ് സഹകരണവകുപ്പ് ഓഡിറ്റില്‍ പോലും കണ്ടെത്താനായില്ലെന്നും മത്സ്യഫെഡ് ചെയര്‍മാനും മറ്റ് അധികൃതരും സംശയത്തിന്റെ പേരില്‍ നടത്തിയ അന്വേഷണമാണു തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നും ആണ് മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍, ഭരണസമിതി അംഗം ജി.രാജാദാസ് എന്നിവരുടെ വിശദീകരണം. സഹകരണ വകുപ്പിനുണ്ടായ ഈ വീഴ്ച വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

Related Articles

Latest Articles