ബെംഗളൂരു : ക്യാപ്റ്റൻ കോഹ്‌ലി പൂജ്യത്തിന് പുറത്തായെങ്കിലും ഫാഫ് ഡുപ്ലെസിയും ഗ്ലെൻ മാക്‌സ്‌വെല്ലും തകർത്തടിച്ചതോടെ രാജസ്ഥാൻ റോയൽസിനെതിരെ 190 റൺസ് വിജയ ലക്ഷ്യമുയർത്തി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. ഡുപ്ലെസിയും മാക്‌സ്വെല്ലും അർധ സെഞ്ചുറിയുമായി തിളങ്ങി.
മാക്സ്‍വെൽ 44 പന്തിൽ 77 റൺസും ഫാഫ് ഡുപ്ലെസി 39 പന്തിൽ 62 റൺസും അതിവേഗത്തിൽ അടിച്ചെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്ലി ട്രെന്റ് ബോൾട്ടിന്റെ ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ആരാധകർ നിരാശയിലായെങ്കിലും ഡുപ്ലെസിയും മാക്‌സ്‍വെല്ലും ബാംഗ്ലൂരിന്റെ രക്ഷകരാവുകയായിരുന്നു. രണ്ടിന് 12 റൺസ് എന്ന നിലയിൽനിന്ന് മൂന്നാം വിക്കറ്റിൽ ഇവർ പടുത്തയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ബാംഗ്ലൂരിന്റെ നട്ടെല്ലായത്.
സ്കോർ 139ൽ നിൽക്കെ ഡുപ്ലെസിയെ യശസ്വി ജയ്സ്‌വാൾ റൺഔട്ടാക്കിയത് വഴിത്തിരിവായി. അധികം വൈകാതെ മാക്സ്‍വെല്ലിനെ അശ്വിൻ ജേസൺ ഹോൾഡറുടെ കൈകളിലെത്തിച്ചു. ഇതോടെ ആർസിബി യുടെ റൺറേറ്റ് താഴ്ന്നു. ആദ്യ 13.1 ഓവറിൽ 139 റൺസെടുത്ത ബാംഗ്ലൂർ പിന്നീടുള്ള 41 പന്തുകളിൽ 50 റൺസാണ് ആകെ നേടിയത്. ഏഴു വിക്കറ്റുകളും നഷ്ടമായി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ടും സന്ദീപ് ശർമയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ചെഹലും ഓരോ വിക്കറ്റും വീഴ്ത്തി. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ 13 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എടുത്തിട്ടുണ്ട്.]

