തിരുവനന്തപുരം: പിണറായി മന്ത്രിസഭയുടെ ആദ്യ അഴിച്ചുപണിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടി സംസ്ഥാന സെക്രട്ടറിയായി മാറിയ എം വി ഗോവിന്ദൻ സ്വാഭാവികമായും രാജിവക്കുമ്പോൾ പകരക്കാരനായി എം ബി രാജേഷ് മന്ത്രി സഭയിലേക്കെത്തും. സ്പീക്കറായി തലശ്ശേരി എം എൽ എ ആയ എ എൻ ഷംസീറിനെയും നാമനിർദ്ദേശം ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ പുതുമുഖങ്ങൾക്ക് മുൻഗണന നൽകുകയായിരുന്നു പാർട്ടി. പക്ഷെ മന്ത്രിസഭാ പുനഃസംഘടനാ വിഷയത്തിൽ പുതുമുഖങ്ങളെ പാർട്ടി പരിഗണിക്കുന്നില്ല.
വകുപ്പുകൾ സംബന്ധിച്ച തീരുമാനമായിട്ടില്ല. എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ ലഭിക്കാനാണ് സാധ്യത. നേരത്തെ മന്ത്രി സ്ഥാനത്തേക്ക് എ എൻ ഷംസീറിന്റെ പേരും പരിഗണിച്ചിരുന്നതാണ്. കെ കെ ശൈലജ അടക്കമുള്ളവരെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണം എന്നൊരു വാദമുണ്ടായിരുന്നു. പക്ഷെ പാർട്ടി അത് പരിഗണിച്ചിട്ടില്ല. ലഭിച്ച സ്പീക്കർ സ്ഥാനത്തിൽ എം ബി രാജേഷ് തൃപ്തനായിരുന്നില്ല എന്ന റിപ്പോർട്ടുകൾ ആദ്യ ഘട്ടത്തിൽ വന്നിരുന്നു. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ തൽക്കാലം മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ

