Saturday, May 18, 2024
spot_img

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ; സംസ്ഥാനം വിട്ട് പോകരുതെന്നും പാലക്കാട് ജില്ലയിൽ 6 മാസത്തേക്ക് പ്രവേശിക്കരുതെന്നും ഉത്തരവ്

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. സംസ്ഥാനം വിട്ട് പോകരുതെന്നും പാലക്കാട് ജില്ലയിൽ ആറു മാസത്തേക്ക് പ്രവേശിക്കരുതെന്നുമാണ് ജാമ്യവ്യവസ്ഥ. ഒന്നിടവിട്ട ശനിയാഴ്ചകളിൽ തിരുവനന്തപുരം സിബിഐ ഓഫീസിൽ പ്രതികള്‍ ഹാജരാകണം. പ്രതികൾ ഓരോ ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം. പ്രതികൾ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ മാസത്തിലൊരിക്കൽ ഹാജരായി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ്പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. സിബിഐ കുറ്റപത്രത്തിലും കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.

Related Articles

Latest Articles