പാലക്കാട്: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ അനുസ്മരിച്ച് സി.പി.എം നേതാവ് എംബി രാജേഷിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. യു.പി.എ ഭരണകാലത്ത് അപകട ഇന്‍ഷ്വറന്‍സ് പരമാവധി 10 ലക്ഷമായി പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനെ എതിര്‍ക്കാനുള്ള തീരുമാനത്തില്‍ സുഷമയുടെ പിന്തുണയെക്കുറിച്ച് എംബി രാജേഷ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നു.
തന്‍റെ ഭേദഗതിയെ പിന്തുണക്കാമെന്ന ഉറപ്പ് സുഷമ നല്‍കിയതും അദ്ദേഹം ഓര്‍ക്കുന്നു. ആ പിന്തുണക്ക് സുഷമാ സ്വരാജിനെ കണ്ട് നന്ദി പറഞ്ഞപ്പോള്‍ വാത്സല്യത്തോടെ പുറത്തു തട്ടി അഭിനന്ദിച്ചു. പൊതു താല്‍പ്പര്യമുള്ള ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്ന് പറഞ്ഞുവെന്നും എം ബി രാജേഷ് പറയുന്നു.
കാര്യക്ഷമതയും മനുഷ്യപ്പറ്റുമുള്ള മന്ത്രിയായിരുന്നു അവര്‍. എം പി എന്ന നിലയില്‍ ഉന്നയിച്ച ആവശ്യങ്ങളോട് വേഗത്തിലും അനുഭാവത്തോടെയും പ്രതികരിച്ചു. സൗമ്യവും മാന്യവുമായ പെരുമാറ്റം അവരെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി. വിദ്വേഷത്തിന്‍റെയും പകയുടെയും ഭാഷ അവര്‍ ഒരിക്കലും ഉപയോഗിച്ചു കേട്ടിട്ടില്ല. പലപ്പോഴും സ്വന്തം അനുയായികള്‍ അവരെ അധിക്ഷേപങ്ങളാല്‍ വേട്ടയാടി. എന്നിട്ടും അവര്‍ തന്‍റെ പക്വമായ ശൈലി കൈവിട്ടില്ലെന്നും എം ബി രാജേഷ് പറയുന്നു.

