പാലക്കാട് : പിണറായി വിജയൻ സർക്കാർ ഏറെ കൊട്ടിയാഘോഷിച്ച കെ-റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. താൻ നൽകിയ ബദല്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബോധ്യമായിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തതാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. പക്ഷേ അതിന് ബദല്‍ പ്രൊപ്പോസല്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. അത് കേരള സര്‍ക്കാരിന് ഇഷ്ടമായി. മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. അദ്ദേഹത്തിന് അത് ബോധ്യമായി. അത് നടത്താനുള്ള ആലോചനയാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കെ റെയിലിനേക്കാള്‍ വലിയ ഉപകാരപ്രദമായ ഒന്നാണ് താന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍. കൂടാതെ ഇത് നാട്ടുകാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടും ഉണ്ടാക്കില്ല. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ടല്ല അത്. കേന്ദ്ര സര്‍ക്കാര്‍ പ്രോജക്ട് ആയിട്ടാണ് അത് വരിക. അതേസമയം സംസ്ഥാന സര്‍ക്കാരിന് അതില്‍ 49 ശതമാനം പങ്കും ഉണ്ട്.
കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കില്ല. അത് മാറ്റിവെച്ചിട്ട് വേണം പുതിയ പദ്ധതി അവതരിപ്പിക്കാന്‍. പാരിസ്ഥിതക ആഘാതം, ഭൂമിയേറ്റെടുക്കല്‍ എല്ലാം കുറഞ്ഞ പദ്ധതിയാണ് ബദല്‍ പ്രൊപ്പോസല്‍. അണ്ടര്‍ഗ്രൗണ്ടും എലിവേറ്റഡുമായ പാതയാണ് ഇതില്‍ കൂടുതലും വരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഒരു ഡീറ്റേയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഡിഎംആര്‍സിയെ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം അതുപോലൊരു പ്രോജക്ട് അവര്‍ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവരുടെ കൈയില്‍ എല്ലാ ഡാറ്റകളും ഉണ്ട്.
കെ റെയില്‍ ഞങ്ങള്‍ മാറ്റിവെച്ചു, പുതിയ പദ്ധതി എടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി ഒരു കത്തെഴുതണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. കത്തെഴുതിയിട്ട് ഞാന്‍ തന്നെ മന്ത്രിയെ കണ്ട് അനുമതി വാങ്ങിത്തരമാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ കത്ത് ഇതുവരെ പോയിട്ടില്ല’ ഇ. ശ്രീധരന്‍ പറഞ്ഞു.

