Monday, June 17, 2024
spot_img

ബൊളിവിയന്‍ പ്രസിഡന്റിന് രാഷ്ട്രീയ അഭയം നല്‍കി മെക്സിക്കോ

രാജിവെച്ച ബൊളിവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന് രാഷ്ട്രീയ അഭയം നല്‍കി മെക്സിക്കോ. മാനുഷിക പരിഗണനയും മൊറാലിസിന്റെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് രാഷ്ട്രീയ അഭയം നല്‍കിയതെന്ന് മെക്സിക്കോ.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെയായിരുന്നു മൊറാലിസിന്റെ രാജി. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് അന്താരാഷ്ട്ര ഓഡിറ്റിങ് നടത്തിയ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സും റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്ന് രാജ്യത്ത് സ്ഥിരതയും സമാധാനവും പുനസ്ഥാപിക്കുന്നതിനായി സ്ഥാനമൊഴിയണമെന്ന് ബൊളീവിയന്‍ സൈനിക മേധാവി വില്യംസ് കലിമാന്‍ ഞായറാഴ്ച മൊറാലസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ഗത്യന്തരമില്ലാതെ മൊറാലസ് രാജിക്ക് തയ്യാറാവുകയായിരുന്നു. മാനുഷിക പരിഗണ മാത്രം കണക്കാക്കിയാണ് മൊറാലിസിന് അഭയം നല്‍കുന്നതെന്ന് മെക്സിക്കോ വ്യക്തമാക്കി. മെക്സിക്കോയുടെ തീരുമാനത്തോട് മൊറാലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, തന്നെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കിയ കറുത്ത ശക്തികളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് മൊറാലിസ് അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. 14 വര്‍ഷത്തോളം ബൊളിവിയയില്‍ അധികാരത്തിലിരുന്ന ഇവോ മൊറാലസ് ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്‍മാരില്‍ ഒരാളാണ്.

Related Articles

Latest Articles