ദില്ലി: ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡറിൽ ഒരാളായ ഷേഖ് സജാദിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. ശ്രീനഗറിലെ മാദ്ധ്യമപ്രവർത്തകനായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷേഖ് സജാദ്. ഇയാളെ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് യുഎപിഎ നിയമപ്രകാരം ഭീകരനായി മുദ്രകുത്തിയത്. ജമ്മു കശ്മീരിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സജാദിനെ പരാമർശിച്ച് ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സജാദ് നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ പിന്തുണയ്‌ക്കുന്നതിനായി ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ഭീകരതയുടെ പാതയിലേക്ക് കൊണ്ടുവരികയും, പ്രചോദിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.കൂടാതെ തീവ്രവാദ ഫണ്ടിംഗ് കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. 2018ലാണ് ഷുജാത് ബുഖാരിയേയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ട് പോലീസുകാരേയും ഷേഖ് സജാദ് കൊലപ്പെടുത്തുന്നത്.
സജാദിന് പുറമെ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ ആഷിഖ് അഹമ്മദ് നെങ്ക്രുവിനേയും ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്ക് ആയുധങ്ങളെത്തിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ട്.

