Tuesday, December 23, 2025

നാണക്കേടായ ‘മൈക്ക്’ കേസ് അവസാനിപ്പിച്ചു ; സാങ്കേതിക പ്രശ്നമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകും; തുടർനടപടികൾ ഉണ്ടായേക്കില്ല

തിരുവനന്തപുരം : തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്കിൽ തടസ്സമുണ്ടായ സംഭവത്തിൽ പോലീസെടുത്ത കേസ് അവസാനിപ്പിച്ചു. മൈക്കിന്റെ സാങ്കേതിക പ്രശ്നമാണ് തടസ്സത്തിനു കാരണമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. കന്റോൺമെന്റ് പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. പൊതുസുരക്ഷയെ ബാധിക്കും വിധം ബോധപൂർവം പ്രവർത്തിക്കുന്നവർക്കെതിരെയുള്ള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പാണ് ചുമത്തിയിരുന്നത്.

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ 15 മിനിറ്റാണ് മൈക്കിൽ നിന്ന് മുഴക്കം കേട്ടത്.തൊട്ടടുത്ത ദിവസം ഉച്ചയോടെ കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൈക്ക് ഓപ്പറേറ്ററായ എസ്.രഞ്ജിത്തിൽ നിന്ന് മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ മൈക്ക് പരിശോധിച്ചു. സംഭവം മാദ്ധ്യമങ്ങൾ അറിഞ്ഞതോടെ വൻ പരിഹാസമാണ് ഉയർന്നത്. ഇതിനേത്തുടർന്ന് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കേബിൾ വലിഞ്ഞതു കൊണ്ടുണ്ടായ സ്വാഭാവിക മുഴക്കമെന്നായിരുന്നു ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്നലെ ഉച്ചയോടെ ഉപകരണങ്ങൾ മൈക്ക് സെറ്റ് ഓപ്പറേറ്റർക്ക് കൈമാറി.

സാങ്കേതിക തകരാറാണ് പ്രശ്നത്തിനിടയാക്കിയതെന്ന് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും. തുടർനടപടികൾ ഉണ്ടാകില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു . സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന യോഗങ്ങളിലെ മൈക്കും ഉപകരണങ്ങളും പൊലീസ് പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി പ്രത്യേകം മാനദണ്ഡം രൂപീകരിക്കും. മൈക്ക് പരിപാടിക്ക് മുൻപായി സൂക്ഷിക്കുന്നത് പൊലീസ് നിർദേശപ്രകാരമായിരിക്കും. ആളുകളുടെ തിരക്കിനിടയിൽ കേബിളിൽ തട്ടിയാണ് ശബ്ദം ഉണ്ടായതെന്ന് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles