Pin Point

മിലൻ കാ ഇതിഹാസ്, പരമ്പര – 09 | സവർക്കർ, ഒരു യാഥാർഥ്യ വായന

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം. മിലൻ കാ ഇതിഹാസിൻ്റെ 9ആം ഭാഗം പതിവ് തെറ്റിച്ച് ഒരു ദിവസം മുമ്പ് തന്നെ ബഹുമാനപ്പെട്ട വായനക്കാരിലേക്ക് എത്തുകയാണ്. അതിനൊരു കാരണമുണ്ട്. അത് ഈ ദിവസത്തിൻ്റെ പ്രത്യേകതയാണ്. സമകാലിക ഭാരതത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് ശ്രീ. വിനായക ദാമോദര സവർക്കർ. അദ്ദേഹത്തിൻ്റെ ചരമ ദിനമാണ് ഫെബ്രുവരി 26. അതിനാലാണ് ഈ ദിവസം സവർക്കറെപ്പറ്റി വിശദമായി പ്രദിപാദിയ്ക്കുന്ന ഒരു ലേഖനമാക്കിക്കളയാം എന്ന് കരുതിയത്. സവർക്കറുടെ ജീവിതത്തെ സമഗ്രമായി ഉൾകൊള്ളിയ്ക്കാനുള്ള ഒരു ശ്രമം ഇതിൽ നടത്തി എന്ന് തന്നെ ഞാൻ കരുതുന്നു. മാന്യരും പ്രബുദ്ധരുമായ വായനക്കാർക്ക് ഇത് എത്രകണ്ട് ഉൾക്കൊള്ളാൻ സാധിയ്ക്കുന്നു എന്നതിനനുസരിച്ചിരിയ്ക്കും ഇതിൻ്റെ സാംഗത്യം. ഇതൊരു ‘നീണ്ട’ ലേഖനമാണ് എന്ന് കരുതി മുഴുവൻ വായിക്കാതെ പോയാൽ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് മനസിലാക്കാൻ ആഗ്രഹിയ്ക്കുന്ന ആളുകൾക്ക് അതൊരു നഷ്ടം തന്നെയായിരിയ്ക്കും.


ഈ ലേഖനത്തിൽ പരമാവധി അടുക്കും ചിട്ടയും കാലഗണനയും കൃത്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ കാരണം ചരിത്രത്തിൻ്റെ കോണ്ടെക്സ്റ്റ് മനസ്സിലാക്കുവാൻ വേണ്ടിയാണ്. വളരെ പണ്ട് സംഭവിച്ചുപോയ ഒരു സംഗതിയെ ഇന്നത്തെ സാഹചര്യത്തിലിരുന്ന് വിലയിരുത്തുമ്പോൾ നിരവധി വിശകലന പിശകുകൾ സംഭവിയ്ക്കാം. ഒരു പ്രത്യേക അവസരത്തിൽ ഒരു വ്യക്തി പറഞ്ഞ കാര്യത്തെ സംബന്ധിച്ചുള്ള ടെക്സ്റ്റ്, അതിൻ്റെ കോൺടെക്സ്റ്റിൽ നിന്നും അടർത്തി മാറ്റി പൊലിപ്പിയ്ക്കുന്നതും ദുർവ്യഖ്യാനം ചെയ്യുന്നതും ഏതു സംഭവത്തിൻ്റെയും വിദൂരഭാവിയിൽ ആവർത്തിച്ചുകൊണ്ടിയ്ക്കുന്ന മനുഷ്യ സ്വഭാവമാണ്.


ഇതിന് പല കാരണങ്ങളുമുണ്ട്. രാഷ്ട്രീയവും മതപരവും സ്ഥാപിത താത്പര്യവും പകയും മറ്റും ഇത്തരം പിക് & ചൂസ് കലാപരിപാടികൾക്ക് പിൻവർത്തിയ്ക്കുന്നു. അന്യഥാ എന്തെങ്കിലുമുണ്ടെങ്കിൽ അത് അറിവുകേട്‌ മാത്രമാണ്. ഇതിനെ മറികടക്കാൻ യാഥാർഥ്യത്തെ വ്യക്തമായി മനസിലാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുകയെ നിവൃത്തിയുളളൂ. എന്തെന്നാൽ ഇത് ഒരിയ്ക്കലും ഒരു ശരിയായ പ്രവണതയല്ലല്ലോ. തെറ്റിദ്ധരിപ്പിയ്ക്കൽ എന്നതിനെ മറികടക്കാൻ ശരിയായി ധരിപ്പിയ്ക്കൽ മാത്രമേ ഉപാധിയായി ഉള്ളൂ.  


ഈ ലേഖനത്തിലെ പ്രദിപാദ്യങ്ങളെല്ലാം തന്നെ വ്യക്തമായ തീയതികളിൽ രേഖപ്പെടുത്തപ്പെട്ടവയായതിനാൽ വായനക്കാർ തീയതികളിൽ ശ്രദ്ധ വയ്ക്കാത്തപക്ഷം കാലഗണന മനസിലാകുന്നതിനും സംഭവങ്ങളുടെ ഗതി മനസിലാകുന്നതിനും ബുദ്ധിമുട്ട് നേരിടാം. അതിനാൽ ഡേറ്റുകൾ കൃത്യമായി ശ്രദ്ധിയ്ക്കുക. സവർക്കർ ജനിയ്ക്കുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിത്തന്നെ നമുക്ക് തുടങ്ങാം. അതിനാൽ സവർക്കർ മാത്രമല്ല മറ്റു പല കഥാപാത്രങ്ങളും ഇവിടെ സാന്ദർഭികമായി വന്നുപോകും. അതെല്ലാം ശ്രദ്ധയോടെ മനസിലാക്കണം. ലോപ സ്വഭാവമുള്ള ഒരു ആമുഖത്തോടെ നമുക്ക് ആരംഭിയ്ക്കാം.


സാംസ്കാരികമായി ഒന്നായിരുന്നെങ്കിലും രാഷ്ട്രീയമായി വിഭജിയ്ക്കപ്പെട്ട് വ്യത്യസ്ഥ ചെറു രാജ്യങ്ങളായി ചിന്നിച്ചിതറി കഴിഞ്ഞിരുന്ന ഗതകാല ഭാരതത്തിലെ രാജാക്കന്മാരിൽ ചിലരിലെങ്കിലും പൊതുവായി ഉണ്ടായിരുന്ന ഐക്യരൂപം കുടിപ്പകകളും ധൂർത്തുമായിരുന്നു. ഹിന്ദു അല്ലെങ്കിൽ സനാതന സംസ്കാരത്തിനെ മതമെന്ന പരിപ്രേക്ഷ്യത്തിൽ സംരക്ഷിയ്ക്കുന്നതിൽ ഈ രാജാക്കന്മാരെല്ലാം പരാജയമായിരുന്നു. ഇവിടെ ജീവിച്ചു പോന്നിരുന്ന മനുഷ്യരിലെ ജാതി വൈജാത്യങ്ങളെ മാനുഷിക പരിഗണന നൽകി പൊതു ധാരയിൽ എത്തിയ്ക്കുന്നതിൽ അവർ പൊതുവെ പരാജയമായിരുന്നു.


ഒരു സമൂഹത്തിലെ ജനങ്ങൾ സാമൂഹികമായും സാമ്പത്തികമായും മാനസികമായും വ്യത്യസ്ഥ തട്ടുകളായി തിരിഞ്ഞു കിടക്കുന്നതിനാൽ ദേശീയ ഐക്യം രാഷ്ട്രീയമായി രൂപപ്പെടുന്നതിന് അത് തടസമായിരുന്നു. അതിന് ഭാഷകളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. കാരണം ദേശീയ ഐക്യത്തിന് ജാതി എന്നുമൊരു ദുർഭൂതമായിരുന്നു. അന്നത്തെ രാജാക്കന്മാർക്ക് അതൊക്കെ മനസ്സിലാക്കാനുള്ള വിഗഹ വീക്ഷണമോ ബുദ്ധി സാമർഥ്യമോ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഉചിതം.


മാത്രമല്ല, മലയാള ഭാഷയിൽ ബ്രാഹ്മണ മേധാവിത്വം എന്ന് വിളിയ്ക്കപ്പെടുന്ന നമ്പൂതിരി ആധിപത്യം (മറ്റു ഭാഷകളിൽ എന്താണ് പറയുന്നതെന്ന് എനിയ്ക്കറിയില്ല. ഹൈന്ദവ പ്രാമാണിക ഗ്രന്ഥങ്ങളെ പ്രതിസ്ഥാനത്ത് നിറുത്തുവാൻ ഉദ്ദേശിച്ചു മാത്രമാണ് ബ്രാഹ്മണ മേധാവിത്വം എന്ന പദം ചിലർ ബോധപൂർവ്വം ഉപയോഗിയ്ക്കുന്നത്) അക്ഷരാർത്ഥത്തിൽ ഹിന്ദു മതത്തിനും അതിലൂടെ ഭാരതത്തിനും യാതൊരു ഗുണവുമുണ്ടാക്കിയില്ല. കൂടാതെ മതമെന്ന നിലയിലുള്ള ഹിന്ദുമതത്തിൻ്റെ അതിജീവനത്തിന് വിഘാതമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യുകയും ചെയ്തു.


ഇവർക്കിടയിലേക്കാണ് അധിനിവേശക്കാർ എത്തുന്നത്. യവന, ശക, ഹൂണ അധിനിവേശങ്ങൾക്ക് ശേഷം സർവ തല സ്പർശിയായ മുഗൾ അധിനിവേശം വന്നു. അതോടെ സാംസ്കാരികമായ തകർച്ചയുടെ ആരംഭം കുറിയ്ക്കപ്പെട്ടു. ജാതിപരമായ ഭിന്നിപ്പ് വളരെ ശക്തമായി മുതലെടുത്തുകൊണ്ട് ഇസ്ലാമിക അധിനിവേശം ഭാരതത്തെ വിഴുങ്ങാൻ തുടങ്ങി. ഈ സ്ഥിതി വിശേഷത്തിലേക്ക് white man’s Burdenഉമായി വെള്ളക്കാർ എത്തിച്ചേർന്നു. സായിപ്പന്മാർ ലോക രാജ്യങ്ങളിൽ അധിനിവേശം ചെയ്യാനുണ്ടായ അവരുടെ മനോഭാവത്തെയാണ് വെള്ളക്കാരുടെ ചുമതല (white man’s Burden) എന്ന് വിളിയ്ക്കുന്നത്. അതായത് ഭൂഗോളത്തിലെ കറുത്തവർഗ്ഗക്കാരുടെ മേൽ പാശ്ചാത്യ നാഗരികത അടിച്ചേൽപ്പിക്കുക (കോളനിവത്ക്കരണം) എന്നത് വെള്ളക്കാരുടെ ദൗത്യവും ഉത്തരവാദിത്തവുമാണെന്ന് വിശ്വസിക്കുന്ന മനോഭാവം.
അതുവരെ ഭാരത ജനത പരിചയിച്ചിട്ടില്ലാത്ത പല പ്രത്യേകതകളും ബ്രിട്ടീഷ് ഭരണത്തിന് ഉണ്ടായിരുന്നു. എല്ലാ ഘട്ടത്തിലും നല്ല അഡ്മിനിസ്ട്രേഷൻ നല്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നു. ദുഷ്ടന്മാരും വിഡ്ഢികളുമായിരുന്ന ഒരുപറ്റം രാജാക്കന്മാരുടെ കരാളഹസ്തത്തിൽ നിന്നും ഒരു പരിധിവരെ ജനകീയ സ്വാതന്ത്ര്യം നൽകിക്കൊണ്ട് എന്നാൽ സാമ്പത്തിക ചൂഷണം ത്വരിതപ്പെടുത്തിക്കൊണ്ട് ഭരിയ്ക്കാനുള്ള ശ്രമം ബ്രിട്ടീഷുകാർ നടത്തിയിരുന്നു എന്നത് വാസ്തവമാണ്. പൊതുവെ ചിന്തിച്ചാൽ സാമാന്യ ജനസമൂഹത്തിന് ആര് ഭരിച്ചാലെന്ത്..? തങ്ങളുടെ ജീവസന്ധാരണത്തിന് വിഘാതമുണ്ടാക്കാത്ത എന്തിനെയും അവർ എതിർക്കാതെയിരിയ്ക്കും. പ്രത്യേകിച്ച് ആ കാലഘട്ടത്തിൽ. അങ്ങനെ കേവലമായ ജനകീയ സഹകരണത്തിലൂടെ ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ കൊടികുത്തിവാണു.


1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച് 1858 ജൂൺ 20ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട അടിച്ചമർത്തിയ പട്ടാള വിപ്ലവം നടക്കുമ്പോൾ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരുന്ന സയ്ദ് അഹമ്മദ് ഖാൻ (അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകൻ) ഇംഗ്ലീഷുകാരോട് അകമഴിഞ്ഞ കൂറ് കാട്ടുകയും, വിപ്ലവം അടിച്ചമർത്താൻ അവരുടെ പക്ഷത്തു നിന്നു സജീവമായി പങ്കുകൊള്ളുകയും ചെയ്തു. ഇതിൽ പ്രീതിപ്പെട്ട ബ്രിട്ടീഷ് സർക്കാർ സയ്‌ദിന് പല ബഹുമതികളും നൽകി. സർ സ്ഥാനം മുതൽ ഭാരത നക്ഷത്രം എന്നർത്ഥം വരുന്ന സ്റ്റാർ ഓഫ് ഇന്ത്യ എന്ന ഉയർന്ന പദവി വരെ.
ഇംഗ്ലീഷുകാരെ ഇത്രയും അതിരുവിട്ട് സഹായിക്കാൻ സർ. സയ്ദ് അഹമ്മദ് ഖാന് തൻ്റെതായ ന്യായ വാദങ്ങളുണ്ടായിരുന്നു. സയ്‌ദിൻ്റെ പിതാവ് മുഗൾ കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. മുഗൾ കൊട്ടാരത്തിലെ പരാധീനതകൾ നേരിട്ടനുഭവിച്ച സയ്‌ദിന്  ഇനിയൊരിക്കലും മുഗൾ ഭരണം തിരിച്ചു വരില്ലെന്ന ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. അതിനാൽ ഇംഗ്ലീഷുകാരല്ലാതെ ആരാണിവിടെ ഭരിക്കാൻ യോഗ്യർ എന്ന വിലയിരുത്തലിലേക്ക് അയാൾ എത്തിച്ചേർന്നു.
ഇംഗ്ലീഷുകാരെ തളർത്തിയാൽ, പിന്നെ ഇവിടെ വരുന്നത് ഹൈന്ദവ ഭൂരിപക്ഷത്തിൻ്റെ ഭരണമാവുമെന്നും. തനിക്കും തൻ്റെ സമുദായത്തിനും അവരുടെ അടിമകളായി ജീവിക്കേണ്ടി വരുമെന്നും സയ്ദ് ഭയപ്പെട്ടു. അതുകൊണ്ട് ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ തുടർന്നു പോകാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സയ്‌ദ് നൽകി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും രണ്ടു തട്ടിലാക്കി വിഭജിച്ചു ഭരിക്കുന്ന രീതി ബ്രിട്ടീഷ്കാർക്ക് ഉപദേശിക്കുകയും, 1867ൽ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിക്കുകയും ചെയ്ത നേതാവാണ് സർ. സയ്യിദ് അഹമ്മദ് ഖാൻ.


പിൽക്കാലത്ത് (1873ൽ) പ്രസിദ്ധീകരിച്ച ‘The Causes of the Indian Revolt’ എന്ന തൻ്റെ ഗ്രന്ഥത്തിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിനെതിരായ ബ്രിട്ടീഷ് സൈനിക വിന്യാസത്തിൽ ബ്രിട്ടീഷ്കാർക്ക് പറ്റിയ പാളിച്ചകളെപ്പറ്റി സയ്‌ദ് അഹമ്മദ് ഖാൻ സവിസ്തരം പ്രതിപാദിച്ചു. “സർക്കാരിന് സേനാ വിഭാഗത്തിൽ എടുത്തു പറയത്തക്ക പാളിച്ചകൾ പറ്റിയിട്ടുണ്ട് എന്നു കാണാം. ഹൈന്ദവരേയും മുസ്ലിമുകളേയും വേറെവേറെ പാളയങ്ങളിൽ വിഭജിച്ചു നിർത്തേണ്ടതായിരുന്നു. സമൂഹത്തിൽ അവർ ഒരേ തട്ടിൽ ജീവിക്കുന്നവരല്ല എന്നും മനസിലാക്കേണ്ടതായിരുന്നു. 1857ലെ കലാപം ഇത്ര രൂക്ഷമാകാനുള്ള കാരണം സർക്കാരിൻ്റെ നോട്ടപ്പിഴവായിരുന്നു. ശിപായികൾ ഒരുമിച്ചിരുന്ന് അവരുടെ പ്രശ്‍നങ്ങൾ ചർച്ച ചെയ്യാനും ആശയ വിനിമയം നടത്താനും ഇടം നൽകാൻ പാടില്ലായിരുന്നു.” ഇതിന് മാതൃകയായി പേർഷ്യൻ സുൽത്താനായ നാദിർഷയെയാണ് അദ്ദേഹം ഉദ്ധരിച്ചത്. “നാദിർഷ, ഖൊറാബാൻ കീഴടക്കി തൻ്റെ രാജ്യം വിപുലീകരിച്ചപ്പോൾ സേനയുടെ സംവിധാനം തന്ത്രപൂർവ്വം മാറ്റി. പേർഷ്യൻ റെജിമെൻ്റ എന്നും അഫ്ഗാൻ റെജിമെൻ്റ എന്നും വിഭജിച്ച് അവരെ സമദൂരത്തിൽ വിന്യസിച്ചു. പ്രാദേശികമായ പ്രശ്നമുണ്ടാകുമ്പോൾ അഫ്ഗാനിനെതിരെ പേർഷ്യൻ പട്ടാളത്തെയും മറിച്ചും ഉപയോഗിച്ചു. തമ്മിലടിപ്പിച്ചുകൊണ്ട് പ്രശ്നങ്ങൾ ഒതുക്കാൻ നദിർഷായ്ക്ക് കഴിഞ്ഞു. ബ്രിട്ടീഷ് ഗവണ്മെൻ്റ ഇനിയെങ്കിലും ഈ മാതൃക പിൻതുടർണമെന്നും” സയ്‌ദ് ഖാൻ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു.


കലാപം സംബന്ധിച്ച് സർക്കാർ പിന്നീട് ഏർപ്പെടുത്തിയ റോയൽ കമ്മീഷൻ സയ്‌ദിൻ്റെ ഈ നിർദ്ദേശം വള്ളിപുള്ളി തെറ്റാതെ അംഗീകരിക്കുകയായിരുന്നു. തുടർന്ന് സേനകളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ അഴിച്ചുപണി നടത്തുകയുണ്ടായി. അഹമ്മദ് ഖാൻ്റെ ചിന്തയിലും പ്രവർത്തിയിലും വിഭാഗീയ പ്രവണതയുണ്ടായിരുന്നു എന്ന് പ്രസിദ്ധ ചരിത്രകാരനായ പെർസിവൽ സ്പിയർ അഭിപ്രായപെട്ടിട്ടുണ്ട്, പാകിസ്ഥാൻ വാദത്തിൻ്റെ മൂല രൂപം അഹമ്മദ്ഖാൻ്റെ ചിന്തകളായിരുന്നു. ഹിന്ദുവിൻ്റെയും മുസ്ലീമിൻ്റെയും താത്പര്യങ്ങൾ വ്യത്യസ്തങ്ങളാണെന്ന് അയാൾ പ്രഖ്യാപിച്ചു. അഹമ്മദ് ഖാൻ്റെ ചിന്തകൾക്ക് ഇസ്ലാം മതത്തിൻ്റെ യാഥാസ്ഥികതയോടു നീതി പുലർത്തേണ്ടത് അനിവാര്യതയായിരുന്നു. പൊട്ടൻഷ്യലായ ഇസ്ളാം മതത്തിൽ ഇത് ഇൻജക്ട് ചെയ്യുന്നതിന് ആശയപരവും പ്രായോഗികവുമായ തടസ്സങ്ങൾ ഒന്നുമുണ്ടാകാഞ്ഞത് ഇതുമൂലമാണ്‌.


ഹിന്ദി സംസാരിയ്ക്കുന്ന ഹിന്ദുക്കൾക്കും ഉർദു സംസാരിയ്ക്കുന്ന മുസ്ലിംകൾക്കും പ്രത്യേകം രാഷ്ട്രങ്ങൾ വേണമെന്ന് അഹമ്മദ് ഖാൻ സൈദ്ധാന്തിച്ചിരുന്നു. അലാവുദീൻ ഖിൽജി സിന്ധ് ആക്രമിച്ച കാലഘട്ടത്തിൽ തന്നെ പാകിസ്ഥാൻ എന്ന ദേശീയത പിറന്നു വീണുവെന്നുമൊക്കെ അയാൾ പറഞ്ഞിട്ടുണ്ട്‌.


ഹിന്ദു ദേശീയ ശക്തികളോടുള്ള എതിർപ്പും ജനാധിപത്യത്തോടുള്ള വിദ്വെഷവും ബ്രിട്ടീഷ് ഭരണത്തോടുള്ള കൂറും അഹമ്മദ്ഖാൻ്റെ തത്വ ചിന്തകളിൽ നിന്നാണ് ഉടലെടുത്തത്, അതായത് ഇന്നത്തെ പോപ്പുലർ ഫ്രണ്ടുകാരൻ ജനാധിപത്യത്തിനും സോഷ്യലിസത്തിനും മനുഷ്യാവകാശത്തിനും അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നതു പോലെയുള്ളൊരു കലാപരിപാടി.


കൂടാതെ ഇന്ന് എസ് ഡി പി ഐക്കൊപ്പം ചില ഹൈന്ദവർ നിലയുറപ്പിച്ചിട്ടുള്ളതു പോലെ കാശിയിലുള്ള രാജാ ശിവ പ്രസാദ് എന്ന രാഷ്ട്ര ദ്രോഹിക്കൊപ്പം “പാട്രിയോട്ടിക് അസോസിയേഷൻ” രൂപീകരിച്ചു മതേതര മേലങ്കി അണിയാനുള്ള ശ്രമവും നടത്തി അഹമ്മദ് ഖാൻ. ഇന്ന് നമ്മുടെ രാഷ്ട്രീയ രംഗത്ത് നടക്കുന്ന കലാപരിപാടികൾ ചരിത്രത്തിൽ പയറ്റി തെളിഞ്ഞവയാണെന്ന് മനസ്സിലാകുന്നുണ്ടല്ലോല്ലേ.


ബ്രിട്ടീഷ് ഭരണത്തിന് ഓശാന പാടുകയും, വിഭജിച്ചു ഭരിക്കാൻ ഉപദേശിക്കുകയും ദ്വിരാഷ്ട്ര വാദം ഉയർത്തുകയും ചെയ്ത സയിദ് അഹമ്മദ് ഖാൻ പിൽക്കാല ഇസ്ലാമിക രാഷ്ട്രീയത്തിൽ രാജ്യസ്നേഹിയും, നവോത്ഥാന നായകനുമായി അറിയപ്പെടുന്നു. അഹമ്മദ് ഖാൻ്റെ മനോഭാവമുള്ള ആളുകൾ ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്ന കാലഘട്ടം നാം ഓർമയിൽ സൂക്ഷിയ്ക്കണം കാരണം തുടർ സംഭവങ്ങൾ ഇതേതുടർന്ന് ഉണ്ടാകുന്നതാണ്.


നമ്മുടെ ഒന്നാം സ്വാതന്ത്ര്യ സമരമായ ബ്രിട്ടീഷുകാർ വിളിയ്ക്കുന്ന ശിപ്പായി ലഹളയെ തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ബ്രിട്ടീഷ് സർക്കാർ അവസാനിപ്പിച്ചു. 1858ലെ ഗവണ്‍മെണ്ട് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ‘വൈസ്രോയ്’ എന്ന സ്ഥാനം ‘ഗവർണർ ജനറൽ’ എന്നതിന് പകരമായി നിലവിൽ വന്നപ്പോൾ കാനിങ് പ്രഭു ആദ്യ വൈസ്രോയി ആയി ഇന്ത്യാ ഭരണം ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തു. ഭരണരീതിയുടെ മാറ്റം പല തലങ്ങളിൽ പരിവർത്തനം ഉളവാക്കി. (അത് ഗുണപരമാവാം ദോഷകരവുമാകാം, അവനവൻ്റെ വിശകലന ശേഷി ഉപയോഗിയ്ക്കുക).


ഇതേ കാലഘട്ടത്തിൽ തന്നെ വാസുദേവ് ബൽവന്ത് ഫഡ്കെ, ലക്ഷ്മൺ നാർഹർ ഇന്ദ്രപുർക്കർ, വാമൻ പ്രഭാകർ ഭേവെ എന്നിവരുൾപ്പെടുന്ന ഒരു ജ്വലിയ്ക്കുന്ന പുതു തലമുറ 1860ൽ സ്ഥാപിച്ച പൂന നേറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ (പിഎൻഐ) ചെറുതായ സാമൂഹിക പരിവർത്തനങ്ങൾക്കും ദേശീയ മാനത്തിൻ്റെ തറക്കല്ല് പാകലായി.
ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്ന ഈ കാലയളവിലാണ് സവർക്കറുടെ ജനനം. മഹാരാഷ്ട്ര പ്രൊവിൻസിലെ നാസിക് ജില്ലയിലെ ഭാഗൂരിൽ രാധാഭായിയെന്ന അമ്മയും ദാമോദർ പന്ത് എന്ന അച്ഛനും ഉണ്ടായിരുന്നു. അവർക്ക് ഗണേഷ് സവർക്കർ എന്നൊരു മകനുണ്ടായിരുന്നു. അവരുടെ രണ്ടാമത്തെ മകനായി 1883 മെയ് 28ന് വിനായക് ദാമോദർ റാവു സവർക്കർ ജനിച്ചു. ഈ കുട്ടി ഭാരത സ്വാതന്ത്ര്യ സമരത്തിലെ കയ്പ്പേറിയ ഏടുകളിൽ മാത്രം ജീവിയ്ക്കും എന്ന്  സ്വപ്നത്തിൽ കൂടെ കരുതിയിട്ടുണ്ടാവില്ല. ആ മാതാപിതാക്കൾക്ക് നാരായൺ എന്ന ആൺകുട്ടിയും, മൈനാഭായി എന്ന പെൺകുട്ടിയും മക്കളായി പിന്നീട് ജനിച്ചു തങ്ങളുടെ രണ്ടാമത്തെ മകൻമൂലം അവരുടെ ജീവിതവും ദുരിതപൂർണമാകുമെന്ന് അവർ നിനച്ചിട്ടുണ്ടാവില്ല. ഒരു വലിയ ജീവിത സപര്യ ഇവിടെ ആരംഭിയ്ക്കുകയാണ്. അതിന് നിദാനമായ ചില സംഭവ വികാസങ്ങളുണ്ട്.    


അതിൽ പ്രധാനമായിരുന്നു മഹാരാഷ്ട്രയിൽ പടർന്നുപിടിച്ച പ്ളേഗ് ബാധ. 1896കളുടെ അവസാനത്തോടെ മഹാരാഷ്ട്രയിൽ പടർന്നുപിടിച്ച പ്ളേഗ് ബാധ കൈകാര്യം ചെയ്യുന്നതിൽ ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വ രാഹിത്യത്താൽ നിരവധി ഇന്ത്യക്കാർ മരണമടഞ്ഞു. ഇത് കൈകാര്യം ചെയ്യാനുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കമ്മീഷണറായിരുന്ന ഡബ്ല്യു. റാൻഡ് സായിപ്പ്. സ്വാഭാവികമായി ഇയാളോടുള്ള ജനരോക്ഷം വർദ്ധിച്ചു തദ്‌ഫലമായി മഹാരാഷ്ട്രയിലെ പുനെക്ക് സമീപമുള്ള ജിൻജ്വാദ് ഗ്രാമത്തിൽ നിന്നുള്ള ബാലകൃഷ്ണ ഹരി ചാപേക്കർ, വാസുദേവ് ഹരി ചാപേക്കർ, ദാമോദർ ഹരി ചാപേക്കർ എന്നീ മൂന്ന് സഹോദരന്മാർ ചേർന്ന് 1897 ജൂൺ 22ന് റാൻഡിനെയും അയാളുടെ അംഗരക്ഷകനായിരുന്ന ഐറെസ്റ്റ് സായിപ്പിനെയും വെടിവച്ചു. ഐറെസ്റ്റ് തത്ക്ഷണം മരണപ്പെട്ടു. മാരകമായ മുറിവുകളേറ്റ റാൻഡ് ജൂലൈ 3ന് മരിച്ചു. ഈ കേസിൽ മൂന്നു സഹോദരന്മാരും കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടർന്ന് ദാമോദർ ചാപേക്കർനെ 1898 ഏപ്രിൽ 18നും, വാസുദേവ്  ചാപേക്കർനെ 1899 മെയ് 8നും, ബാലകൃഷ്ണ ചാപേക്കർനെ മെയ് 12നും ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. അതോടെ ഇവർ മഹാരാഷ്ട്രയിലെ ഹീറോകളായി. ഇവരുടെ ബലിദാനത്തിൽ നിന്നും നിരവധി സ്വാതന്ത്യ പോരാളികൾ ഉയർന്നു വന്നു. അതിലെ പ്രധാനിയാണ് ദാമോദര വിനായക് റാവു സവർക്കർ. ഇവിടെ നിന്നുമാണ് സ്വാതന്ത്ര്യ സമരത്തിലേക്കുള്ള സവർക്കറുടെ ഇന്നിങ്‌സ് ആരംഭിയ്ക്കുന്നത്.


ചാപേക്കർ സഹോദരന്മാരുടെ ബലിദാനം ഉയിർപാകിയ പ്രസ്ഥാനമായിരുന്നു 1899 നവംബറില്‍ ഉടലെടുത്ത “രാഷ്ട്രഭക്ത സമൂഹ“മെന്ന സംഘടന. ഇതിൻ്റെ നേതൃത്വത്തിൽ വിനായക റാവുവും സഹോദരന്മാരും അടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു.1900 ജനുവരി 1ന് രാഷ്ട്രഭക്ത സമൂഹം എന്ന സംഘടനയുടെ പേര് മാറ്റി മിത്രമേള എന്ന പുതിയ സംഘടനയായി മാറി. അക്കാലത്ത് മഹാരാഷ്ട്രയിൽ പ്രവർത്തിച്ചിരുന്ന അത്തരം നിരവധി മേളങ്ങളിൽ (വിപ്ലവ സമൂഹം) ഒന്നായിരുന്ന ഇത്, സായുധ കലാപത്തിലൂടെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കണം എന്ന് കരുതിപ്പോന്നിരുന്ന സംഘടനകളായിരുന്നു ഇതെല്ലാം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നിരന്തരം ശല്യം ചെയ്ത ഒരു കൂട്ടം വിപ്ലവകാരികള്‍ ഇവിടെയാണ് സൃഷ്ടിക്കപ്പെട്ടത്. നാസ്സിക്കിലെ ഒട്ടുമിക്ക രാഷ്ട്രീയ വിഷയങ്ങളിലും സമര പോരാട്ടങ്ങളിലും മിത്രമേള സജീവമായി ഇടപെട്ടു. വിപ്ലവകാരികളുടെ നിരകളെ സൃഷ്ടിച്ചുകൊണ്ട് സാവധാനമെങ്കിലും ശക്തമായി മുന്നോട്ട് നീങ്ങി. അവരുടെ ചുവടു പിടിച്ചു പലവിധമായ മുന്നേറ്റങ്ങളും പല സമയങ്ങളിലുമുണ്ടായി.


എന്നാൽ അതിനൊന്നും ഒരിയ്ക്കലും ഒരു സംഘടിത രൂപം കൊണ്ടുവരാൻ സാധിയ്ക്കാതിരുന്നതിനാൽ അതൊക്കെ ഒരു രാഷ്ട്രീയ മുന്നേറ്റം എന്ന നിലയിലേയ്ക്ക് മാറിയില്ല. എന്നാൽ പലതരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളും കർഷക സമരത്തിൻ്റെ രീതിയിലും കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലും ജന്മിത്വ വിരുദ്ധ സമരത്തിൻ്റെ പേരിലുമൊക്കെ നടന്നിരുന്നു. 1873ൽ ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ജ്യോതിഭായ് ഫൂലെ മഹാരാഷ്ട്രയില്‍ സത്യശോധക് സമാജം സ്ഥാപിച്ചതും ഒഴിച്ചാൽ, ആദിശങ്കരന് ശേഷം പുതുതായി ഹൈന്ദവ നവോത്ഥാനം നടപ്പാക്കുന്നത് 1900ത്തിന് ശേഷമാണെന്ന് ചരിത്രം പരിശോധിച്ച് വിശകലനം ചെയ്യുവാൻ സാധിയ്ക്കും. ഈ കാലഘട്ടങ്ങളിൽ ഭാരതമെമ്പാടും വിശിഷ്യാ മഹാരാഷ്ട്ര പ്രദേശങ്ങളിലും ഹിന്ദു – മുസ്‌ലിം കലാപങ്ങൾ പൊതുവായ കലാപരിപാടിയായിരുന്നു. പലപ്പോഴും ഇരകൾ ഹിന്ദു വിഭാഗം മാത്രമായിരുന്നു. ഇതൊക്കെ ചേർത്ത് ചിന്തിച്ചാൽ മാത്രമേ അക്കാലത്തെ സാമൂഹിക അവസ്ഥയുടെ ഏകദേശ ചിത്രം ലഭ്യമാകൂ.


1900ങ്ങൾക്ക് മുമ്പുള്ള സ്വാതന്ത്ര്യ സമരത്തിൽ പൊതുവെ കാണാവുന്ന സംഗതി അതെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ നികുതി പിരിവുകൾക്ക് എതിരായതായിരുന്നു എന്നതാണ്. ഭൂനികുതിയും മറ്റു കാർഷിക നികുതികൾക്കുമെതിരായ പല പ്രതിരോധങ്ങളും നമുക്ക് അതിൽ ദർശിയ്ക്കാം (പൊളിഗാർ കലാപം പോലെയുള്ളവ) 1900ങ്ങളിലും ഇത് പലപ്പോഴും ദൃഷ്ടിഗോചരമാകുമെങ്കിലും ഇതേ ശൈലിയിൽ നിന്നും വ്യതിരിക്തമായ നിരവധി സമര മുഖങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും. ഇവിടെ നിലവിലുണ്ടായിരുന്ന രാജഭരണ പ്രദേശങ്ങളിലെ പല മോശം സമീപനങ്ങൾക്കും ബദലായി നല്ല അഡ്മിനിസ്ട്രേഷൻ നൽകാൻ പലപ്പോഴും ബ്രിട്ടീഷുകാർ ശ്രദ്ധിച്ചു. ഇത്തരം സമീപനങ്ങളിലൂടെ ഭാരതത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു ബ്രിട്ടീഷ് രീതി.


ജ്യേഷ്ഠനായ ഗണേഷ് സവർക്കർ, യശോധാ ഭായ് എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. ദാമോദർ സവർക്കർ 1901ൽ യമുനാഭായ് എന്ന യുവതിയെ വിവാഹം കഴിച്ചു. നാരായൺ സവർക്കർ, ശാന്തഭായ് എന്ന യുവതിയെയും വിവാഹം ചെയ്തു. വേർപിരിയലിൻ്റെയും പട്ടിണിയുടെയും പട്ടിണിയുടെയും വേദനകൾ സഹിക്കേണ്ടി വന്നിട്ടും ഈ മൂന്ന് സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ പൂർണ പിന്തുണയുമായി കൂടെ നിന്നു. തങ്ങളുടെ ഭർത്താക്കന്മാർ രാജ്യത്തെ സേവിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്ന് അവർക്കറിയാമായിരുന്നു. അതിനാൽ അവർ കുടുംബത്തെ കൈകാര്യം ചെയ്യുകയും പരസ്പരം പിന്തുണയ്ക്കുകയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ തങ്ങളുടെ പങ്ക് വഹിക്കുകയും ചെയ്തു. ഇത്തരം ഭാരത നാരികളെക്കുറിച്ച് അഭിമാനപൂർവം മഹാത്മാഗാന്ധി തൻ്റെ രചനകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പരികല്പനകൾക്ക് സമകാലിക ഇന്ത്യൻ സമൂഹം നൽകുന്ന വില പുച്ഛം മാത്രമാണെന്ന് മനസിലാക്കുമ്പോഴാണ് സവർക്കറുടെ ത്യാഗങ്ങളെ ഇകഴ്ത്തുവാനുള്ള ശക്തി എവിടുന്ന് ലഭിയ്ക്കുന്നു എന്നതിൽ ആശ്ചര്യം തോന്നാത്തത്. (വിനായക് ദാമോദർ സവർക്കർ – യമുനഭായി ദമ്പതികൾക്ക് 3 മക്കളുണ്ട്. വിശ്വാസ് സവർക്കർ, പ്രഭാത് സവർക്കർ, പ്രഭാകർ സവർക്കർ എന്നിവരാണ് അവർ.)


ഭാരതത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ കരാള ഹസ്തത്തിൽ നിന്നും ബലമായി മോചിപ്പിക്കണം എന്ന് ചിന്തിക്കുന്ന ഒരു വലിയപറ്റം യുവജന സമൂഹം അക്കാലത്ത് ഉയർന്നു വന്നിരുന്നു. അവയിലെല്ലാം തന്നെ മഹാരാഷ്ട്രയുടെയും ബംഗാളിൻ്റെയും ബൗദ്ധികവും കായികവുമായ ശക്തി നിറഞ്ഞു നിന്നിരുന്നു. 1902ൽ പ്രമഥ് നാഥ് മിത്ര എന്ന യുവാവിൻ്റെ നേതൃത്വത്തിൽ കൊൽക്കത്തയും, ധാക്കയും കേന്ദ്രമാക്കി വളർന്നുവന്ന അനുശീലൻ സമിതി ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്.


ഭാരത യുവത്വത്തെ വിദേശങ്ങളിൽ പറഞ്ഞയച്ചു ആധുനികമായ ആയുധ ഉപയോഗവും ബോംബ് നിർമാണവും പരിശീലിപ്പിച്ചു ബ്രിട്ടീഷുകാർക്കെതിരെ ഉപയോഗിക്കാൻ അനുശീലൻ സമിതി തയ്യാറെടുത്തിരുന്നു. സചീന്ദ്രനാഥ് സന്യാൽ, ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ മുതലായ ആളുകൾ അനുശീലൻ സമിതിയുടെ പ്രവർത്തകരായിരുന്നു. ഇവരെയെല്ലാം ഉത്തേജിപ്പിച്ചിരുന്ന വാക്കുകളായ ‘ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത’ ലോകത്തിനും ഭാരത സമൂഹത്തിനും നൽകിയ ആദ്ധ്യാത്മിക സൂര്യനായ സ്വാമി വിവേകാനന്ദൻ 1902 ജൂലായ് 4ന് സമാധിയായി.
ബ്രിട്ടനിൽ രാജാക്കന്മാർ സ്ഥാനമേൽക്കുന്നതിനെ തുടർന്ന് അവരുടെ ആഗോള കോളനികളിൽ സന്ദർശനങ്ങൾ നടത്തി അവിടങ്ങളിലും ഇംപീരിയൽ ദർബാർ (സ്ഥാനാരോഹണ ചടങ്ങ്) പോലെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കുക പതിവായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഇത് സംഘടിപ്പിക്കുന്നതിനെ ഡൽഹി ദർബാർ എന്നായിരുന്നു അവർ വിളിച്ചിരുന്നത്. ഇന്ത്യയിലെ അക്കാലത്തെ ഭരണാധികാരികളും പ്രഭുക്കന്മാരും നിരവധി ശ്രദ്ധേയ വ്യക്തിത്വങ്ങളും ഈ ചടങ്ങുകളിൽ പങ്കുകൊള്ളുവാൻ എത്തിച്ചേരുമായിരുന്നു.


ബ്രിട്ടീഷ് അധീശത്വത്തിൻ്റെയും അതിനോടുള്ള ഇന്ത്യൻ വിധേയത്വത്തിൻ്റെയും ഘോഷണമായിരുന്നു ഈ ചടങ്ങുകൾ. 1877ൽ ആദ്യത്തെ ഡൽഹി ദർബാർ നടത്തപ്പെട്ടതിന് ശേഷം പിന്നെ ഈ ചടങ്ങ് നടക്കുന്നത് രാജ്ഞിയായ വിക്ടോറിയ മദാമ്മയുടെ ദേഹവിയോഗത്തെ തുടർന്ന് അവരുടെ മകനായ എഡ്വേർഡ് എഴാമൻ (ആൽബെർട്ട് എഡ്വേർഡ്) ബ്രിട്ടൻ്റെ ഭരണമേറ്റപ്പോൾ ആയിരുന്നു. 1903ൽ ഇന്ത്യയിലെത്തിയ എഡ്വേർഡ് എഴാമൻ രാജാവിന് വേണ്ടി ഡൽഹി ദർബാർ നടത്തപ്പെട്ടു. ദേശീയ ബോധവും രാഷ്ട്രാഭിമാനവുമുള്ള ജനങ്ങൾക്ക് ഇതെല്ലാം അസഹനീയമായിരുന്നു.
ദൽഹി ദർബാറിനെതിരെ പലയിടങ്ങളിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു. അത് വളരെയധികം മാസങ്ങൾ നീണ്ടു നടന്നുപോന്നു. അത്തരമൊരു പ്രതിഷേധ പ്രകടനം മിത്രമേളയുടെ നേതൃത്വത്തിൽ നാസിക്കിൽ നടത്തപ്പെട്ടു. 1904ല്‍ സവർക്കറുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ നടന്നത്. ഈ പ്രകടനത്തില്‍ വച്ച് മിത്രമേള എന്ന സംഘടന തങ്ങളുടെ പേര് “അഭിനവ ഭാരത്“ എന്നാക്കി മാറ്റി. അഭിനവ് ഭാരതിൻ്റെ പ്രതിജ്ഞയിൽ വിദേശികൾക്കെതിരെ രക്തരൂഷിതമായ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിയ്ക്കുന്ന വരികളുണ്ടായിരുന്നു. നല്ല വായനാശീലമുണ്ടായിരുന്ന ആളായിരുന്നു ദാമോദർ റാവു. വിപ്ലവം നയിച്ചവരായിരുന്നു അദ്ദേഹത്തിൻ്റെ ആരാധനാപാത്രങ്ങൾ. ഇറ്റാലിയൻ വിപ്ലവകാരിയായിരുന്ന ജുസ്സെപ്പെ മറ്റ്സീനിയുടെ ‘യംഗ് ഇറ്റലി’ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിവ് സവർക്കറിനെ വളരെയധികം സ്വാധീനിച്ചിരുന്നു. രഹസ്യ സംഘടനാപ്രവർത്തനത്തെ കുറിച്ചും ഗറില്ലാ യുദ്ധങ്ങളെ കുറിച്ചുമുള്ള  മറ്റ്സീനിയുടെ വീക്ഷണങ്ങൾ അപ്പാടെ സവർക്കർ ഉൾക്കൊണ്ടു എന്ന് അദ്ദേഹത്തിൻ്റെ പിൽക്കാല പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മനസിലാക്കാം.


1905 ഒക്ടോബർ 16ന് അന്നത്തെ ഇന്ത്യൻ വൈസ്രോയി കഴ്സൺ പ്രഭു ബംഗാൾ പ്രവശ്യയെ, കിഴക്കൻ ബംഗാൾ, പശ്ചിമ ബംഗാൾ എന്നിങ്ങനെ വിഭജിച്ചതിനെ തുടർന്ന് വലിയ പ്രക്ഷോഭങ്ങളുണ്ടായി. തീർത്തും മതാടിസ്ഥാനത്തിലുള്ള വിഭജനമായിരുന്നു ഇത്. മുസ്ലിം താത്പര്യങ്ങൾക്ക് പ്രാമുഖ്യം കിട്ടിയ ഈ വിഭജനത്തിൽ ഹൈന്ദവരും ഇന്ത്യയിലെ സാംസ്‌കാരിക നേതൃത്വവും അതൃപ്തരായിരുന്നു. എന്നാൽ രാഷ്ട്രീയമായി ഒന്നിച്ചു നിന്നാൽ ഇതിൽക്കൂടുതൽ നേട്ടം ഇസ്‌ലാമിന് ഉണ്ടാകും എന്ന് അന്നത്തെ ചില നവാബുമാരും മറ്റും കണക്കുകൂട്ടി. ഇതിനെത്തുടര്‍ന്ന് രണ്ടാം സ്വദേശി പ്രസ്ഥാനം ആരംഭിച്ചു. പല പ്രമുഖരായ നേതാക്കളും ഈ പ്രക്ഷഭത്തിൻ്റെ നെടുനായകത്വം വഹിച്ചു. ബംഗാള്‍ വിഭജനത്തിനെതിരെ വിനായക റാവുവിൻ്റെ നേതൃത്വത്തില്‍ അഭിനവ ഭാരത് 1905ല്‍ മഹാരാഷ്ട്രയിലെങ്ങും പ്രതിക്ഷേധ ക്കൊടുങ്കാറ്റുകളുയര്‍ത്തി. പൂനെയില്‍ വച്ച് സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രഥമ വിദേശ വസ്ത്ര ദഹനം നടന്നത് ഈയവസരത്തിലായിരുന്നു.


കോൺഗ്രസ്സ് എന്ന ദേശീയ പ്രസ്ഥാനമായിരുന്നു സമരങ്ങളുടെയെല്ലാം ആത്മാവ്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് ഏകോപന സ്വഭാവം കൊണ്ടുവന്ന വേദി കോൺഗ്രസ്സ് മാത്രമായിരുന്നു. സേഫ്റ്റി വാൽവ് തിയറിയാണ് കോൺഗ്രസ്സ് രൂപീകരണം സംഭവിയ്ക്കാൻ കാരണമെന്ന് ആക്ഷേപം ഉണ്ടെങ്കിലും അക്കാലത്തെ സാമൂഹിക സാഹചര്യത്തിൽ എല്ലാത്തിൻ്റെയും ചുക്കാൻ പിടിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആയിരുന്നു. അതിൽ എല്ലാവരും ഉൾപ്പെട്ടിരുന്നു. മുഹമ്മദലി ജിന്നയെപ്പോലെയുള്ള പാശ്ചാത്യ വിദ്യാഭ്യാസം നേടിയവർ ഈ കോൺഗ്രസ്സ് പ്രവർത്തനത്തിൽ എത്തിയത് ബ്രിട്ടീഷുകാരോടുള്ള ഇടപെടലുകൾക്ക് സഹായകമായിത്തീർന്നു.


1906ല്‍ സവര്‍ക്കര്‍ ബി. എ പാസ്സായി. നിയമം പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു അഭിനവ് ഭാരത് സംഘടനയുടെ തീരുമാനം .സായുധ വിപ്ലവത്തിൻ്റെ പ്രവര്‍ത്തന രംഗം ഇംഗ്ലണ്ടിലെ ഇന്ത്യന്‍ യുവാക്കളിലെത്തിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. അന്നത്തെ ഇന്ത്യന്‍ വിപ്ലവകാരികളുടെ കേന്ദ്രമായിരുന്ന ശ്യാംജി കൃഷ്ണ വര്‍മ്മയുടെ ഇന്ത്യാഹൌസ് എന്ന വീട് ആയിരുന്നു സവര്‍ക്കറുടെ പ്രവര്‍ത്തന കേന്ദ്രമായി നിശ്ചയിക്കപ്പെട്ടിരുന്നത്. സവര്‍ക്കരുടെ സംഭവ ബഹുലമായ ലണ്ടന്‍ ജീവിതം ഇന്ത്യാഹൌസില്‍ നിന്നും ആരംഭിച്ചു.
ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതിന് സംഘടിപ്പിക്കുന്നതിനായി സവർക്കർ ഫ്രീ ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചു. തുടർന്ന് സമൂഹത്തിന് മുമ്പാകെ നടത്തിയ ഒരു പ്രസിദ്ധമായ പ്രഖ്യാപനത്തിൽ അദ്ദേഹം പറഞ്ഞു:
“ഈ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെക്കുറിച്ചോ ആ ഉദ്യോഗസ്ഥനെക്കുറിച്ചോ ഈ നിയമത്തെക്കുറിച്ചോ ആ നിയമത്തെക്കുറിച്ചോ നാം പരാതിപ്പെടുന്നത് അവസാനിപ്പിക്കണം. അതിനൊരു അവസാനം ഉണ്ടാകില്ല. നമ്മുടെ പ്രസ്ഥാനം ഏതെങ്കിലും പ്രത്യേക നിയമത്തിന് എതിരായി പരിമിതപ്പെടുത്തരുത്, അത് നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം നേടുന്നതിനുവേണ്ടിയായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഞങ്ങൾക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം വേണം.”
പൂർണസ്വരാജ് എന്ന ആശയം ആദ്യമായി മുൻപോട്ട് വച്ചത് സവർക്കർ ആയിരുന്നു എന്ന് പറയാൻ കാരണം ഈ സംഭവമാണ്. (ഇതിനും 24 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ്സ് ഈ ആവശ്യം മുന്നോട്ട് വച്ചതെന്ന് നമ്മൾ മനസിലാക്കണം)


ഇന്ത്യാ ഹൗസിലെത്തിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്രശ്നം അന്തര്‍ദ്ദേശീയ തലത്തിലെത്തിക്കാന്‍ വീര സവര്‍ക്കര്‍ ശ്രമം തുടങ്ങിയിരുന്നു. അമേരിക്കന്‍ – ഐറിഷ് പത്രങ്ങളില്‍ അദ്ദേഹം രാഷ്ട്രീയ ലേഖനങ്ങളെഴുതി ജര്‍മ്മനി, റഷ്യ, പോര്‍ച്ചുഗല്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അത് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. അന്തര്‍ദ്ദേശീയ രംഗങ്ങളില്‍ ബ്രിട്ടൻ്റെ കപട ധാര്‍മ്മികത തുറന്നുകാട്ടാന്‍ മാഡം ബിക്കാജി കാമയേയും സര്‍ദാര്‍ സിംഗ് റാണയേയും ഇന്ത്യന്‍ പ്രതിനിധികളായി ഇൻ്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സിലേക്ക് നിയോഗിച്ചതും മറ്റാരുമായിരുന്നില്ല. ബ്രിട്ടീഷ് സോഷ്യലിസ്റ്റ് റംസേ മക് ഡൊണാള്‍ഡിൻ്റെ കടുത്ത എതിര്‍പ്പിനിടയിലും സ്റ്റുഡ്ഗര്‍ട്ട് കോണ്‍ഗ്രസ്സ് ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രമേയത്തെയും പതാകയേയും അംഗീകരിച്ചു. സേനാപതി ബാപത് എന്നറിയപ്പെട്ടിരുന്ന പാണ്ഡുരംഗ് മഹാദേവ് ബാപത്, മദൻലാൽ ധിംഗ്ര എന്നിവരടക്കമുള്ള സ്വാതന്ത്ര്യ ദാഹികളെ ഏകീകരിയ്ക്കാൻ സവർക്കറിന് ലണ്ടനിൽ വച്ച് സാധിച്ചു.
ഇതേസമയം തന്നെ അനുശീലൻ സമിതി പോലെ ബംഗാളിൽ മറ്റൊരു യുവജന പ്രസ്ഥാനം രൂപം കൊണ്ടു. അതായിരുന്നു യുഗാന്തർ. 1906 ഏപ്രിൽ മാസത്തിൽ അരബിന്ദാവു ഘോഷ്, അദ്ദേഹത്തിൻ്റെ സഹോദരൻ ബരിൻ ഘോഷ്, ഭുപേന്ദ്രനാഥ് ദത്ത, രാജ സുബോധ് ചന്ദ്ര മാലിക്‎ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യുഗാന്തർ പ്രസ്ഥാനം രൂപം കൊണ്ടത്. ബ്രിട്ടീഷുകാർക്കെതിരെ സായുധ പോരാട്ടമായിരുന്നു ഇതിൻ്റെയും ലക്‌ഷ്യം.


ലണ്ടനിലെ സവർക്കറുടെ പ്രവർത്തനങ്ങൾ മറ്റൊരു തലത്തിലേക്ക് കടക്കുന്ന സാഹചര്യം ഉളവായി. അത് തീവ്ര ദേശീയ മനോഭാവം ഉണർത്തിവിടുന്ന സംഗതിയായിരുന്നു. 1907 ഓഗസ്റ്റ് 22ന് ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ നടന്ന രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ വച്ച് മാഡം ഭിക്കാജി റസ്തം കാമ ഇന്ത്യൻ ജനതയുടെ പതാക എന്ന പേരിൽ ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി ഒരു പതാക (ഇന്നത്തെ ത്രിവർണ പതാകയല്ല) ഒരു പതാകയുയർത്തി. (ഇത് സവർക്കർ ഡിസൈൻ ചെയ്തതാണെന്നും മറിച്ച് ഹേമചന്ദ്ര കാനുംഗോ എന്ന വിപ്ലവകാരി ഡിസൈൻ ചെയ്തതാണെന്നും ഒരു വാദമുണ്ട്. കൂടുതൽ വിവരങ്ങളില്ല) പിൽക്കാലത്ത് പ്രസ്തുത പതാക രഹസ്യമായി മഹാരാഷ്ട്രയിലെത്തിച്ച ശേഷം പൂനെയിൽ വച്ച് സവർക്കർ ഈ പതാക ഉയർത്തുകയുണ്ടായി. ഇത് ഇന്നും പുണെയിലെ കേസരി മറാഠ ട്രസ്റ്റിൻ്റെ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.) പ്രസ്തുത സമ്മേളനത്തിലെ മാഡം കാമയുടെ പ്രസംഗം ആവേശോജ്വലമായിരുന്നു. സവർക്കറിനാൽ പ്രഭാവിതയായ കാമ ഇങ്ങനെ പ്രസംഗിച്ചു.


“സുഹൃത്തുക്കളേ, ഭാരത സ്വാതന്ത്ര്യത്തിൻ്റെ പതാകയാണിത്. ശ്രദ്ധിക്കൂ, അത് ജനിച്ചു കഴിഞ്ഞു. ഇന്ത്യന്‍ യുവത്വത്തിൻ്റെ ചോര കൊണ്ട് അത് പവിത്രമായിക്കഴിഞ്ഞു. മാന്യരെ ! ഭാരത സ്വാതന്ത്ര്യത്തിൻ്റെ ഈ പതാകയെ വന്ദിക്കാന്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. ലോകമാസകലമുള്ള സ്വാതന്ത്ര്യ പ്രേമികളേ, ഈ പതാകയുടെ പേരില്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു . സഹകരിക്കൂ ഞങ്ങളോടൊപ്പം. മനുഷ്യകുലത്തിലെ അഞ്ചിലൊന്നിനെ സ്വതന്ത്രമാക്കാന്‍“. മാഡം കാമയുടെ പ്രസംഗം പല അന്താരാഷ്ട്ര പത്രങ്ങളിലും വാർത്തയായി. ഇത് ദേശീയവാദികളെ ആവേശോജ്വലരാക്കി.
യുഗാന്തറും അനുശീലൻ സമിതിയും അഭിനവ് ഭാരതും ആഭ്യന്തരമായും രാജ്യാന്തരമായും ചെയ്യുന്ന പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ 1907 ഡിസംബറിൽ സൂറത്തിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വാർഷിക സമ്മേളനത്തിൽ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്രപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ “മിതവാദി” വിഭാഗവും “തീവ്രവാദി” വിഭാഗവും തമ്മിൽ ഒരു സംഘർഷം ഉടലെടുത്തു. ഇതിൽ തിലകൻ്റെ പക്ഷത്തു നിന്ന പ്രധാനികളായിരുന്നു ബിഎസ് മുഞ്ചേ, ഡോ. കേശവബലിറാം ഹെഡ്ഗേവാർ എന്നിവർ. തിലകൻ്റെ പിന്തുണയോടെ ഇവർ രണ്ടുപേരും കോൺഗ്രസ്സിൻ്റെ ഉന്നത പദവികൾ അലങ്കരിച്ചിരുന്നു.


ഇത്തരം സംഭവങ്ങളാൽ രാഷ്ട്രീയ രംഗം നിറഞ്ഞു മറിഞ്ഞിരിയ്ക്കുമ്പോഴാണ് നാം ഇന്ന് പരിചയപ്പെട്ടിരിയ്ക്കുന്ന തരത്തിലുള്ള വർഗീയ രാഷ്ട്രീയ അവസ്ഥ സംജാതമാകുന്നത്. ആദ്യ വെടി പൊട്ടിച്ചത് മുസ്ലിം സമുദായമായിരുന്നു (അങ്ങനല്ലേ പാടുള്ളൂ). അത് സിംലയിൽ വച്ചായിരുന്നു. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മിണ്ടോ സായിപ്പിൻ്റെ സാന്നിധ്യത്തിലായിരുന്നു. അതായിരുന്നു മുസ്ലിം ലീഗ് രുപീകരണം.


സിംലയിൽ വച്ച് 17ആമത്തെ ബ്രിട്ടീഷ് വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന “ഗിൽ‌ബെർ‌ട്ട് ജോൺ എലിയറ്റ് മുറെ കെൻമൗണ്ട് മിണ്ടോ” പ്രഭുവിൻ്റെ ആശീർവാദത്തോടെ 1906 ഡിസംബർ 30ന് ഇന്നത്തെ ബഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിൽ വച്ച് ആഗാഖാനും സംഘവും ചേർന്ന് ഇന്ത്യയിലെ പ്രഥമ കമ്യൂണൽ പാർട്ടിയായ ഓൾ ഇന്ത്യ മുസ്ലിം ലീഗ് രൂപവത്‌കരിച്ചു. മുസ്ലീങ്ങൾക്ക് മതാടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപവത്കരിയ്ക്കാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്കായിക്കൂടാ എന്ന ചിന്താഗതി പലരിലുമുണ്ടായി. എന്നാൽ അതൊന്നും ഉടനടി ഫലവത്തായില്ല. കാരണം സിംപിൾ ഒരു സമൂഹത്തിലെ അസഹിഷ്ണുക്കളായ ന്യൂനപക്ഷം നേട്ടങ്ങളുണ്ടാക്കും എന്നാൽ ബഹുഭൂരിപക്ഷം അതിനെ ഗൗരവമായി കാണില്ല. ഇതിനിടെ 1908ൽ യുഗാന്തർ പ്രസ്ഥാനത്തിൻ്റെ കാർമികത്വത്തിൽ ആലിപ്പൂർ ബോംബ് സ്ഫോടനം നടത്തപ്പെട്ടു. അരബിന്ദഘോഷ് അടക്കമുള്ള നേതാക്കൾ പിടിയിലായി. അതോടെ യുഗാന്തറിൻ്റെ ശക്തി ക്ഷയിച്ചു. ഈ കേസിലെ പിടികിട്ടാ പുള്ളിയായിരുന്നു സവർക്കറുടെ അനുയായി ആയിരുന്ന സേനാപതി ബാപത് എന്നറിയപ്പെട്ടിരുന്ന പാണ്ഡുരംഗ് മഹാദേവ് ബാപത്. യുഗാന്തറിൻ്റെ തകർച്ചയോടെ ഒറ്റപ്പെട്ട സ്ഫോടനകളോ ആക്രമണങ്ങളോ കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് അധിനിവേശത്തെ തകർക്കാൻ പറ്റില്ലെന്ന് യുവരക്തങ്ങൾ തിരിച്ചറിയാൻ തുടങ്ങി.


ഇതോടൊപ്പം തന്നെ മറ്റൊരു സമുദായിക പ്രീണന സംഭവം ബ്രിട്ടീഷ് ഇന്ത്യയിൽ അരങ്ങേറുകയുണ്ടായി. അതായിരുന്നു മിണ്ടോ – മോർലി പരിഷ്‌കാരങ്ങൾ. 1909 മാർച്ച് 12ന് നടപ്പാക്കിയ (ഇന്ത്യൻ കൗൺസിൽ ആക്റ്റ്) മോർലി – മിണ്ടോ പരിഷ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്ന നിയമ നിർമ്മാണങ്ങളിൽ വ്യക്തമായ മുസ്ലിം പക്ഷ പാതിത്വം ഉണ്ടായിരുന്നു. മുസ്ലിം ലീഗ് നിർമിച്ചു ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തെ പിന്നിൽ നിന്നും കുത്തിയതിന് ഇസ്ളാമിക സമൂഹത്തിന് ബ്രിട്ടീഷുകാർ നൽകിയ സമ്മാനമായിരുന്നു ഈ പരിഷ്‌കാരം. ഇതിൻ്റെ പ്രയോജനമായി കേന്ദ്ര നിയമസഭാ സമിതിയിലെ മുസ്ലിം അംഗങ്ങളുടെ എണ്ണം 16ൽ നിന്ന് 60 ആയി ഉയർത്തികൊണ്ട് ബ്രിട്ടീഷുകാർ ഉത്തരവിട്ടു.


സവർക്കറാൽ പ്രഭാവിതനായ മദൻ ലാൽ ധിംഗ്ര 1909 ജൂലൈ 1ന് ലണ്ടനിലെ ജഹാംഗീർ ഹാളിൽ വച്ച് ബ്രിട്ടീഷ് ചാരപ്രവർത്തനത്തിൻ്റെ നേതാവായ കഴ്സൺ വാലിയെ വെടിവെച്ചു കൊന്നു.1909 ആഗസ്റ്റ് 16ന് ധിംഗ്രയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. ബ്രിട്ടീഷ് പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും മദൻ ലാൽ ധിംഗ്രയുടെ അന്ത്യ പ്രസ്താവന പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പ്രവർത്തനം നടത്തിയത് സവർക്കറും കൂട്ടരുമായിരുന്നു. സ്വരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനി മദൻ ലാൽ ധിംഗ്രയ്ക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ടുള്ള പ്രസ്താവനകൾ അമേരിക്കയിലും അയർലൻഡിലുമൊക്കെയുള്ള പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.


ഈ കാലയളവിൽ സവർക്കറുടെ നിയമപഠനം മികച്ച മാർക്കോടെ പൂർത്തിയായി. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന, ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഘ്യാപിക്കുന്ന, ‘ഓത്ത് ഓഫ് അലീജിയന്‍സ്’ എന്ന പ്രതിജ്ഞ എടുക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു വരെ ഉള്ള അക്കാലത്തെ ബാരിസ്റ്റർമാർ ഈ പ്രതിജ്ഞ ചെയ്തവരായിരുന്നു. എന്നാൽ ‘ഓത്ത് ഓഫ് അലീജിയന്‍സ്’ പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിൻ്റെ പേരില്‍, ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഭാരതീയനായി മാറാനുള്ള അവസരം തിരഞ്ഞെടുത്തുകൊണ്ട് വിനായക ദാമോദര സവര്‍ക്കര്‍ സ്വാതന്ത്ര്യ ദാഹികൾക്ക് മാതൃകയായി. അദ്ദേഹത്തിൻ്റെ കീർത്തി വർദ്ധിയ്ക്കുന്ന സംഭവമായിരുന്നു ഇത്.


1909ൽ ദസറയോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ യുകെയിലെ ഇന്ത്യൻ പ്രവാസികൾ മോഹൻദാസ് കരം ചന്ദ് ഗാന്ധിയെ ക്ഷണിച്ചു. (ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശനങ്ങൾ ലോകശ്രദ്ധയിൽ എത്തിയ്ക്കുന്ന പ്രവർത്തനത്തിലൂടെ മഹാത്മജി അക്കാലത്ത് തന്നെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിൽ പ്രശസ്തനായിരുന്നു) അന്നത്തെ ലണ്ടനിൽ വിദ്യാർത്ഥിയായിരുന്ന സവർക്കറും ഇതേ പരിപാടിയിൽ ഗാന്ധിജിയുമായി വേദി പങ്കിട്ടിരുന്നു. ശേഷം ഗാന്ധിജി ലണ്ടനിലെ ഇന്ത്യാ ഹൗസിൽ വന്ന് രാഷ്ട്രീയ ചർച്ചകൾക്കായി സവർക്കറുടെ അടുത്ത് എത്തി.
സവർക്കർ ചെമ്മീൻ പാചകം ചെയ്യുന്ന സമയത്തായിരുന്നു ഗാന്ധിജി വന്നത്. സവർക്കർ എന്ന ചിത്പവൻ ബ്രാഹ്മണൻ ചെമ്മീൻ പാകം ചെയ്യുന്നത് കണ്ട് ഗാന്ധിജി ഖിന്നനായി. ഗാന്ധിജിയെ തങ്ങൾക്കൊപ്പം ഭക്ഷണം കഴിയ്ക്കാൻ സവർക്കർ ക്ഷണിച്ചു. ഒരു കടുത്ത സസ്യഭുക്കായിരുന്നതിനാൽ, ഗാന്ധിജി സവർക്കറുടെ ക്ഷണം നിരസിച്ചു. അപ്പോൾ അടുത്തുണ്ടായിരുന്ന വ്യക്തിയെ നോക്കി സവർക്കർ പറഞ്ഞു ‘ഒരു ചിത്പാവൻ ബ്രാഹ്മണനെ മാംസഭുക്കാക്കിയതിൻ്റെ പാപം നിനക്കിരിയ്ക്കട്ടെ.’ ശേഷം ഗാന്ധിജിയോടായി അദ്ദേഹം തുടർന്നു, ‘ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഈ ഭൂമിയിൽ നിങ്ങൾ ഞങ്ങളോടൊപ്പം എങ്ങനെ പ്രവർത്തിക്കും..? മാത്രമല്ല, ഇത് വെറും വേവിച്ച മത്സ്യമാണ്, ബ്രിട്ടീഷുകാരെ ജീവനോടെ ഭക്ഷിക്കാൻ തയ്യാറുള്ള ആളുകളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’ ഈ സംഭവം വിക്രം സമ്പത്ത് എന്ന ചരിത്രകാരൻ എഴുതിയ പുസ്തകമായ ‘സവർക്കർ: എക്രോസ്സ് ഫ്രം എ ഫോർഗോട്ടൻ പാസ്റ്റ്’ൽ രേഖപ്പെടുത്തിയിട്ടുണ്ട്.


രണ്ടാം സ്വദേശി പ്രസ്ഥാനത്തിൻ്റെ സമരങ്ങളുടെ പരിസമാപ്തിയെന്നോണം ബ്രിട്ടീഷുകാർ ബംഗാൾ പരീക്ഷണം അവസാനിപ്പിച്ചു. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911ൽ വീണ്ടും ഒരുമിപ്പിച്ചു. കഴ്‌സൺ സായിപ്പ് ചെയ്തത് ഹാഡിഞ്ജ് സായിപ്പ് തിരുത്തി. കൂടാതെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി. ഈ സമര വിജയം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് കൂടുതൽ ഊർജം പകർന്നു.


1857ലെ പട്ടാള കലാപത്തെ ആസ്പദമാക്കി വീർ വിനായക ദാമോദര സവർക്ക‍ർ രചിച്ച “ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്” എന്ന പുസ്തകം ആദ്യമായി1909ൽ മറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ക്രിയാത്മകമായ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അദ്ദേഹമിറങ്ങി. ഹിന്ദു-മുസ്ലിം ഐക്യത്തിൻ്റെ പ്രാധാന്യം ഉദ്ഘോഷിച്ചു കൊണ്ട് മുഗൾ രാജാവ് ബഹദൂർഷാ സഫറിൻ്റെ കവിതകൾ വർണ്ണിച്ച് ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ വീരചരിത്രം എഴുതി ബ്രിട്ടീഷ് ശൈലികളെ ഭാരതീയ പക്ഷത്തു നിന്നും നോക്കിക്കണ്ട് തിരുത്തുവാനാണ് അദ്ദേഹം ശ്രമിച്ചത്. അങ്ങനെ ശിപായി ലഹള എന്ന് പുച്ഛത്തോടെ ബ്രിട്ടീഷുകാർ വിളിച്ചിരുന്ന 1857ലെ സംഭവത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് തിരുത്തി വിളിക്കാൻ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനക്കാർക്ക് സവർക്കർ പ്രചോദനമായി.


നാസിക് കളക്ടറായിരുന്ന ജാക്സൺ സായിപ്പിനെ 1909 ഡിസംബർ 21ന് അഭിനവ് ഭാരത് പ്രവർത്തകരായ അനന്ത ലക്ഷ്മൺ കാൻഹരെ, കൃഷ്ണാജി കാർവെ, വിനായകറാവു ദേശ്പാണ്ഡെ എന്നിവർ ചേർന്ന് വെടിവച്ചുകൊന്നു. ഇവരെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചു പ്രഭാവിതരാക്കിയത് നിലവിൽ ബ്രിട്ടനിലുള്ള സവർക്കർ ആണെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് ബോദ്ധ്യപ്പെട്ടു. ഈ 3 പേരെയും ബ്രിട്ടീഷുകാർ തൂക്കിലേറ്റി. സവർക്കറിനായി ഇംഗ്ലണ്ടിൽ വലവീശി.


ഈ കൊലപാതക ഗൂഢാലോചനക്കേസിൽ സവർക്കർ ബ്രിട്ടനിൽ അറസ്റ്റിലായി. മോറിയ എന്ന കപ്പലിൽ സവർക്കറെ ഭാരതത്തിലേയ്ക്ക് വിചാരണയ്ക്കായി അയച്ചു. ഭാരതത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഫ്രാൻസിൻ്റെ തീരത്ത് വച്ച് സവർക്കറെ രക്ഷപെടുത്താൻ അഭിനവ് ഭാരത് സംഘടന പദ്ധതിയിട്ടു. മെഴ്സെയിൽ തുറമുഖത്തിന് സമീപം നങ്കൂരമിട്ട കപ്പലിലെ കക്കൂസ് ദ്വാരത്തിലൂടെ കൃശഗാത്രനായ സവർക്കർ നടുക്കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നീന്തി കരയിലെത്തിയ അദ്ദേഹം അവിടെക്കണ്ട ഫ്രാൻസ് പോലീസുദ്യോഗസ്ഥനോട് തനിക്ക് രാഷ്ട്രീയ അഭയം (Asylum) തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ പിന്നാലെയെത്തിയ ബ്രിട്ടീഷ് പോലീസ് പറഞ്ഞു ഇയാൾ കള്ളനാണെന്നും മോഷണക്കേസിൽ പിടികൂടപ്പെട്ട ആളാണെന്നും. കൈക്കൂലിയോ മറ്റോ ഫ്രാൻസ് പോലീസുകാരന് നൽകി സവർക്കറെ വീണ്ടും കപ്പലിൽ കയറ്റി. സഹായിക്കാൻ ഏർപ്പാടാക്കിയ അഭിനവ് ഭാരത് അംഗങ്ങൾ സ്ഥലത്തെത്താൻ വൈകിപ്പോയിരുന്നു. ഒടുവിൽ സവർക്കർ ഇന്ത്യയിലെത്തി വിചാരണ നേരിട്ടു. ഒടുവിൽ ഈ കേസിൽ സർക്കറിനെയും സഹോദരനെയും 25 വർഷത്തെ രണ്ടു കഠിന തടവ് ശിക്ഷകൾക്ക് 1911 ഏപ്രിൽ 8ന് ബ്രിട്ടീഷ് ഭരണകൂടം വിധിച്ച് 1911 ജൂലായ് 4ന് ആൻഡമാനിൽ സെല്ലുലാർ ജയിലിൽ (കാലാപാനി) അടച്ചു. സവർക്കർ സഹോദരന്മാർ ഇവിടെ വഴിപിരിയുകയാണ്. നാരായൺ സവർക്കറെ ഒറ്റയ്ക്കാക്കി ഗണേഷ്, ദാമോദർ സവർക്കർമാർ ആൻഡമാൻ ജയിലിലേക്ക് അയക്കപ്പെട്ടു. തുടർന്നുള്ള 10 വർഷങ്ങളും അദ്ദേഹം ഇതേ ജയിലിൽ ആയിരുന്നു.


ആൻഡമാനിലെ മറ്റു പല തടവുകാരും ബ്രിട്ടീഷുകാർക്ക് ദയാഹർജി സമർപ്പിച്ചു പുറത്തിറങ്ങുന്നത് കണ്ട സവർക്കറും സഹോദരനും ഈ മാർഗം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. തടവുകാർ ദയാഹർജി നൽകിയ കൂട്ടത്തിൽ 1911 ഡിസംബറിൽ സവർക്കർ ബ്രിട്ടീഷുകാർക്ക് ദയാഹർജി സമർപ്പിച്ചു. “സർക്കാർ സൂചിപ്പിക്കുന്ന ഒരു നിശ്ചിതവും ന്യായയുക്തവുമായ ഒരു കാലയളവിലേക്ക് രാഷ്ട്രീയത്തിൽ ഞാനും എൻ്റെ സഹോദരനും പങ്കെടുക്കില്ലെന്നും അല്ലെങ്കിൽ ഒരു പ്രത്യേക പ്രവിശ്യയിൽ തുടരുന്നതിനോ, ഞങ്ങളുടെ മോചനത്തിന് ശേഷം ഒരു നിശ്ചിത കാലയളവിലേക്ക് ഞങ്ങളുടെ നീക്കങ്ങൾ പോലീസിന് റിപ്പോർട്ട് ചെയ്യുന്നതിനോ രാജ്യത്തിൻ്റെ  സുരക്ഷ ഉറപ്പാക്കുന്നതിനോ വ്യവസ്ഥ ചെയ്യുന്ന ന്യായമായ എന്തും സന്തോഷത്തോടെ സ്വീകരിയ്ക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാ ബദ്ധരായിരിയ്ക്കും” എന്നതായിരുന്നു ദയാഹർജിയിലെ വാക്കുകൾ. ഇത് ടെംപ്ളേറ്റ് (Template) ആണ്, അന്നത്തെ ജയില്പുള്ളികൾക്ക് ഇത്തരം ടെംപ്ലേറ്റിൽ മാത്രമേ ദയാഹർജികൾ നൽകാൻ സാധിയ്ക്കുമായിരുന്നുള്ളു. വിടുതൽ അപേക്ഷ നൽകിയ മറ്റുപലരുടെയും ദയാഹർജികൾ സ്വീകരിയ്ക്കപ്പെട്ടുവെങ്കിലും സവർക്കർ സഹോദരന്മാരുടേത് നിരസിയ്ക്കപ്പെട്ടു.


ഒരു സംഘടനാ പ്രവർത്തകൻ ഒരിയ്ക്കലും തന്നെ തളച്ചിടുന്ന കെട്ടുപാടുകൾക്കുള്ളിൽ ഇരിയ്ക്കാൻ താത്പര്യപ്പെടുകയില്ല വസ്തുത സംഘടനാ പ്രവർത്തനങ്ങൾ ചെയ്ത് പരിചയമുള്ളവർക്ക് മാത്രമേ ബോദ്ധ്യപ്പെടൂ. അല്ലാത്തവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു സംഘടനാ പ്രവർത്തകനെ സംബന്ധിച്ച്, പ്രണയം തുലയുന്നതിലും വേദനാജനകമായ അവസ്ഥയായിരിയ്ക്കും സിദ്ധാന്തം പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ സംഘടനാ നാശം സംഭവിയ്ക്കുമ്പോൾ ഉണ്ടാകുന്നത്. ഒരു സംഘടനാ പ്രവർത്തകന് ഈ വാക്കുകളുടെ അർത്ഥം വേഗത്തിൽ മനസിലാകും. അതിനാൽ അവർ അത്തരം അവസ്ഥകൾ മറികടക്കാൻ പലമാർഗ്ഗങ്ങളും അവലംബിയ്ക്കും. സവർക്കറുടെ ദയാഹർജിയെ അതിലൊന്നായി കാണുവാൻ മാത്രമേ എനിയ്ക്ക് സാധിയ്ക്കുന്നുള്ളൂ.


മുസ്‌ലിം ലീഗ് രൂപീകരിയ്ക്കപ്പെട്ടതിനെക്കുറിച്ചും അതിൻ്റെ സാമൂഹിക ആഘാതത്തെക്കുറിച്ചും അതിലൂടെ സംഭവിക്കുന്ന സാമൂഹിക സാമ്പത്തിക പരിണാമത്തെക്കുറിച്ചും അതിൻ്റെ വരും വരായ്കകളെക്കുറിച്ചും ചിന്തിയ്ക്കുന്ന ഒരു പറ്റം ഉത്പതിഷ്ണുക്കളായ യുവാക്കൾ അന്ന് ഭാരതത്തിൽ ഉയർന്നുവന്നു. അവരിൽ പ്രധാനിയായിരുന്നു മദന്മോഹൻ മാളവ്യ.
മദന്മോഹൻ മാളവ്യയും കൂട്ടരും ചേർന്ന് നടത്തിയ അന്വേഷണങ്ങളിൽ സർക്കാർ തലത്തിൽ പല താക്കോൽ സ്ഥാനങ്ങളിലും മുസ്‌ലിംകൾ എത്തപ്പെട്ടിരിക്കുന്നതായും, ഇതിനിടയിൽ സംഭവിച്ച ചില കലാപങ്ങളിൽ ഭരണകൂടം കുറ്റകരമായ മൗനത്തിലായിരുന്നതിന് പിന്നിൽ ഈ ശക്തികളാണെന്നും കണ്ടെത്തി. അപ്പോഴേക്കും ഗംഗയിലൂടെയും സിന്ധുവിലൂടെയും ധാരാളം വെള്ളം ഒഴുകിപ്പോയിരുന്നു.


ഇതിനിടയിൽ സവർക്കറുടെ പ്രേരണയിൽ തടവുകാർ ചേർന്ന് (സവർക്കർ ഉൾപ്പടെയുള്ളവർ) ആൻഡമാനിലെ ജയിലധികൃതർക്ക് 1913 നവംബർ 14ന് ദയാഹർജി സമർപ്പിച്ചു. മുമ്പ് നമ്മൾ കണ്ട അതെ ടെംപ്ളേറ്റിൽ ആയിരുന്നു പുതിയ ദയാഹർജിയും. തീയതി മാത്രം വ്യത്യാസപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് സർക്കാരിന് സവർക്കറെ വിശ്വാസമായിരുന്നില്ല. പുറത്തിറങ്ങാനുള്ള സവർക്കറുടെ തന്ത്രമായി ഇതിനെ വിലയിരുത്തിയ അവർ ദയാഹർജി തള്ളി. എന്നാൽ സവർക്കർ അടങ്ങിയിരുന്നില്ല. കഠിനമായ ജോലികൾക്ക് നിയുക്തനായിരുന്നെങ്കിലും മറ്റു സമയങ്ങളിൽ തടവുകാരെ സംഘടിപ്പിച്ച് ക്‌ളാസ്സുകൾ നടത്തുമായിരുന്നു അദ്ദേഹം.


ഭരണഘടനാപരമായ അവകാശങ്ങളും ഭാരതത്തിൻ്റെ രാഷ്ട്രീയ ചരിത്രവും സാമ്പത്തിക ശാസ്ത്രവുമൊക്കെ അദ്ദേഹം തടവുകാരെ പഠിപ്പിച്ചു. ‘പ്രതികരിക്കാൻ കഴിയാത്ത അറിവും, അറിവിൻ്റെ പിന്തുണയില്ലാത്ത പ്രതികരണവും നിഷ്പ്രയോജനമാണ്’ എന്ന് സവർക്കർ പ്രഖ്യാപിച്ചു. ജയിലിൽ പുസ്തകങ്ങൾ എത്തിക്കാനും ലൈബ്രറി തുടങ്ങാനുമുള്ള അവകാശം സവർക്കർ നേടിയെടുത്തു. അതിനെത്തുടർന്ന് നിരവധി തടവുകാർ പഠിച്ചു പരീക്ഷകൾ പാസ്സായി. കുറ്റവാളികൾ പലരും പിന്നീട് അദ്ധ്യാപകരുമായി. ആൻഡമാനിൽ വിപ്ലവകാരികൾ അനുഭവിക്കുന്ന ക്രൂരതകൾ സവർക്കറുടെ പ്രയത്നത്താൽ ദേശീയ നേതാക്കളിലെത്തി. പത്രങ്ങൾ ഈ യാതനകൾ പ്രസിദ്ധീകരിച്ചു.
ആൻഡമാൻ ജയിലിലെ പഠാണികളായ ഉദ്യോഗസ്ഥർ ഹിന്ദു തടവുകാരെ മർദ്ദിയ്ക്കുകയും നിർബന്ധിച്ചു പശുമാംസം കഴിപ്പിയ്ക്കുകയും മറ്റും ചെയ്യുമായിരുന്നു. പ്രലോഭനങ്ങളിലും ഭീഷണിയിലും പെട്ട് ഹിന്ദുക്കൾ മതം മാറ്റപ്പെടുന്നത് സവർക്കർ കണ്മുന്നിൽ കണ്ടു. ഇത്തരം ദൃഷ്ടാന്തങ്ങൾ ഒരാളെ എങ്ങനെ പരുവപ്പെടുത്തുമെന്ന് നാം മനസിലാക്കണം. നിസ്സാരമായ കാര്യങ്ങൾ കൊണ്ട് തൻ്റെ മതം പോയി എന്ന് വിലപിക്കുന്ന ഹിന്ദുക്കൾക്ക് അദ്ദേഹം ധൈര്യവും സ്ഥൈര്യവും നൽകി. അതോടെ ആന്തമാൻ ജയിലിലെ ഹിന്ദു ഹീറോയായി മാറി സവർക്കർ.


സ്വാതന്ത്ര്യ ദാഹത്തിൻ്റെ തീജ്വാലകളെ രാഷ്ട്രഗീതങ്ങളായി അദ്ദേഹം ജയിൽ ഭിത്തികളിൽ കുറിച്ചിട്ടു. കാരിരുമ്പാണികൾ അദ്ദേഹത്തിന് തൂലികയായി. രാഷ്ട്രചിന്തയുടെ ഭാവധാരകൾ പകർത്തിവച്ച ആയിരക്കണക്കിന് വരികളാണ് തടവറയുടെ കരിങ്കൽ ഭിത്തികൾക്ക് അലങ്കാരമായത് . പിൽക്കാലത്ത് അതിലൊന്നുപോലും ചോർന്നു പോകാതെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഈ തടവറയ്ക്കുള്ളിൽ വച്ചാണ് ‘ഭാരതത്തെ മാതൃഭൂമിയായും പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്ന ഏതൊരാളും ഹിന്ദുവാണ്’ എന്ന് അദ്ദേഹം സൈദ്ധാന്തിച്ചത്. ഈ സിദ്ധാന്തമാണ് ഇന്നും ഭാരതത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകളുടെയും അടിസ്ഥാന പ്രമാണം. എന്നാൽ ജയിൽ വിട്ട് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യ ദാഹം മൂലം 1914ൽ വീണ്ടും സവർക്കറുടെ നേതൃത്വത്തിൽ തടവുകാരെല്ലാം ചേർന്ന് ബ്രിട്ടീഷ് സർക്കാരിന് ദയാഹർജി നൽകി. എന്നാൽ സവർക്കറുടെ ആദ്യത്തെ രണ്ടു ദയാഹർജികളും നിരസിയ്ക്കപ്പെട്ടപോലെ ഈ മൂന്നാം ഹർജിയും നിരസിയ്ക്കപ്പെട്ടു. ദയാഹർജി സമർപ്പിച്ച മറ്റു പലർക്കും വിടുതൽ ലഭിയ്ക്കുകയും ചെയ്തു. അകത്തുള്ളപ്പോൾ തന്നെ ഇത്രയും അപകടകാരിയായ സവർക്കറെ പുറത്ത് വിടാൻ ബ്രിട്ടീഷുകാർ ഒരു കാരണവശാലും തയ്യാറല്ലായിരുന്നു.
1914 ജൂലൈ 28ന് ലോക രാഷ്ട്രങ്ങൾ അണിനിരന്ന മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യമുന്നണിയും, ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ തുർക്ക് സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയ മുന്നണിയും തമ്മിലായിരുന്നു പോരാട്ടം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ പ്രധാന ശ്രദ്ധ ഈ യുദ്ധത്തിലേക്കായി, ഇതാണ് ഒന്നാം ലോക മഹായുദ്ധം.  


ബ്രിട്ടനും ഉൾപ്പെട്ട യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഇൻ്റലിജൻസ് ഡിപ്പാർട്ട്മെൻ്റ് തങ്ങളുടെ കോളനികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് അവരെ നിതാന്ത നിരീക്ഷണങ്ങളിൽ വയ്ക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു. ഇതിൻ്റെ ഭാഗമായി 1914ൽ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാരിൻ്റെ ക്രിമിനൽ ഇൻ്റലിജൻസ് ഓഫീസ് ഇന്ത്യയിലെ രാഷ്ട്രീയ കുറ്റവാളികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡോ. ഹെഡ്ഗേവാർ മുതലായവർ അതിൽ പ്രമുഖരായിരുന്നു. ‘ബുക്ക് 1914’ എന്ന ആ പുസ്തകം നാഷണൽ ആർകൈവ്സിൽ ഇന്നും ലഭ്യമാണ്.


ഇതേ കാലയളവിലാണ് ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനങ്ങൾ മതിയാക്കി 1915 ജനുവരി 9ന് ഗാന്ധിജി ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. മെയ് മാസത്തോടുകൂടി അദ്ദേഹം സത്യാഗ്രഹ സമര മുറകൾ ആരംഭിച്ചു ദേശീയ സമരത്തിൻ്റെ നെടു നായകത്വത്തിലേക്ക് വന്നു. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക് സംരക്ഷിക്കുന്നതിനു വേണ്ടിയും തൻ്റെ പോരാട്ടങ്ങളിലെ ബൗദ്ധികത ഉയർത്തി കാട്ടുന്നതിനുമായി ദക്ഷിണാഫ്രിക്കയിൽ മഹാത്മജി നടത്തിയിരുന്ന ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിൻ്റെ ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലെ പതിപ്പുകളിലൂടെ 1915 വരെ മഹാത്മജിയ്ക് ഇന്ത്യയിലെ അഭ്യസ്ഥവിദ്യരുടെ ഇടയിൽ സാമാന്യം പ്രശസ്തി ഉണ്ടായിരുന്നു. മാത്രമല്ല ഒന്നാം ലോക മഹായുദ്ധകാലത്ത് ഇന്ത്യക്കാരെ ബ്രിട്ടീഷ് സൈന്യത്തിൽ ചേർക്കാൻ ഗാന്ധിജി മുൻകൈ എടുക്കുകയും ചെയ്തു.


ആഗോളവും ദേശീയവുമായ നിലവിലെ സാഹചര്യങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുക്കൾ സംഘടിക്കേണ്ടതിലേക്ക് ചില ഉത്പതിഷ്ണുക്കളെ ചിന്തിപ്പിച്ചു. ഹിന്ദുക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള രാഷ്ട്ര വിമോചനം സ്വപ്നം കണ്ട് രാജ്യത്തിൻ്റെ പല ഭാഗത്തും രൂപീകൃതമായിരുന്ന ഹിന്ദു സഭകളെ ഒന്നിച്ചു ചേർക്കാൻ അവർ ഒരുമ്പെട്ടു. അങ്ങനെ മുസ്‌ലിം സമൂഹം രാഷ്ട്രീയമായി സംഘടിച്ച് 9 വർഷങ്ങൾക്ക് ശേഷം ഹിന്ദുക്കളെ രാഷ്ട്രീയമായി സംഘടിപ്പിക്കാൻ മദന്മോഹൻ മാളവ്യ മുന്നിട്ടിറങ്ങി. 1915ൽ ഹരിദ്വാറിൽ വച്ച് മദന്മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ അഖില ഭാരത ഹിന്ദു മഹാസഭ രൂപീകരിച്ചു.


മുസ്‌ലിംകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു അദ്ദേഹം. എന്നാൽ മുസ്ലീമുകൾക്കിടയിൽ ലീഗിന് കിട്ടിയ സ്വീകരണം ഹൈന്ദവർക്കിടയിൽ ഹിന്ദു മഹാ സഭക്ക് കിട്ടിയില്ല. ഹൈന്ദവരിലെ ജാതി ബോധം അസ്തമിക്കാതെ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാൻ സാധിക്കില്ലെന്ന് മാളവ്യക്ക് ബോധ്യപ്പെട്ടു. ജാതി ഉന്മൂലനത്തെക്കുറിച്ചു മാളവ്യ നടത്തിയ പ്രസംഗങ്ങൾ സവർണ്ണ ഹിന്ദുക്കളിൽ നിന്നും അദ്ദേഹത്തെ അകറ്റി.


1917 ജൂണിൽ എഡ്വിൻ മൊണ്ടാഗു സായിപ്പ് ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറിയായി. തുടർന്ന് 1917 ഡിസംബറിൽ ഇന്ത്യയിൽ നിലവിൽ വന്ന ഇംപീരിയൽ വാർ ഗ്രേവ്സ് കമ്മീഷൻ പ്രകാരം ഇന്ത്യാ ഗേറ്റ് എന്ന സ്മാരകം നിർമിയ്ക്കുവാനും അതിൽ ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി യുദ്ധത്തിൽ പങ്കെടുത്ത് മരണപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ പേരുകൾ ആലേഖനം ചെയ്യുവാനും ബ്രിട്ടീഷുകാർ തീരുമാനിച്ചു. മൊണ്ടാഗു സായിപ്പും വൈസ്രോയി ചെംസ്ഫോർഡ് സായിപ്പും ചേർന്ന് 1918ൽ ചില പരിഷ്‌കാരങ്ങൾ തയ്യാറാക്കി ഇതിനെ മൊണ്ടാഗു – ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ എന്നാണ് വിളിയ്ക്കുന്നത്. ഇതേസമയം ഒന്നാം ലോക മഹായുദ്ധം അതിൻ്റെ അന്ത്യത്തിലേക്കടുത്തു.


1918 നവംബർ 11നു കൊമ്പീൻ വനത്തിൽ വെടിനിർത്തൽ നടപ്പാക്കാനായി ഉടമ്പടിയുണ്ടാക്കിയതോടെ ഒന്നാം ലോക മഹായുദ്ധം ഫലത്തിൽ അവസാനിച്ചു. ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് നിലപാട് മയപ്പെടുമെന്ന പ്രതീക്ഷയിൽ, 1918ൽ സവർക്കർ വീണ്ടുമൊരു ദയാഹർജി ആൻഡമാൻ ജയിൽ അധികൃതർക്ക് പഴയ ടെംപ്ളേറ്റിൽ തന്നെ സമർപ്പിച്ചു. എന്നാൽ പഴയ കാരണങ്ങൾ തന്നെ കണക്കിലെടുത്ത് ഈ 4ആം ഹർജിയും ബ്രിട്ടീഷുകാർ നിരസിച്ചു. ജയോസ്‌തുതേ എന്ന് തുടങ്ങുന്ന പ്രശസ്ത ദേശഭക്തിഗാനമൊക്കെ സവർക്കർ രചിയ്ക്കുന്നത് ഈ ഘട്ടത്തിലാണ്.


മൊണ്ടാഗു – ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ 1919ലെ ഇന്ത്യാ ഗവൺമെണ്ട് ആക്ടിന് വഴി തെളിച്ചു. ഈ പരിഷ്കാരങ്ങളുടെ ഫലമായി ഇന്ത്യാ രാജ്യത്തെ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ ജനാധിപത്യവത്കരിയ്ക്കുവാനും അധികാര വികേന്ദ്രീകരണം കൊണ്ടുവരുവാനും സാധിച്ചു. ഇതൊക്കെ അക്കാലത്തെ അഭ്യസ്ഥ വിദ്യരുടെ ഇടയിലെ ചർച്ചകളിൽ ഇടം പിടിച്ചു.


സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട തൻ്റെ നിലപാടുകളും പ്രസ്താവനകളും ബ്രിട്ടീഷുകാരിലേക്കും അഭ്യസ്തവിദ്യരായ ഇന്ത്യൻ യുവതയിലേയ്ക്കും കൃത്യമായി എത്തിയ്ക്കുവാനായി ആഴ്ചയിൽ ഒന്ന് പ്രസീദ്ധീകരിയ്ക്കുന്ന വിധത്തിൽ അഹമ്മദാബാദ് ആസ്ഥാനമാക്കി 1919ൽ “യങ് ഇന്ത്യ” എന്ന പരസ്യങ്ങൾ ഇല്ലാത്ത ഇംഗ്ലീഷ് പത്രം മഹാത്മജി ആരംഭിച്ചു. കൂടാതെ 1919 സെപ്റ്റംബർ 7ന് അഹമ്മദാബാദിൽ നിന്നും നവജീവൻ എന്ന വാരിക ഗുജറാത്തി ഭാഷയിലും മഹാത്മജി പ്രസിദ്ധീകരിയ്ക്കാൻ ആരംഭിച്ചു.


ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തോടെ പല രാഷ്ട്രീയ തടവുകാരും ജയിൽ മോചിതരായി. ഈ അവസരത്തിൽ സവർക്കറുടെ മോചനം സംഭവിയ്ക്കുമോ എന്നറിയാനായി സവർക്കറുടെ ഇളയ സഹോദരനായ നാരായൺ ദാമോദർ സവർക്കർ ഗാന്ധിജിയ്ക്ക് കത്തെഴുതി. പ്രസ്തുത കത്തിൽ തൻ്റെ സഹോദരന്മാരുടെ മോചനത്തിനായി ഗാന്ധിജി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടായിരുന്നു. ഈ കത്ത് ലഭിച്ചതിനെ തുടർന്ന് 1920 ജനുവരി 25ന് ലാഹോറിൽ നിന്ന് മഹാത്മാഗാന്ധി, നാരായൺ സവർക്കർക്ക് മറുപടി കത്തെഴുതി. അതിൽ ഇങ്ങനെ പറഞ്ഞിരിയ്ക്കുന്നു
“പ്രിയ ഡോ. സവർക്കർ,
“നിങ്ങളുടെ കത്ത് എൻ്റെ പക്കലുണ്ട്. നിങ്ങളെ ഉപദേശിക്കാൻ പ്രയാസമാണ്. എന്നിരുന്നാലും, നിങ്ങളുടെ സഹോദരൻ ചെയ്ത കുറ്റം തികച്ചും രാഷ്ട്രീയമായിരുന്നു എന്ന വസ്തുതയ്ക്ക് വ്യക്തമായ ആധാരം നൽകുന്ന കേസിൻ്റെ വസ്തുതകൾ വ്യക്തമാക്കുന്ന ഒരു ഹ്രസ്വ നിവേദനം തയ്യാറാക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. കേസിൽ പൊതുശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഞാൻ ഇത് നിർദ്ദേശിക്കുന്നത്. അതിനിടയിൽ, ഞാൻ നേരത്തെ ഒരു കത്തിൽ നിങ്ങളോട് പറഞ്ഞതുപോലെ. ഞാൻ വിഷയത്തിൽ എൻ്റെതായ രീതിയിൽ നീങ്ങുകയാണ്”.
ആത്മാർത്ഥതയോടെഎം കെ ഗാന്ധി.


ഈ കത്ത് ലഭിച്ചതിനെക്കുറിച്ച് നാരായൺ സവർക്കർ ആൻഡമാൻ ജയിലിലേക്ക് എഴുതി വിഡി സവർക്കറെ അറിയിച്ചതിനെ തുടർന്ന് സവർക്കർ 1920 മാർച്ച് 30ന് വീണ്ടും ഒരു ദയാഹർജി എഴുതി ബ്രിട്ടീഷുകാർക്ക് നൽകി. ഇതും പഴയ ടെംപ്ളേറ്റിൽ ആയിരുന്നു. എന്നാൽ സവർക്കർക്ക് വീണ്ടും നിരാശപ്പെടുവാനായിരുന്നു വിധി. പഴയ കാരണങ്ങളാൽ തന്നെ ദയാഹർജി നിരസിയ്ക്കപ്പെട്ടു. സവർക്കറെ വിട്ടയച്ചാൽ മഹാരാഷ്ട്രയിൽ അഭിനവ് ഭാരത്തിൻ്റെ നേതൃത്വത്തിലുള്ള സമരപരിപാടികൾ വീണ്ടും ആളിപടർന്നേക്കാമെന്നുള്ള ബ്രിട്ടീഷുകാരുടെ വിലയിരുത്തലാണ് ഒരുമിച്ച് ദയാഹർജികൾ സമർപ്പിച്ച തൻ്റെത് അനുവദിക്കുകയും, സവർക്കറുടെ തള്ളുകയും ചെയ്തതിന് പിന്നിൽ എന്ന് കാക്കോരി ട്രെയിൻ കേസിൽ ശിക്ഷിയ്ക്കപ്പെട്ട് ആൻഡമാൻ ജയിലിൽ സവർക്കറുടെ ഒപ്പം ഉണ്ടായിരുന്ന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ്റെ  സ്ഥാപകനായ സചീന്ദ്ര നാഥ് സന്യാൽ പിൽക്കാലത്തെഴുതിയ “ബന്ദി ജീവൻ” എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.


ഇതോടെ മഹാത്മജി 1920 മെയ് 26ന് യംഗ് ഇന്ത്യ പത്രത്തിൽ ഇതേക്കുറിച്ച് ഒരു ആർട്ടിക്കിൾ എഴുതി. സവർക്കർ സഹോദരന്മാരോട് ഒരു ദയാഹർജി (Royal Clemency) ബ്രിട്ടീഷുകാർക്ക് നൽകാനുള്ള ഉപദേശവും ഗാന്ധിജിയുടെ ആർട്ടിക്കിളിൽ ഉണ്ടായിരുന്നു. (ഇതെല്ലാം വിക്രം സമ്പത്തിൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്) പക്ഷെ മഹാത്മജിയുടെ ഇടപെടൽ പോലും സവർക്കറുടെ മോചന കാര്യത്തിൽ ഫലം കണ്ടില്ല. തൻ്റെ അഞ്ചാമത്തെ ദയാഹർജിയും നിരസിയ്ക്കപ്പട്ട മനോവ്യഥയിൽ സവർക്കർ ആൻഡമാനിൽ തന്നെ തുടർന്നു.
ഇതിന് രസകരവും നിരാശാജനകവുമായ രണ്ടു വശങ്ങളുണ്ട്. നിരാശാജനകം എന്തെന്നാൽ നിലവിൽ സോഷ്യൽ മീഡിയയിലും മറ്റും കറങ്ങി നടക്കുന്ന ഗൂഗിൾ സേർച്ച് ചെയ്യുമ്പോൾ കിട്ടുന്ന സവർക്കറുടെ ദയാഹർജിയല്ല യഥാർത്ഥ ദയാഹർജി. ഇത് പലരും തെറ്റിദ്ധരിച്ച് ഉപയോഗിയ്ക്കുന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ അപമാനിയ്ക്കാനും പ്രതിരോധിയ്ക്കാനുമായി ഏതോ ഭാവനാകുബേരൻ സൃഷ്ടിച്ച സംഗതിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ലഭിയ്ക്കുന്നത്. കൂടാതെ കാര്യമറിയാതെ ചിലർ പറയുന്നുണ്ട് ഇത് നാഷണൽ ആർകൈവ്സിൽ ഉണ്ടെന്ന്. അതും വാസ്തവമല്ല. നാഷണൽ ആർകൈവ്സിലോ ആൻഡമാനിലെ ജയിൽ രേഖകളിലോ ഇങ്ങനെയൊരു സംഗതിയില്ല. ഒരുപാട് പഴയ ഈ രേഖകൾ കാലക്രമേണ നശിച്ചു പോയിരിയ്ക്കാം.


ഇതിലെ രസകരമായ വസ്തുത ഇതാണ്, താൻ ദയാഹർജികൾ നൽകിയിരുന്നു എന്ന് പിൽക്കാലത്ത് ലോകത്തോട് വെളിപ്പെടുത്തിയത് സവർക്കർ തന്നെ ആയിരുന്നു എന്നതാണത്. ധിഷണാശാലിയും ദേശാഭിമാനിയുമായിരുന്ന ഒരു മനുഷ്യൻ തൻ്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായി ചെയ്ത ഈ പ്രവൃത്തിയാണ് അദ്ദേഹത്തെ ചെരുപ്പുനക്കി എന്നും മറ്റും വിളിയ്ക്കുന്നതിന് ഹേതുവാകുന്നതെന്ന് ഓർക്കുമ്പോൾ ചരിത്രമറിയാതെ (അറിഞ്ഞിട്ടും) ഇത് ചെയ്യുന്നവരോട് എന്ത് പറയാനാണ് എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്.
1920 ഡിസംബറിൽ നാഗ്പൂരിൽ കോൺഗ്രസ്സ് സമ്മേളനം നടത്തപ്പെട്ടു. അഹിംസയെ കോൺഗ്രസ്സ് മുദ്രാവാക്യമാക്കുന്നതും, സ്വദേശി പ്രോത്സാഹനവും, വിദേശോത്പന്ന ബഹിഷ്കരണവുമൊക്കെ പ്രഖ്യാപിക്കുന്നത് ഈ സമ്മേളനത്തിലായിരുന്നു. യുവാക്കൾ പലരും കോൺഗ്രസിൽ പ്രവർത്തിയ്ക്കാൻ താത്പര്യപ്പെട്ടു വന്നത് ഈ സമ്മേളനത്തിലായിരുന്നു. അങ്ങനെ കോൺഗ്രസ്സിലെത്തിയ യുവാക്കളിൽ പ്രമുഖനായിരുന്നു ഡോ. ഹെഡ്ഗേവാർ. ഇദ്ദേഹമൊക്കെ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ മുൻനിര പ്രവർത്തങ്ങളിൽ സജീവമായിരുന്നു.


ഗാന്ധിജിയുടെ സത്യാഗ്രഹ – അഹിംസാ വഴി കോൺഗ്രസ് അംഗീകരിച്ചതിൽ പ്രതിഷേധിച്ച് 1920ൽ കോൺഗ്രസിൽ നിന്ന് മുഹമ്മദലി ജിന്ന രാജി വച്ചു. അഹിംസ പോലുള്ള കാര്യങ്ങൾ വ്യക്തി ജീവിതത്തിൽ പാലിയ്ക്കാൻ ഒരു മുസൽമാന്‌ ഒരിയ്ക്കലും സാധിയ്ക്കില്ല എന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.    
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികളെ തടവിൽ പാർപ്പിച്ചിരുന്ന ആൻഡമാനിലെ സെല്ലുലാർ ജയിൽ ഡീക്കമ്മീഷൻ ചെയ്യാനായി 1921ൽ ബ്രിട്ടീഷുകാർ തീരുമാനിച്ചു. അതിൻ്റെ ഭാഗമായി ഘട്ടം ഘട്ടമായി തടവുകാരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കൊണ്ടുവരാൻ തുടങ്ങി. സവർക്കറും സഹോദരനുമൊക്കെ അതിൻ്റെ ഭാഗമായി മഹാരാഷ്ട്രയിലെ രത്നഗിരി ജയിലിലേക്ക് 1921 മെയ് 2ന് മാറ്റപ്പെട്ടു. “ഹിന്ദുത്വ” എന്ന കൃതി അദ്ദേഹം രചിയ്ക്കുന്നത് ഈ ജയിലിൽ ഇരുന്നാണ്.


സവർക്കർ ജയിലിൽ ആയിരിയ്ക്കുമ്പോഴും അഭിനവ് ഭാരതിൻ്റെ രഹസ്യമായ പ്രവർത്തനം ഇന്ത്യയിൽ തളരാതെ നടന്നുവന്നു. അതിനെ തുടർന്ന് ഇന്ത്യയ്ക്കകത്തും പുറത്തും ഭാരത സ്വതന്ത്ര്യത്തിനായുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ഒരു പോലെ ശക്തിയാര്‍ജ്ജിച്ചു. അഭിനവ് ഭാരത് മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് വ്യാപിച്ചു. ലണ്ടനില്‍ നിന്നും അഭിനവ ഭാരത് അംഗങ്ങള്‍ മറ്റു രാഷ്ട്രങ്ങളിലേക്ക് ചേക്കേറി അവിടെയുള്ള ഇന്ത്യക്കാരെ അണിനിരത്താൻ തുടങ്ങി. വിപ്ലവത്തിൻ്റെ ചൂട് ബ്രിട്ടീഷ് ഗോപുരങ്ങളിലെത്തിത്തുടങ്ങി. ബ്രിട്ടീഷ് ഡിപ്ലോമാറ്റ് ആയിരുന്ന സർ ഇഗ്‌നേഷ്യസ് വലൻ്റെന്‍ ചിറോൾ 1921ൽ എഴുതി പൂർത്തിയാക്കിയ തൻ്റെ India Old And New എന്ന പുസ്തകത്തിൽ, അദ്ദേഹം നടത്തുന്ന ഒരു അഭിപ്രായപ്രകടനമുണ്ട്. അത് ഇങ്ങനെയാണ് “ബംഗാളികള്‍ ഗര്‍ജ്ജിക്കുന്നു, പക്ഷേ ആ ഗര്‍ജ്ജനത്തിൻ്റെ പിന്നിലെ തലച്ചോറ് പൂനെയിലാണ്“ ഈ വാചകം സവർക്കറുടെ ബുദ്ധിയിൽ രൂപപ്പെട്ട അഭിനവ് ഭാരത് സംവിധാനത്തിൻ്റെ പ്രവർത്തനങ്ങളെ ഉദ്ധരിച്ചായിരുന്നു എന്നതിന് ചരിത്രം സാക്ഷി.


ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഓട്ടോമൻ സാമ്രാജ്യം തകർന്നു. അത് വഴിവെച്ചത് ഖിലാഫത്ത് പ്രസ്ഥാനം എന്ന പോരാട്ടത്തിനാണ്. അതിൻ്റെ അനുരണനങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിലുമുണ്ടായി. ഖിലാഫത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കാൻ ഗാന്ധിജി കോൺഗ്രസുകാരോട് ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലിംകളെ പിന്തുണയ്ക്കുക എന്ന പെർസ്‌പെക്ടീവ് മാത്രമേ ഖിലാഫത്തിൽ ഗാന്ധിജി കണ്ടുള്ളൂ എങ്കിലും, ഒടുവിൽ മലബാറിൽ അത് ചെന്നെത്തിയത് മാപ്പിള ലഹള എന്നു പേരായ ഹൈന്ദവൻ്റെ ചോരയൊഴുക്കിയ ചോരക്കളിയിലാണ് എന്നത് അതിൻ്റെ ദുരന്ത പൂർണ്ണമായ പര്യവസാനമാണ്.


അവിഭക്ത ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കിടയിൽ (1919 മുതൽ 1926 വരെ) ഉണ്ടായ ഒരു പാൻ ഇസ്‌ലാമിക രാഷ്ട്രീയ മുന്നേറ്റമായി ഖിലാഫത്ത് പ്രസ്ഥാനം ഉടലെടുത്തു, മുസ്‌ലിങ്ങളുടെ ആഗോള നേതൃത്വമായ തുർക്കി ഖിലാഫത്തിനെതിരായ ബ്രിട്ടൻ്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടത്. പിന്നീട് അത് സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവർത്തനം ചെയ്യിക്കാൻ മഹാത്മജി ഒരു പ്രീണന നയം രൂപീകരിച്ചു. പ്രീണനങ്ങൾ എന്നും തിരിഞ്ഞു കുത്തും എന്നതു പോലെ ഖിലാഫത്ത് പ്രസ്ഥാനവും തിരിഞ്ഞു കടിച്ചു, കാരണം രാഷ്ട്രീയ ഇസ്‌ലാമിനെ വളർത്തുവാൻ മാത്രമേ ഖിലാഫത്ത് പ്രസ്ഥാനം ഉപകരിച്ചുള്ളൂ എന്ന് പിൽക്കാല ചരിത്രം തെളിയിച്ചു.


ഖിലാഫത്ത് പ്രസ്ഥാനം കേരളത്തിൽ 1921ലെ മലബാർ ലഹളക്ക് കാരണമായി കേരളത്തിൻ്റെ മണ്ണിൽ ഹൈന്ദവൻ്റെ ചോരച്ചാലുകൾ ഒഴുകി നദികൾ രൂപപ്പെട്ടു, ഹൃദയ വേദനയോടെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി ആയിരുന്ന കുമാരനാശാൻ “ദുരവസ്ഥ” എന്ന കവിതയിലൂടെ മലബാർ കലാപത്തെ വിവരിച്ചു കാട്ടി,
കേരളജില്ലയിൽ കേദാരവും കാടു-മൂരും മലകളുമാർന്ന ദിക്കിൽ,
ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-ച്ചോരയാൽ ചൊല്ലെഴും ‘ഏറനാട്ടിൽ’,
എന്നാണ് മഹാകവി ആശാൻ പാടിയത്
മാത്രമല്ല, കേരള ഗാന്ധി കെ കേളപ്പൻ മലബാർ കലാപത്തിൻ്റെ യഥാർത്ഥ മുഖം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഏകപക്ഷീയമായ ഹിന്ദു വേട്ട നടന്ന സംഭവങ്ങളാണ്, പ്രതികരിക്കാൻ തയ്യാറെടുത്ത ഹിന്ദു യുവാക്കളെ മഹാത്മജി തടഞ്ഞത്, ഹിന്ദുമഹാസഭയെ ചൊടിപ്പിച്ചു. ഇതിനിടയിൽ പലയിടത്തും ഹിന്ദു യുവാക്കളുടെ ഏകീകരണങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു പക്ഷെ അവയൊന്നും മുസ്ലീമുകളുടെ പോലെ ഒരു കേന്ദ്രീകൃത സ്വഭാവം പുലർത്തിയിരുന്നില്ല.
പഞ്ചാബിൽ നിന്നും ഭാരത സ്വാതന്ത്ര്യ സമര ഭൂമിയിലേക്ക് ജ്വലിച്ചുയർന്ന ശ്രീമാൻ ഭഗത്സിങ്ജി രാഷ്ട്രീയ ലേഖനങ്ങൾ എഴുതുമായിരുന്നു. സ്വാതന്ത്ര്യ ദാഹിയായ നിരവധി ആർട്ടിക്കിളുകൾ ബൽവന്ത് സിങ് എന്ന തൂലികാ നാമത്തിൽ (കള്ളപ്പേരിൽ) കൽക്കട്ടയിൽ നിന്നും പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന മത് വാലാ എന്ന ഹിന്ദി വീക്കിലിയിൽ അദ്ദേഹം എഴുതാറുണ്ടായിരുന്നു. അതിൻ്റെ 1924 നവംബർ 15നും 22നും ഇറങ്ങിയ രണ്ട് ലക്കങ്ങളിൽ ‘വിശ്വപ്രേം’ എന്നൊരു ആർട്ടിക്കിൾ ഭഗത്സിങ്ജി എഴുതി. അതിൽ പറയുന്നത് അതിയായ ദേശപ്രേമവും ലക്ഷ്യത്തോടുള്ള അദമ്യമായ പിടിവാശിയുമുള്ള വിപ്ലവകാരിയാണ് വീർ സവർക്കർ എന്നാണ്. സവർക്കർക്ക് ആദരവ് നല്കിയ ആളായിരുന്നു ഭഗത്സിങ്ങ്ജി. (‘भगतसिंह और उनके साथियों के सम्पूर्ण उपलब्ध दस्तावेज़’ എന്ന ഭഗത്സിങിൻ്റെയും കൂട്ടരുടെയും സമ്പൂർണ കൃതികളുടെ ഡോക്യുമെൻ്റ് ലെ 93ആം പേജിൽ ഇതിൻ്റെ വിവരങ്ങളുണ്ട്)
ഇതേസമയം സവർക്കറുടെ ജയിൽവാസം മഹാരാഷ്ട്രയിൽ വലിയ സഹതാപ തരംഗം അലയടിപ്പിച്ചു. സവർക്കറെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ അഭ്യർത്ഥനകളുടെ പ്രളയം തന്നെയുണ്ടായി. പല പൗരപ്രമുഖരും ഈ ആവശ്യവുമായി ബ്രിട്ടീഷ് അധികൃതരെ സമീപിച്ചു. ഒടുവിൽ ഉപാധികളോടെ വിട്ടയയ്ക്കാൻ ബ്രിട്ടീഷുകാർ തയ്യാറായി. രത്നഗിരിയിൽ തന്നെ താമസിക്കണമെന്നും മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കണമെന്നും. തുടർന്നും സർക്കാർ നിരീക്ഷണത്തിൽ താങ്കൾ വീട്ടുതടങ്കലിൽ ആയിരിയ്ക്കുമെന്നും. യാതൊരു വിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നുമായിരുന്നു പ്രധാന ഉപാധികൾ. ഈ ഉപാധികൾ അംഗീകരിച്ചുകൊണ്ട് 1924 ജനുവരി 6ന് രത്നഗിരി ജയിലിൽ നിന്നും സവർക്കർ മോചിതനായി വീട്ടു തടങ്കലിൽ പ്രവേശിച്ചു.
ഇതിനോടകം തന്നെ അദ്ദേഹം മഹാരാഷ്ട്രയിലെ ഒരു വലിയ ബിംബമായി കരുതപ്പെട്ടു. പലരും പിതൃസമാനനായി അദ്ദേഹത്തെ കണ്ടു. സന്ദർശകരിൽ പലരും അദ്ദേഹത്തിൻ്റെ പാദത്തിൽ തൊടുമായിരുന്നു. എല്ലാവരെയും ‘യശസ്വി ഹൂം യാ’ എന്ന് ഉച്ഛരിച്ചുകൊണ്ട് അദ്ദേഹം അനുഗ്രഹിച്ചു. സവർക്കർക്ക് പിന്നാലെ ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഒരു കണ്ണ് എപ്പോഴുമുണ്ടായിരുന്നു. അത് സവർക്കർക്കും ബോദ്ധ്യമുണ്ടായിരുന്നു. തുടർന്നുള്ള ജീവിതം മുഴുവൻ ഈ ബോദ്ധ്യത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞത്. രാഷ്ട്ര സ്വാതന്ത്ര്യത്തിനുവേണ്ടി തൻ്റെ യവ്വനത്തിൻ്റെ 13 വർഷങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ജയിലിൽ ഹോമിച്ച അദ്ദേഹത്തിൻ്റെ ത്യാഗത്തെ ബഹുമാനിച്ചില്ലെങ്കിലും ഇകഴ്ത്തുന്നത് ദ്രോഹമാണ്.


ജയിൽവാസവും അവിടുത്തെ ഹിന്ദു ജനതയുടെ ദുരിതങ്ങളും മുസ്ലീങ്ങളുടെ പെരുമാറ്റ രീതികളുമെല്ലാം സവർക്കറെ ആഴത്തിൽ സ്വാധീനിച്ചു എന്നുവേണം മനസിലാക്കാൻ കാരണം അദ്ദേഹത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ ഹിന്ദു സമാജത്തിന് വേണ്ടിയായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുന്ന പക്ഷം താൻ മനസിലാക്കിയ ഇസ്ലാമിക സ്വഭാവം എങ്ങനെ അതിനെ കൈകാര്യം ചെയ്യും എന്ന ഉറച്ചബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.


1925 സെപ്റ്റംബർ 27 വിജയ ദശമിയ്ക്ക്  മഹാരാഷ്ട്രയിലെ നാഗ്പൂരിനു സമീപത്തുള്ള മോഹിതവാഡ ഗ്രൗണ്ടിൽ കുറച്ചു കുട്ടികളെ വിളിച്ചു കൂട്ടി ഒരു സംഘടന തുടങ്ങുവാൻ ഡോ. ഹെഡ്ഗേവാർ തീരുമാനിച്ചു. ഭാരതത്തിൽ വൈദേശിക കടന്നു കയറ്റം എങ്ങനെ സംഭവിച്ചു, അതിൻ്റെ കാരണങ്ങൾ എന്തൊക്കെ, ഭാരത ഭൂമിയുടെ ഉജ്ജ്വലമായ പൂർവ ചരിത്രം ഉത്ബോധിപ്പിയ്ക്കേണ്ടതിൻ്റെ ആവശ്യകത എന്നവയെപ്പറ്റിയായിരുന്നു അദ്ദേഹം നിരന്തരമായി സംസാരിച്ചുകൊണ്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലഭിച്ച സ്വാതന്ത്ര്യത്തെ എങ്ങനെ സംരക്ഷിയ്ക്കണം എന്നതിനെക്കുറിച്ചും ഡോ. ഹെഡ്ഗേവാറിന് ആശയ വ്യക്തത ഉണ്ടായിരുന്നു. ദൈനംദിനം മോഹിത് വാഡ ഗ്രൗണ്ടിൽ കുട്ടികൾ എത്തുകയും അത് ശാഖ എന്ന് വിളിയ്ക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) സ്ഥാപനം അത്രയ്ക്കും വാർത്താ പ്രാധാന്യമുള്ള കാര്യമായിരുന്നില്ല അക്കാലത്ത്. ഇങ്ങനെയൊരു സംഘടന സ്ഥാപിച്ച കാര്യം അതിൻ്റെ സ്ഥാപകനൊഴികെ (ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ) മറ്റാരും അറിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത. എന്നാൽ ചരിത്രാതീതമായ പ്രസക്തി ആർഎസ്എസിന് ലഭിയ്ക്കുന്നത് പിൽക്കാലത്താണ്. സവർക്കർ അടക്കമുള്ള വിപ്ലവകാരികളുടെ ജീവിതം ഹെഡ്ഗേവാറിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻ്റെ തന്നെ പിൽക്കാല പ്രഖ്യാപനങ്ങളിലുണ്ട്.


1927 നവംബറിൽ ബ്രിട്ടിഷ് ഗവണ്മെൻ്റ ജോൺ സൈമൺ സായിപ്പ് ചെയർമാനായ ഒരു 7 അംഗ കമ്മീഷനെ ഇന്ത്യയിൽ പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി നിയമിച്ചു. ഇന്ത്യക്കാരാരുമില്ലാത്ത ഈ പ്രഹസന കമ്മീഷനെതിരെ വ്യാപകമായ സമരങ്ങൾ കോൺഗ്രസ്സ് നേതൃത്വത്തിൽ ആരംഭിച്ചു. ഹിന്ദുമഹാസഭയും മറ്റും സൈമൺ കമ്മീഷനെ ബഹിഷ്ക്കരിച്ചു.
1928 ആയപ്പോഴേക്കും മുഹമ്മദലി ജിന്ന മുസ്ലിം ലീഗിൻ്റെ ശക്തമായ മുഖമായി ഉയര്‍ന്നു വന്നു. സിന്ധിനെ വിഭജിക്കണം എന്ന നിലപാടിലേക്ക് ലീഗ് എത്തിച്ചേർന്നു. മഹാത്മാഗാന്ധി ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതായി ചരിത്ര രേഖകളിലെങ്ങും സൂചന കാണുന്നില്ല. പക്ഷെ ഹിന്ദുമഹാസഭ ഇക്കാര്യത്തെ എതിർത്തിരുന്നു. പക്ഷെ സിന്ധ് വിഭജനം സംഭവിച്ചു. തുടര്‍ന്നു നടന്ന വര്‍ഗീയ കലാപങ്ങളില്‍ സിന്ധ്‌, കറാച്ചി, ഷിക്കാര്‍പ്പൂര്‍ എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടു.


1928ൽ സൈമൺ കമ്മീഷനെതിരായി ജനകീയ പ്രക്ഷോഭങ്ങൾ ഉച്ചസ്ഥായിയിലായി. മറാത്തി മദ്ധ്യസംസ്ഥാന കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൈമൺ കമ്മീഷൻ വിരുദ്ധ സമരത്തിൽ അപ്പാജി ജോഷി ജനറൽ സെക്രട്ടറിയയായും ഡോ. ഹെഡ്ഗേവാർ കാര്യസമിതി അംഗവുമായിരുന്നു. ശ്രീ. ഹെഡ്ഗേവാറിൻ്റെ നിർദ്ദേശമനുസരിച്ച് നാഗ്പൂരിലെ ആർഎസ്എസ് ശാഖകളിൽ നിന്നുള്ള പ്രവർത്തകർ സമരത്തിനിറങ്ങി. കോൺഗ്രസ്സ് നേതാക്കളായ ലാലാ ലജ്പത് റായിയും മഹാത്മാഗാന്ധിയും ചേർന്ന് നയിച്ച ഈ സമരങ്ങളിൽ ബഹുജന പങ്കാളിത്തമുണ്ടായി. “സൈമൺ ഗോ ബാക്ക്” മുദ്രാവാക്യങ്ങളോടെ നടന്ന സമരങ്ങളിൽ പോലീസ് ലാത്തി ചാർജുണ്ടായി. ഭീകരമായ ഭാണകൂട മർദ്ദനം ഏറ്റുവാങ്ങി അവശനായ ധീര ദേശാഭിമാനി ലാലാജി 1928 നവംബർ 17ന് അന്തരിച്ചു.
ലാലാജിയുടെ മരണത്തിൽ മനം നൊന്ത, സഹന സമരങ്ങളോട് എതിർപ്പുണ്ടായിരുന്ന അന്നത്തെ ഒരുപറ്റം ഇന്ത്യൻ യുവാക്കൾ ലാലാജിയെ കൊന്ന ലാത്തിച്ചാർജിന് ഉത്തരവിട്ട ബ്രിട്ടീഷ് പൊലീസ് ഓഫീസർ സ്കോട്ട് സായിപ്പിനെ വധിയ്ക്കുവാൻ തീരുമാനമെടുത്തു. അവരായിരുന്നു ഭഗത്സിങ്ങും രാജ്ഗുരുവും മറ്റുമടങ്ങുന്ന സംഘം. സ്കോട്ട് സായിപ്പിനെ കൊല്ലാൻ ഒരുക്കിയ പദ്ധതി പാളുകയും പകരം മറ്റൊരു പൊലീസ് ഓഫീസർ സാൻഡേഴ്‌സ് സായിപ്പ് 1928 ഡിസംബർ 17ന് ഭഗത്സിങ്ജിയുടെ വെടിയേറ്റ് മരണപ്പെടുകയും ചെയ്തു. ഭത്സിങ്ജിയും കൂട്ടരും രക്ഷപ്പെട്ടു.
മോഹിത് ഭാഗ് ശാഖയിലെ സ്വയംസേവക് ആയിരുന്ന രാജ്‌ഗുരു, സാൻഡേഴ്‌സൺ കൊലപാതകത്തിന് ശേഷം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിച്ചേരുകയും ഡോ. ഹെഡ്ഗേവാറിനെ സമീപിയ്ക്കുകയും ചെയ്തു. ഹെഡ്‌ഗേവാര്‍ ഒരു വീട് രാജ്ഗുരുവിന് സംഘടിപ്പിച്ചു കൊടുക്കുകയും പൂനെയിലെ സ്വന്തം വീട്ടിലേക്ക് ഇപ്പോള്‍ പോകരുതെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. ചരിത്രകാരനായ നരേന്ദ്ര നെഹ്‌വാൾ തൻ്റെ “ഭാരത് വര്‍ഷ് കീ സര്‍വാംഗ് സ്വതന്ത്രത” എന്ന കൃതിയിൽ ഇതൊക്കെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. നാരായണ്‍ ഹരി എഴുതിയ കൃതിയിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. 1929 ഏപ്രിൽ 8ന് ഭഗത് സിങ്, ബടുകേശ്വർ ദത്ത് എന്നിവർ ചേർന്ന് ലാഹോർ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ബോംബെറിയുകയും അവിടെ പിടി നൽകുകയും ചെയ്തു. രാജ്‌ഗുരുവും പോലീസ് പിടിയിലായി. അങ്ങനെ ബ്രിട്ടീഷ് ജഡ്ജിമാർ ഭഗത്സിങ്ജിയ്ക്കും കൂട്ടർക്കും വധശിക്ഷ വിധിച്ചു. ഈ വധശിക്ഷ പ്രഖ്യാപനം ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ കൂടുതൽ യവ്വനയുക്തവും തീക്ഷ്ണവുമാക്കി
ഈ കാലയളവിലെല്ലാം തന്നെ ഇസ്ലാമിക രാഷ്ട്ര ബോധം മുസ്ലീങ്ങളിൽ ഊട്ടിയുറയ്ക്കപ്പെട്ടു. മുസ്ലിംകൾക്ക് ഒരു രാഷ്ട്രം വേണമെന്ന് ആദ്യമായി പരസ്യമായി ആവശ്യപ്പെട്ടത് മുഹമ്മദ് ഇഖ്ബാൽ ആയിരുന്നു, ഇദ്ദേഹത്തെ എല്ലാവർക്കും സുപരിചിതമാണ്. ഹിന്ദുക്കളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി “സാരെ ജഹാൻ സെ അഛാ ഹിന്ദുസ്ഥാൻ ഹമാര ഹമാരാ” എന്ന് പാടി നടന്നിരുന്ന മുസ്ലീമുകൾക്ക് ഇന്നും ആവേശം പകരുന്ന ഉർദ്ദു കവി. അൽ തക്കിയ (വിശുദ്ധ നുണ) എന്നതിനെ വളരെ സമർഥ്യത്തോടെ പ്രയോഗവത്‌കരിച്ച മുസ്‌ലിംകളിൽ പ്രധാനിയായിരുന്നു ഇഖ്ബാൽ.  
1930 ഡിസംബർ 30ന് അലഹബാദിൽ വച്ച് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ വച്ച് മുസ്ലീമുകൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന് മുഹമ്മദ് ഇഖ്ബാൽ ആഗ്രഹം പ്രകടിപ്പിച്ചു, ഹൃദയ സ്പർശകങ്ങളായ കവിതകൾ പാടി, കുറച്ചു വർഷങ്ങൾക്ക് മുമ്പ് കേരള സ്‌കൂൾ കലാമേളയിൽ കേട്ട “കാണുകയില്ലാ ബാബറീ ഇനി കേൾക്കുകയില്ല ബാങ്കൊലി” എന്ന പോലെയുള്ള വികാരത്തിളപ്പുണ്ടാക്കുന്ന കവിതകളും മുഹമ്മദ് ഇഖ്‌ബാലിൻ്റെ ഭാവനയിൽ ഉരുത്തിരിഞ്ഞിരുന്നു.


പഞ്ചാബ്, വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, സിന്ധ്, ബലൂചിസ്ഥാൻ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു രാഷ്ട്രമായിരുന്നു ഇഖ്ബാലിൻ്റെ സ്വപ്നം. താമസിയാതെ തന്നെ കറാച്ചിയിലെ ഒരു പൊതു സമ്മേളനത്തിൽ അയാൾ പ്രസംഗിച്ചു., “ഇസ്ളാം എന്നത് ഒരു രാഷ്ട്രം തന്നെയാണെന്നും, മുസ്‌ലിംകൾ ഒരു വ്യത്യസ്ഥ രാഷ്ട്രീയ യൂണിറ്റാണെന്നും”.
ഈ പ്രസംഗം നടന്നതിന് പിന്നാലെ കുപ്രസിദ്ധമായ കറാച്ചി കലാപം അരങ്ങേറി. ഹിന്ദുവിൻ്റെ ചോരയാൽ കറാച്ചിയുടെ മണ്ണ് ചുവന്നു. മഹാത്മജി പതിവ് സമാധാന റാലികളും നിരാഹാര സത്യാഗ്രഹവുമായി കളം പിടിച്ചു. പ്രതികരിക്കുവാൻ തയ്യാറായ ഹൈന്ദവരെ നിരുത്സാഹപ്പെടുത്തി. ഇതൊക്കെക്കൊണ്ടാണ് ഇഖ്ബാലിനെ പാകിസ്താൻ്റെ പ്രവാചകൻ എന്ന് വിളിക്കുന്നത്.


1931 മാർച്ച് 23ന് ഭഗത്സിങ്ജിയേയും കൂട്ടുകാരെയും സായിപ്പന്മാർ തൂക്കിക്കൊന്നു. ഇതേ തുടർന്ന് 1931 മാർച്ച് 26ന് കറാച്ചിയിൽ നിശ്ചയിച്ചിരുന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുക്കുവാനായി തലേ ദിവസം കറാച്ചിയിലെത്തിയ മഹാത്മജിയ്ക്ക് നേരിടേണ്ടി വന്നത് ജനരോക്ഷത്തിൻ്റെ ആക്രോശങ്ങളായിരുന്നു. കറുത്ത തുണി കൊണ്ടുണ്ടാക്കിയ റോസാപ്പൂക്കൾ മഹാത്മാവിന് സമ്മാനിയ്ക്കപ്പെട്ടു, “ഗാന്ധി ഗോ ബാക്ക്, ഗാന്ധി മൂർദ്ദാബാദ്” മുദ്രാവാക്യം വിളികൾ അവിടെയെങ്ങും മുഴങ്ങി.


ഇതേ സമ്മേളനത്തില്‍ ഗാന്ധിജിയുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ, ഭഗത്‌ സിംഗ്‌ നടത്തിയ ബോംബേറിനെ പ്രകീര്‍ത്തിക്കുന്ന പ്രമേയം പാസാക്കികൊണ്ട് കോൺഗ്രസ്സിലെ വിപ്ലവകാരികൾ തങ്ങളുടെ നിലപാട് വ്യകത്മാക്കി. മഹാത്മാവിൻ്റെ ആശയങ്ങൾക്ക് പ്രയോഗികതയില്ല എന്ന വിമർശനം സ്ഥാപിച്ചെടുക്കാൻ ഇതിലൂടെ യുവ വിപ്ലവകാരികൾക്ക് സാധിച്ചു. മഹാത്മാവിന് ഇതൊട്ടും ഇഷ്ടപ്പെട്ടില്ല.
സാന്‍ഡേഴ്സണെ വധിച്ച കുറ്റത്തിനു ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് ആർഎസ്എസ് മേധാവി ഹെഡ്ഗേവാര്‍ ദുഃഖിതനായി. അവരുടെ ത്യാഗം വെറുതെയാവില്ലെന്ന് അദ്ദേഹം തൻ്റെ അനുയായികളോട് പറഞ്ഞു. ആർഎസ്എസ് ശാഖകളിൽ ഭഗത്സിങ്ങിൻ്റെയും കൂട്ടരുടെയും അപദാനങ്ങൾ പാടുവാൻ ആരംഭിച്ചു. അവരുടെ വീര ബലിദാനത്തെ പുകഴ്ത്തിപ്പാടി. തലമുറകളുടെ ഉള്ളിൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ ദീപ്ത സ്മരണകളായിരിയ്ക്കുവാനുള്ള പ്രവർത്തനം തുടങ്ങിവച്ചു. ഇന്നും ആർഎസ്എസ് ശാഖകളിൽ മുഴങ്ങുന്ന ഗണഗീതങ്ങളിൽ ഭഗത്സിങ് ഒരു പ്രതീകമാണ്.


വീട്ടു തടങ്കലിൽ ആയിരുന്നെങ്കിലും സവർക്കർക്ക് രത്നഗിരിയിലെമ്പാടും സഞ്ചരിയ്ക്കുന്നതിന് തടസങ്ങളുണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ ഹിന്ദു നവോത്ഥാന പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധ. രത്നഗിരിയിലെ തൻ്റെ സാമൂഹിക പ്രവർത്തനത്തിൻ്റെ ഭാഗമായി വിഡോബ (വിഷ്ണു) ക്ഷേത്രത്തിൽ ദളിത് (ശൂദ്ര) വിഭാഗങ്ങൾക്ക് പ്രവേശനം നേടിക്കൊടുക്കാനുള്ള പ്രവർത്തനം സവർക്കർ നടത്തി വിജയിപ്പിച്ചു. ഇന്ത്യയിലെ തന്നെ പ്രഥമ ക്ഷേത്ര പ്രവേശന നടപടിയായി ഇതിനെ കണക്കാക്കാം (ദളിത് എന്ന വാക്ക് മറാത്തി ഭാഷയിലെ പദപ്രയോഗമാണ്. അടിച്ചമർത്തപ്പെട്ടവൻ എന്നതാണ് ഈ വാക്കിൻ്റെ അർഥം. മഹാരാഷ്ട്രയിലെ ശൂദ്ര സമുദായത്തിലെ മനുഷ്യരെയാണ് ദളിത് എന്ന് പൊതുവെ വിളിയ്ക്കുന്നത്. കേരളത്തിൽ ഹരിജൻ ഗിരിജൻ വിഭാഗക്കാരെ ദളിത് എന്ന് വിളിയ്ക്കുന്ന രീതി കണ്ടുവരുന്നു. അതിനാൽ ഇക്കാര്യത്തിലെ തെറ്റിദ്ധാരണ ഒഴിവാക്കുവാനായി സൂചിപ്പിച്ചു എന്ന് മാത്രം)
രത്നഗിരിയിൽ എല്ലാ ഹിന്ദു വിഭാഗങ്ങൾക്കും പ്രവേശനമുള്ള പതീത പാവൻ ക്ഷേത്രം 1931ൽ പണി കഴിപ്പിച്ചുകൊണ്ട് അയിത്തോച്ഛാടന സമരത്തിൻ്റെ ഭാഗമായി സവർക്കർ തൻ്റെ നിലപാട് വ്യക്തമാക്കി. ഹിന്ദു നവോത്ഥാനം കൊണ്ടുമാത്രമേ ഭാരത രാഷ്ട്രത്തിന് മോക്ഷമുണ്ടാകുകയുള്ളു എന്ന് സവർക്കർ വിശ്വസിച്ചിരുന്നു. എന്നാൽ ഒരു വിരോധാഭാസം എന്തെന്നാൽ സവർക്കർ നിരീശ്വരവാദി ആയിരുന്നു എന്നതാണ്.


1931ൽ പൂനയിലെ ഫെർഗൂസൻ കോളേജ് സന്ദർശിക്കുന്ന അവസരത്തിൽ മുബൈ ആക്ടിങ് ഗവർണറായിരുന്ന ജോൺ ഏണസ്റ്റ് ബട്ടറി ഹോട്സൺ എന്ന സായിപ്പിനെ, ഹിന്ദുമഹാസഭയുടെ പ്രവർത്തകനായ വാസുദേവ് ബലവന്ത് ഗോഗ്‌ട്ടെ എന്ന വിദ്യാർത്ഥി വെടിവച്ചു കൊല്ലാൻ ശ്രമിച്ചത് കറാച്ചി പ്രമേയത്തിൻ്റെ പ്രചോദനമായി ഗാന്ധിജി വ്യാഖ്യാനിച്ചു. ഗാന്ധിജിയുടെ ഈ പരാമര്‍ശത്തെ സുഭാഷ്‌ ചന്ദ്രബോസ് ‌വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം ഗാന്ധിജിക്ക്‌ അനഭിമതനായി.
ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന ആശയം മുൻനിറുത്തി 1931 നവംബർ 1ന് ഹിന്ദുക്കൾക്കിടയിലെ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്ക് എതിരായി ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു. ഇത് ഹൈന്ദവ ഉദ്ധാനം ഉണ്ടാക്കിയ സംഭവമായിരുന്നു. കുറഞ്ഞപക്ഷം എല്ലാ ഹിന്ദു ജാതികളിലും പെട്ടവർ മനസ്സില്ലാ മനസ്സോടെയെങ്കിലും ഒന്നിച്ചു നടക്കുവാനെങ്കിലും നിർബന്ധിതരായ സംഭവങ്ങളായിരുന്നു ഇതൊക്കെ.


അംബേദ്കർജിയുടെ ഇടപെടൽ നിമിത്തം 1932 ഓഗസ്റ്റ് 16ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് കമ്യുണൽ അവാർഡ് പ്രഖ്യാപനം നടത്തി. ഇന്ത്യയിലെ ജനസമൂഹങ്ങൾക്ക് സാമുദായികമായി പ്രിവിലേജുകൾ നൽകുന്ന രാഷ്ട്രീയ തീരുമാനമായിരുന്നു അത്. മുസ്‌ലിംകൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ലഭിയ്ക്കുമെന്നതിനാലും ഹിന്ദു മതത്തെ ജാതീയമായി വിഭജിയ്ക്കാം എന്നതിനാലും മുസ്ലിംലീഗ് ഈ സാമുദായിക വിഭജനത്തിന് അനുകൂലമായിരുന്നു.
എന്നാൽ ഈ കമ്യുണൽ അവാർഡുകൊണ്ട് ഹരിജൻ വിഭാഗങ്ങളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കപ്പെടുമെന്ന് ഡോ. അംബേദ്കർജി ഉറച്ചു വിശ്വസിച്ചു. മഹാത്മജി ഇതിനെ എതിർക്കുകയും പൂനായിലെ യെർവാദ ജയിലിലായിരുന്ന ഗാന്ധിജി 1932 സെപ്തംബർ 19 മുതൽ നിരാഹാര സമരം പ്രഖ്യാപിയ്ക്കുകയും അതിൻ്റെ പരിണിതിയായി 1932 സെപ്തംബർ 24ന് ശനിയാഴ്ച വൈകിട്ട് 5ന് യെർവാദ ജയിൽ അങ്കണത്തിൽ വച്ച് ഹിന്ദുമഹാസഭയുടെ പ്രതിനിധിയായ മദൻ മോഹൻ മാളവ്യയുടെയും ഡോ. അംബേദ്ക്കറുടെയും സാന്നിദ്ധ്യത്തിൽ പൂനാ പാക്ട് ഒപ്പുവയ്ക്കുകയും ചെയ്തു. ഈ സംഭവങ്ങളൊക്കെ സാമൂഹിക മനഃസ്ഥിതിയെ എത്രകണ്ട് ബാധിയ്ക്കും എന്ന് നാം വിലയിരുത്തണം.
ഈ സമയമൊക്കെ അന്നത്തെ ഭാരതത്തിൽ ഇന്നത്തെപ്പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയായിരുന്ന ചൗധരി റഹ്മത്ത് അലി 1933ൽ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു “ഇസ്ളാമിക് സ്റ്റേറ്റ്” സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.


ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ എന്ന് അദ്ദേഹം നാമകരണം ചെയ്തു. പഞ്ചാബ്, അഫ്‌ഗാനിയ, കശ്മീർ, സിന്ധ് എന്നീ സ്ഥലപ്പേരുകളുടെ ആദ്യാക്ഷരങ്ങളും ബലൂച്ചിസ്ഥാൻ്റെ അവസാനത്തെ മൂന്ന് അക്ഷരങ്ങളും ചേർത്താണ് റഹ്മത്ത് അലി ഈ പേരുണ്ടാക്കിയത്. ഉറുദുവിൽ പുണ്യഭൂമി എന്നാണത്രെ ഇതിൻ്റെ അർഥം. പാക്സ്ഥാൻ എന്നത് പിന്നീട് പാകിസ്താനായി രൂപപ്പെട്ടു. ഇത്രയുമൊക്കെ ആയപ്പോൾ ഹിന്ദുമഹാസഭ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആരംഭിച്ചു. പല വഴിക്ക് ചർച്ചകൾ നീക്കി, പൊതു യോഗങ്ങളിൽ ഇങ്ങനൊരു നീക്കത്തെപ്പറ്റി പ്രസംഗിച്ചു, ഹിന്ദുമഹാസഭ അനാവശ്യമായി മുസ്ലീമുകളെ കുറ്റപ്പെടുത്തുന്നുവെന്നാണ് കോൺഗ്രസ്സ് മറുപടി പറഞ്ഞത്.


ഹിന്ദുമഹാസഭയുടെ നീക്കങ്ങൾ അറിഞ്ഞപ്പോൾ 1934ൽ മുസ്‌ലിം ലീഗിൻ്റെ നേതൃ സ്ഥാനത്ത് വന്ന കൗശലക്കാരനായ നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാൻ ജിന്ന രംഗം തണുപ്പിക്കാനെന്ന വണ്ണം പറഞ്ഞു, റഹ്മത്ത് അലിയുടേത് ഒരു വിദ്യാർത്ഥിയുടെ വിചിത്ര സ്വപ്നമായി മാത്രമേ കാണാൻ സാധിക്കൂ എന്ന്, സംഗതിയേറ്റു. ഹിന്ദുമഹാസഭയും കോൺഗ്രസ്സും ജിന്നയുടെ പൊയ്‌വാക്കുകളെ വിശ്വസിച്ചു. കുറേക്കാലത്തേക്ക് ഹിന്ദുമഹാസഭയെക്കൊണ്ടുള്ള ശല്യം ഈ ഡയലോഗോടെ ഒഴിവായിക്കിട്ടി. 1930 മുതൽ 1935 വരെയുള്ള ഈ കാലഘട്ടമാണ് വർഗീയതയുടെ ഉദാര കാലഘട്ടം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.  


സവർക്കറിൻ്റെ വീട്ട് തടങ്കൽ ഓരോ അഞ്ചുവർഷം കൂടുന്തോറും ബ്രിട്ടീഷ് സർക്കാർ ദീർഘിപ്പിച്ച് കൊണ്ടിരുന്നു. ഇതിൽ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായിരുന്നു. രത്നഗിരിയ്ക്കപ്പുറം ഒന്നും ചെയ്യാനാവാതെ തളയ്ക്കപ്പെട്ട അവസ്ഥയിൽ സവർക്കർ കൂടുതൽ പരിക്ഷീണിതനായി. ഇതേതുടർന്ന് 1935ൽ സവർക്കറുടെ നിരുപാധിക മോചനത്തിനായി ഹിന്ദുമഹാസഭയുടെ പ്രവർത്തകർ ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. ലക്ഷക്കണക്കിന് ഒപ്പുകൾ ഈ സമിതി ശേഖരിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന് സമർപ്പിച്ചു.


1936ൽ വൈസ്രോയ് പദത്തിലേക്ക് ലിൻലിത്ഗോ പ്രഭു നിയമിതനായി. ലിൻലിത്‌ഗോ സായിപ്പിൻ്റെ ഭരണത്തിൻ്റെ പ്രാരംഭ കാലഘട്ടങ്ങളിൽ തൻ്റെ മുൻഗാമികളെ അപേക്ഷിച്ച് അസ്വസ്ഥതകൾ ഏറെയൊന്നും കേൾക്കാനുണ്ടായിരുന്നില്ല. എന്നാൽ പലവിധമായ വർഗീയ പ്രശ്‍നങ്ങളും രാജ്യത്തിൻ്റെ പല കോണുകളിലും സംഭവിച്ചുകൊണ്ടിരുന്നു.


പാകിസ്ഥാൻ വാദവും പല സമയങ്ങളിലായി പൊതുജന മദ്ധ്യത്തിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്തു. ഈ ഘട്ടങ്ങളിലൊന്നും മുസ്ലിം വർഗീയ വാദത്തെ നിയന്ത്രിക്കാൻ കോൺഗ്രസ്സിന് സാധിച്ചില്ല. ഇടതു പക്ഷം രാഷ്ട്രീയ ഇസ്‌ലാമിനോട് സമരസപ്പെടുന്ന നിലപാട് സ്വീകരിച്ചു. പാകിസ്ഥാൻ വാദം തെറ്റല്ല എന്ന് കമ്യുണിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
1937ൽ പ്രവിശ്യകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. നിയന്ത്രിത വോട്ടവകാശത്തെയും പ്രത്യേക നിയോജക മണ്ഡലങ്ങളെയും അടിസ്ഥാനപ്പെടുത്തി പ്രവിശ്യകളിലേക്കു നടന്ന തിരഞ്ഞെടുപ്പ് മുസ്‌ലിം ലീഗിന് പരാജയം നൽകിയെങ്കിലും അക്ഷരാർത്ഥത്തിൽ ലീഗിനെ വളർത്തുകയാണുണ്ടായത്. ലീഗിനെ ജയിപ്പിക്കാൻ സാധിക്കാത്ത മുസൽമാന്മാരെ എന്തിനു കൊള്ളാം, കോൺഗ്രസ്സിന് മുസൽമാൻ എന്തിനു വോട്ടു ചെയ്യണം. എന്നൊക്കെയുള്ള പ്രചാരണ മുദ്രാവാക്യങ്ങൾ രാഷ്ട്രീയ ഇസ്‌ലാമിലെ മൗലിക വാദത്തെ പെട്ടന്ന് സ്വാധീനിച്ചു. വന്ദേമാതരം പാടാൻ ഞങ്ങളെ കിട്ടുകയില്ല എന്നൊക്കെ ഇക്കൂട്ടർ പ്രഖ്യാപിച്ചത് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കി.


മുസ്ലീമുകളിൽ ഒരു വലിയ പറ്റം ആളുകൾ കോൺഗ്രസ്സിനെ വിട്ട് ലീഗിനോട് അനുഭാവം പുലർത്തുന്നതായിരുന്നു തിരഞ്ഞെടുപ്പിൻ്റെ അനന്തര ഫലം. രാഷ്ട്രീയമായി ഹിന്ദുക്കൾ ഏക സ്വരമുയർത്താതെ നിൽക്കുന്ന അവസ്ഥ പലപ്പോഴും മദന്മോഹന മാളവ്യ, ബി എസ് മുഞ്ചേ, ശ്യാമപ്രസാദ് മുഖർജി, നിർമൽ ചന്ദ്ര ചാറ്റർജി മുതലായ നേതാക്കളിൽ ആഴത്തിലുള്ള പ്രവർത്തനത്തിന് വഴിയൊരുക്കി.


ഇതിനിടെ വന്ദേമാതര പ്രശനം പഠിച്ചു പരിഹരിയ്ക്കാൻ നിയുക്തമാക്കപ്പെട്ടിരുന്ന കോൺഗ്രസ്സ് കമ്മിറ്റി 14 വർഷങ്ങൾക്ക് ശേഷം 1937ൽ ഒരു തീരുമാനത്തിലെത്തി. വന്ദേമാതര ഗീതത്തിൻ്റെ ആദ്യഭാഗങ്ങൾ മതേതരമാണെങ്കിലും അവസാന ഭാഗങ്ങൾ ഹിന്ദു സാംസ്‌കാരിക ബിംബങ്ങൾ ഉയർത്തിക്കാട്ടുന്ന തരത്തിലാണ് എന്ന് കമ്മറ്റി കണ്ടെത്തി. അതിനാൽ ദേശീയ ഗാനമാകാനുള്ള യോഗ്യത വന്ദേമാതരത്തിനില്ല എന്ന് തീർപ്പുണ്ടാക്കി. ഈ തീരുമാനത്തിന് മഹാത്മാഗാന്ധിയുടെ പിന്തുണ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇതോടെ മതങ്ങളുടെ ഇടപെടലിൽ രാഷ്ട്രത്തിൻ്റെ സാംസ്‌കാരിക പൈതൃകങ്ങൾ ഉടയ്ക്കപ്പെടുന്നു എന്ന വാദം പ്രബലമായി. വസ്തുതകൾ ഈ വാദത്തിന് പിൻബലമേകി. ഹിന്ദു സംഘടനകൾ ഇത് പ്രചാരണ വിഷയമാക്കി.


കോൺഗ്രസ്സിനെ മുസ്ലിംകൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 1937ൽ ഖൗമി ആവാസ് എന്ന ഉറുദു പത്രം ജവഹർലാൽ നെഹ്‌റു ആരംഭിച്ചു. എന്നാൽ മുസ്ലിം സമൂഹം തിരിഞ്ഞുകൊത്തി. 1937ൽ സർവരെയും ഞെട്ടിച്ചു കൊണ്ട് കുപ്പിയിലടക്കിയിരുന്ന ഭൂതം പുറത്തു ചാടി. റഹ്മത്തലിയുടെ ഭ്രാന്തൻ സ്വപ്നമാണ് പാകിസ്ഥാൻ എന്നു പറഞ്ഞു ഭാരതീയ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശ്രദ്ധ അകറ്റിയ ജിന്നയുടെ തനി നിറം പുറത്തു വന്നു.
മുഹമ്മദലി ജിന്ന ദ്വിരാഷ്ട്ര വാദം ഉന്നയിച്ചു പ്രസംഗിച്ചു. പാകിസ്ഥാനെക്കുറിച്ച് സൈദ്ധാന്തിക വിശകലനങ്ങളുണ്ടായി. ഇതിനെ “പാകിസ്ഥാൻ ഡിമാൻ്റ്” എന്നാണ് ചരിത്രത്തിൽ വിശേഷിപ്പിക്കുന്നത്. ഇതോടെ മുസ്ലീങ്ങളുടെ ബഹുജന ആവശ്യമായിത്തീർന്നു “ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ” എന്നത്.


ഈ പ്രശനങ്ങൾ നിലനിൽക്കുമ്പോൾ, ജനകീയമായ ആവശ്യം പരിഗണിച്ച് ഒടുവിൽ 1937 മെയ് 10ന് സവർക്കറെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ച് സ്വതന്ത്രനാക്കാൻ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. 1910ൽ ബ്രിട്ടീഷുകാർ ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്യുമ്പോൾ സവർക്കറുടെ പ്രായം 27 വയസായിരുന്നു. നീണ്ട 26 വർഷം ബന്ധനത്തിൻ്റെ തടവറയിൽ കിടക്കാനായിരുന്നു അദ്ദേഹത്തിൻ്റെ വിധി. 10 വർഷങ്ങൾ ആൻഡമാൻ ജയിലിലും, 3 വർഷങ്ങൾ പൂണെ ജയിലിലും, 13 വർഷങ്ങൾ വീട്ട് തടങ്കലിലും കഴിയേണ്ടിവന്ന സവർക്കറുടെ ഗതികേട് ഭാരതത്തിലെ മറ്റൊരു സ്വാതന്ത്ര്യ സമര പോരാളിയും അനുഭവിച്ചിട്ടുണ്ടെന്ന് ഞാൻ നടത്തിയ ചരിത്ര പഠനത്തിൽ മനസിലാക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ തൻ്റെ 53ആം വയസിൽ സവർക്കർ ജയിൽ മോചിതനായി. മുമ്പ് വഴി പിരിഞ്ഞ നാരായൺ സവർക്കറിനെ സവർക്കർ സഹോദരന്മാർ 26 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. സ്വാതന്ത്ര്യ ദാഹത്തിനായി തൻ്റെ യവ്വനം ജയിലിൽ ഹോമിച്ച സവർക്കറെ ബഹുമാനിയ്ക്കാൻ മാത്രമേ എനിയ്ക്ക് സാധിയ്ക്കൂ. ഒരു ഘട്ടത്തിലും അദ്ദേഹത്തെ ഇകഴ്ത്താൻ മനസുവരില്ല. കാരണം സമയത്തിൻ്റെ വില ഞാൻ മനസിലാക്കുന്നു.

സവർക്കറുടെ മോചനം ഹിന്ദുമഹാസഭയുടെ പ്രവർത്തകർക്ക് ആവേശമായി. സവർക്കർ വീണ്ടും സ്വാതന്ത്ര്യ സമര രംഗത്തേക്കിറങ്ങി. ജയിലിൽ കിടന്ന കാലത്ത് ഒപ്പം നിന്ന ഹിന്ദുമഹാസഭയോടൊപ്പം നീങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ ജയിൽ അനുഭവങ്ങളും സാമൂഹിക സാഹചര്യങ്ങളും അത് ആവശ്യപ്പെട്ടിരുന്നു. പുതിയൊരു സവർക്കറെയാണ് ഇനി നാം കാണുന്നത്. പാകിസ്ഥാൻ ഡിമാൻ്റ് ഉണ്ടാക്കിയ കോലാഹലത്തിൻ്റെ പശ്ചാത്തലത്തിൽ 1937ൽ അഹമ്മദാബാദ് കർണാവതിയിൽ ചേർന്ന ഹിന്ദുമഹാസഭയുടെ 19ആം സെഷനിൽ വീർ സവർക്കർ പ്രസംഗിച്ചു. ഈ പ്രസംഗം അദ്ദേഹത്തെ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ എത്തിയ്ക്കാൻ പൊന്നതായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളുടെ ചില പ്രധാനപ്പെട്ട ഭാഗങ്ങൾ നമുക്ക് നോക്കാം.


പ്രധാനമായൊരു കാര്യമെന്തെന്നാൽ മഹാസഭ ഒരു ഹിന്ദു ധർമ്മസഭയല്ല, മറിച്ച് അത് ഒരു ‘ഹിന്ദു രാഷ്ട്രസഭയാണ്.’ കൂടാതെ ഹിന്ദു രാഷ്ട്രത്തിൻ്റെ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വശങ്ങളിലും അതിൻ്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ഒരു പാൻ ഹിന്ദു സംഘടനയാണ്. ഹിന്ദു മഹാസഭയെ ഒരു മത സംഘടനയായി മാത്രം എടുക്കുക എന്ന ഗുരുതരമായ തെറ്റ് ചെയ്യുന്നവർ ഈ വ്യത്യാസം മനസ്സിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും. ഒരു ഇന്ത്യൻ സ്വതന്ത്ര രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയുന്ന അടിത്തറയാണ് ഹിന്ദുക്കൾ.


നൂറ്റാണ്ടുകളായി എന്തുതന്നെ സംഭവിച്ചിട്ടും, ഹിന്ദുസ്ഥാനിലെ മനുഷ്യ മനസ്സുകളിൽ മതം ശക്തമായ സ്വാധീനം ചെലുത്തുന്നു. മുഹമ്മദീയരുടെ കാര്യത്തിൽ പ്രത്യേകിച്ചും അവരുടെ മത തീക്ഷ്ണത. അത് പലപ്പോഴും മതഭ്രാന്തിൻ്റെ അതിർവരമ്പുകളാണെന്ന ഉറച്ച വസ്തുത അവഗണിക്കാനാവില്ല. അവരുടെ മുഖം മക്കയിലേക്കും മദീനയിലേക്കും തിരിഞ്ഞിരിക്കുന്നു. എന്നാൽ ഹിന്ദുസ്ഥാൻ അവരുടെ ജന്മദേശം ആയതിനാൽ, ഒരു രാഷ്ട്രമെന്ന നിലയിൽ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുസ്ഥാനോട് അവർ വഹിക്കുന്ന സ്നേഹം അവിഭാജ്യവും കേവലവുമാണ്.
പലസ്തീനിലെ സംഭവ വികാസങ്ങളാൽ ഒരു മുഹമ്മദീയൻ പലപ്പോഴും ഒരു അന്യദേശീയ വിധേയത്വത്തെ വിലമതിക്കുന്നു. ഇന്ത്യയിലെ ഹിന്ദു അയൽക്കാരുടെയും നാട്ടുകാരുടെയും ക്ഷേമത്തെക്കാൾ അറബികളുടെ ക്ഷേമത്തെക്കുറിച്ചാണ് അവർ കൂടുതൽ ഉത്കണ്ഠപ്പെടുന്നത്. ഈ നാട്ടിൽ ഒരു മുഹമ്മദീയ ഭരണം സ്ഥാപിക്കാൻ കഴിഞ്ഞാൽ, ഇന്ത്യയിൽ ഒരു വിദേശ അധിനിവേശം കൊണ്ടുവരാനുള്ള ലക്ഷ്യവുമായി ആയിരക്കണക്കിന് മുഹമ്മദീയർ തുർക്കി ഖിലാഫത്തിസ്റ്റുകളുമായും അഫ്ഗാനികളുമായും ഗൂഢാലോചന നടത്തുന്നത് കാണേണ്ടി വരും. എന്നാൽ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം, അവൻ്റെ എല്ലാ ദേശീയ അസ്തിത്വത്തിലും ഭാരതമാണുള്ളത്.


ഈ രാജ്യത്തിന്മേൽ ഇംഗ്ലണ്ടിൻ്റെ രാഷ്ട്രീയ ആധിപത്യത്തെ അട്ടിമറിക്കുന്നതിനായി നടക്കുന്ന പോരാട്ടത്തിൽ ഹിന്ദുക്കൾക്ക് മുൻതൂക്കം ലഭിക്കുന്നത് അതാണ്. ഹിന്ദുസ്ഥാൻ്റെ വിമോചനത്തിനായുള്ള പോരാട്ടത്തിൽ തൂക്കുമരത്തിലേക്ക് പോയ നൂറുകണക്കിനുള്ളവരും ആൻഡമാനിൽ തടവിലാക്കപ്പെട്ടവരുമെല്ലാം ഹിന്ദുക്കളാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പോലും അതിൻ്റെ തുടക്കം മുതലുള്ള വളർച്ചയിൽ ഹിന്ദു മസ്തിഷ്കത്തിനും ഹിന്ദു ത്യാഗത്തിനും ഹിന്ദു തൊഴിലാളികളോടും കടപ്പെട്ടിരിക്കുന്നു.


ഒരു ഹിന്ദു ദേശാഭിമാനിയ്ക്ക് ഭാരത ദേശസ്നേഹി ആകാതിരിക്കാൻ കഴിയില്ല. ഈ അർത്ഥത്തിൽ ഹിന്ദു രാഷ്ട്രത്തിൻ്റെ ഏകീകരണവും സ്വാതന്ത്ര്യവും ഭാരത രാഷ്ട്രത്തിൻ്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യത്തിൻ്റെ മറ്റൊരു പേരാണ്. കാരണം, ഹിന്ദുസ്ഥാൻ എന്ന അവരുടെ പിതൃഭൂമി / പുണ്യഭൂമി എന്നിവയ്ക്കായി സ്വരാജ്യവും സ്വാതന്ത്ര്യവും നേടിയില്ലെങ്കിൽ, ഹിന്ദുത്വത്തിൻ്റെ പുനരുജ്ജീവനം കൊണ്ടുവരാൻ കഴിയില്ലെന്നും ലോക രാജ്യങ്ങൾക്കിടയിൽ ഹിന്ദു രാഷ്ട്രത്തിന് ബഹുമാനവും തുല്യ സ്ഥാനവും ലഭിക്കില്ലെന്നും ഹിന്ദു സംഘടനാവാദികൾക്ക് നന്നായി അറിയാം.
ഹിന്ദ് സ്വരാജ് അല്ലെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യം എന്നാൽ ഹിന്ദു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം, ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യവും, അവരുടെ പൂർണ്ണ ഉയരത്തിലേക്ക് വളരാൻ അവരെ പ്രാപ്തരാക്കുന്ന സ്വാതന്ത്ര്യവുവുമാണ്. മുഹമ്മദീയൻ എന്ന ഒരു പ്രത്യേക അർഹതയുള്ള മതഭ്രാന്തിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക പദവിയോ സംരക്ഷണമോ ഭാരമോ ഒന്നും ചോദിക്കാതെ അത്തരമൊരു യഥാർത്ഥ ദേശീയ ഇന്ത്യൻ രാഷ്ട്രത്തിൽ ചേരാൻ മുസൽമാൻ തയ്യാറാണോ…?
നമ്മുടെ ഹിന്ദുത്വത്തിന് പ്രത്യേക പദവികളൊന്നും ആവശ്യമില്ല. ഇന്ത്യയിലെ മറ്റ് സമുദായങ്ങൾക്ക് അവരുടെ സ്വന്തം വീടുകളിൽ സ്വന്തം വഴികൾ പിന്തുടരാനുള്ള തുല്യ സ്വാതന്ത്ര്യത്തെ ഹനിക്കില്ലെന്ന് വാഗ്ദാനം ചെയ്താൽ ന്യൂനപക്ഷമെന്ന നിലയിൽ മുഹമ്മദീയരുടെ ഭാഷ, സംസ്കാരം, മതം എന്നിവയ്ക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കാൻ പോലും ഞങ്ങൾ തയ്യാറാണ്. അല്ലാതെ ഹിന്ദുക്കളിൽ ആധിപത്യം സ്ഥാപിക്കാനും അപമാനിക്കാനും ശ്രമിച്ചാൽ അത് പ്രശ്‍നങ്ങളുണ്ടാക്കും.
ഇനി മുതൽ ഹിന്ദു-മുസ്ലിം ഐക്യത്തിനുള്ള ഹിന്ദു സൂത്രവാക്യം ഇതാണ് – ‘നിങ്ങൾ വന്നാൽ നിങ്ങളോടൊപ്പം, നിങ്ങൾ വന്നില്ലെങ്കിൽ നിങ്ങളില്ലാതെ, നിങ്ങൾ എതിർക്കുകയാണെങ്കിൽ നിങ്ങളെയും എതിർത്ത്.’ നമ്മൾ ഹിന്ദുക്കൾക്ക് സൗരയൂഥത്തിൽ സ്വന്തമായി ഒരു രാജ്യം ഉണ്ടായിരിക്കുകയും അവിടെ ഹിന്ദുക്കളായി വളരുകയും വേണം. ശക്തരായ ഒരു ജനതയുടെ പിൻഗാമികളാണ് നമ്മൾ. മുഹമ്മദീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും ആക്രമണാത്മകമായി ഭദ്രമാക്കാനും പരസ്യമായും ധീരമായും പ്രതിജ്ഞയെടുക്കുന്നവർക്ക് മാത്രമേ മുഹമ്മദീയൻ വോട്ട് ചെയ്യൂ. അതുപോലെ ഹിന്ദുക്കളോട് കൂറുള്ളവർക്ക് മാത്രമേ ഹിന്ദുക്കൾ വോട്ട് ചെയ്യാവൂ.


ഇതൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെ സവർക്കർ ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്നുവെന്ന് മറ്റുമുള്ളവർക്ക് പറയാൻ ഒരു കാരണമായി. ഈ പ്രസംഗം സവർക്കറെ 1938ൽ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷപദത്തിൽ എത്തിച്ചു. ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ജനങ്ങളിൽ എത്തിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു.  


കോൺഗ്രസ്സും ഇടതുപക്ഷവും സവർക്കറെ എതിർത്തു. മഹാത്മജി സവർക്കറുടെ നീക്കങ്ങളെ കുറ്റപ്പെടുത്തി ബംഗാളിൽ പ്രസംഗിച്ചു. സവർക്കറും വെറുതെയിരുന്നില്ല. ഭാരതത്തെ വെട്ടി മുറിക്കണമെന്ന് ബഹു ജന മുസ്ലിം വർഗീയത ആവശ്യപ്പെടുന്ന ഘട്ടം വരെയും ഗാന്ധിയും കോൺഗ്രസ്സും ഇടതു പക്ഷവും മൂഢ സ്വർഗ്ഗത്തിലായിരുന്നോ എന്നദ്ദേഹം ചോദിച്ചു. ജിന്ന പ്രചരിപ്പിക്കുന്നതും നേടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതും തെറ്റാണെന്ന് പറയുവാനുള്ള ആർജവം കോൺഗ്രസ്സിനുണ്ടോ എന്നദ്ദേഹം പലയിടങ്ങളിൽ പ്രസംഗിച്ചു.


1938ൽ വന്ദേ മാതരം ആലപിക്കുന്നത് ഹൈദരാബാദിൽ നിരോധിച്ചുകൊണ്ട് നിസാം ഒരുത്തരവ് പുറത്തിറക്കി. സ്വാതന്ത്ര്യ സമരത്തിൽ ഭാരതത്തിലെ ജനങ്ങൾക്ക് ആവേശമായ കവിത മുസ്ലീമിന് ഹറാമായി. ആന്ധ്രാ മഹാസഭ ഇതിനെതിരെ പ്രക്ഷോഭമാരംഭിച്ചു. ഇത് സംഘടനയുടെ പിളർപ്പിൽ അവസാനിച്ചു.
1938ൽ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഹൈദരബാദിലേയ്‌ക്ക്‌ ഉത്തരവാദ ഭരണത്തിനു വേണ്ടി മാര്‍ച്ച് നടന്നു.‌ ആദ്യ ബാച്ച് ‌വോളണ്ടിയര്‍മാരെ നാഥുറാം വിനായക് ഗോഡ്സെയാണ് നയിച്ചത്‌. എല്ലാവരും അറസ്റ്റു ചെയ്യപ്പെട്ട് ഒരു കൊല്ലത്തെ തടവ് ശിക്ഷയ്ക്ക് വിധേയരായി. നമാസിൻ്റെ (പ്രാര്‍ത്ഥന) സമയത്ത് ഗോഡ്‌സെ‌ വന്ദേമാതരം പാടി. ഇതിനു ശിക്ഷയായി ജയിലധികൃതർ ചൂരല്‍ പ്രയോഗം നടത്തി.  


മുസ്ലിം സാമ്രാജ്യത്വ ബോധത്തോട് അറിഞ്ഞോ അറിയാതെയോ സന്ധി ചെയ്തു പോകുന്ന മഹാത്മജിയോട് കോൺഗ്രസ്സിനകത്തും എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും പലരും പ്രതിഷേധം നിസ്സഹകരണത്തിൽ ഒതുക്കി. എതിർക്കുന്നവർ ദേശീയ സമരത്തിന് വിരുദ്ധരായി നിൽക്കുന്നു എന്ന് സ്റ്റാമ്പടിയ്ക്കപ്പെടുമെന്ന ഭയം പലരിലും ഉണ്ടായിരുന്നു. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെക്കുറിച്ചു സമൂഹം കൂടുതലായി ചർച്ച ചെയ്യുവാൻ തുടങ്ങി. പലയിടങ്ങളിലും തീപ്പൊരികൾ വീണുകൊണ്ടിരുന്നു. ജനങ്ങൾക്കിടയിൽ അകലം വർദ്ധിച്ചു കൊണ്ടേയിരുന്നു.
ആർഎസ്എസ് നേതാവ് ആയിരുന്ന മാധവ സദാശിവ ഗോൾവൽക്കറും പലയിടങ്ങളിൽ വച്ച് മഹാത്മജിയെ വിമർശിച്ചു. 1939ലെ സിന്ധി ബൈഠക്കിൽ വച്ചാണ് ആർഎസ്എസ് ശാഖകളിൽ അവസാനമായി ചൊല്ലുന്ന “നമസ്തേ സദാവത്സലേ” എന്ന് തുടങ്ങുന്ന സംഘപ്രാർത്ഥന തീരുമാനിയ്ക്കപ്പെട്ടത്. അതേ ബൈഠക്കിൻ്റെ സമാരോപ് ബൗദ്ധിക്കിൽ, മുസ്ലിം വർഗീയതയോട് സമരസപ്പെടുന്നവർ തങ്ങളെ വിമർശിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഇത്രയുമായതോടെ രംഗം കൂടുതൽ വഷളായി. ശാന്തി യാത്രകളുമായി മഹാത്മജി രംഗത്തിറങ്ങി. മഹാത്മജിയുടെ ശാന്തി യാത്രകളിൽ പൊതുജന മനസ്സ് ഒന്നടങ്ങിയപ്പോൾ സവർക്കറും കൂട്ടരും അൽപ്പം തണുത്തു.


അപ്പോഴേക്കും ഇടിത്തീ പോലെ ലീഗിൻ്റെ സമ്മേളനം ലാഹോറിൽ നടന്നു. 1940 മാർച്ചിലാണ്‌ ലീഗ് സമ്മേളനം നടത്തിയത്. ഈ സമ്മേളനത്തിൽ ജിന്ന ഔദ്യോഗികമായി പാകിസ്ഥാൻ പ്രമേയം അവതരിപ്പിക്കുകയും മുസ്ലിംലീഗിൻ്റെ പൂർണമായ പിന്തുണ ആർജിക്കുകയും ചെയ്തു.


ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ഇങ്ങനെ സംഗ്രഹിക്കാം
1, ഹിന്ദുക്കളും മുസ്ലിംകളും രണ്ടു വ്യത്യസ്ഥ രാഷ്ട്രങ്ങളാണ്
2, സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ചരിത്രപരമായും അവർ രണ്ട് വ്യത്യസ്ഥ ജനതകളാണ് 3, അവരുടെ മത ദർശനങ്ങൾ സാമൂഹികാചാരങ്ങൾ ഭക്ഷണ രീതികൾ സാഹിത്യം എന്നിവയെല്ലാം വിഭിന്നങ്ങളാണ് 4, മുസ്ലീമുകൾക്ക് അറേബ്യൻ വംശത്തോടുള്ള അനുഭാവം ഹിന്ദുക്കളായവർക്കില്ല 5, ഈ കാരണങ്ങളാൽ ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കും ഒരുമിച്ചു ജീവിക്കുവാനോ പൊതു ദേശീയത്വം രൂപപ്പെടുത്തുവാനോ സാധ്യമല്ല
6, ഇന്ത്യ വിഭജിച്ചു പാകിസ്ഥാൻ രാഷ്ട്രം നൽകുമെന്ന ഉറപ്പു ലഭിയ്ക്കുന്ന പക്ഷം രണ്ടാം ലോക മഹായുദ്ധത്തെ ഇസ്ലാമിക് സമൂഹം പിന്തുണയ്ക്കും. ഇതു കൂടാതെ ഇന്ത്യയിൽ മുസ്ളീം ഭൂരിപക്ഷമുള്ള സ്വതന്ത്ര സ്റ്റേറ്റുകൾ സ്ഥാപിക്കണമെന്ന് ലീഗ് സമ്മേളനം പ്രമേയവും പാസ്സാക്കിയതോടെ എല്ലാം വീണ്ടും കലങ്ങി മറിഞ്ഞു. താമസിയാതെ പൊതു വേദികളിൽ ഇന്ത്യയെ വിഭജിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടാൻ തുടങ്ങി.
ആർ എസ് എസ് അതിശക്തമായി ഇതിനെതിരെ രംഗത്തെത്തി. ഇന്നത്തെ നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന ആർ എസ് എസ് മറ്റു സ്ഥലങ്ങളിലെക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്ത്യാ വിഭജനത്തിനെതിരെ കവിതകൾ എഴുതി. പലയിടത്തും ആർ എസ് എസ് സമ്മേളനങ്ങൾ നടത്തി എന്തു കൊണ്ട് ദ്വിരാഷ്ട്ര വാദം പാടില്ല എന്ന് സൈദ്ധാന്തിച്ചു.


എന്നാൽ ഈ സമര മുഖത്തു നിന്നും ഹിന്ദു മഹാ സഭ കളമൊഴിയുന്ന അവസ്ഥ സംജാതമായി. രണ്ടാം ലോക മഹാ യുദ്ധത്തിൽ ഗാന്ധിജിയുടെ നിലപാടുകളിൽ തിരുത്തൽ വേണമെന്ന ആവശ്യത്തിനായി ഹിന്ദു മഹാസഭ പ്രചാരണം ആരംഭിച്ചു. രാഷ്ട്രീയ രംഗം പല വിധ വിഷയങ്ങളാൽ കലുഷിതമായി.
ജിന്നയുടെ ദ്വിരാഷ്ട്ര വാദം ഭാരത ദേശീയ സമര രംഗത്തെ വഷളാക്കി. സ്വാതന്ത്ര്യം ലഭ്യമായാൽ പിന്നെ ഈ രാഷ്ട്രത്തിൻ്റെ ഭാഗധേയം എങ്ങനെയായിരിയ്ക്കും എന്ന് പരിണിത പ്രജ്ഞരായ ഭാരതീയ പൗരജനങ്ങൾ ചിന്തിയ്ക്കുകയും ചർച്ച ചെയ്യുകയും ചെയ്തു തുടങ്ങി.


ഹിന്ദുമഹാസഭയും ആർഎസ്എസും നയപരമായ വൈരുദ്ധ്യത്തിലേയ്ക്കും അഭിപ്രായ വ്യത്യാസത്തിലേയ്ക്കും വഴുതി നീങ്ങി. അതിൽ പ്രധാനമായ സംഗതി ഇന്ത്യാ വിഭജനം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ എന്ന നിലപാടിലേക്ക് സവർക്കർ എത്തി ചേർന്നതായിരുന്നു. രാഷ്ട്ര വിഭജനം പാടില്ല എന്ന ആർഎസ്എസ് സമീപനവുമായുള്ള ഏറ്റുമുട്ടലിലേക്കാണ് ഈ നിലപാട് എത്തി ചേർന്നത്. കൂടാതെ ഭാരതം മാതൃഭൂമിയാണ് എന്ന ആശയമാണ് ആർഎസ്എസ് മുന്നോട്ടു വച്ചത്. എന്നാൽ സവർക്കറുടെ അഭിപ്രായത്തിൽ ഭാരതം പിതൃഭൂമി എന്ന കാഴ്ചപ്പാട് ആയിരുന്നു.


കൂടാതെ ആർഎസ്എസിനെ കണക്കറ്റു പരിഹസിയ്ക്കുവാനും സവർക്കർ ഒരുമ്പെട്ടു. ആഹാരം കഴിയ്ക്കുക ബൈഠക് നടത്തുക കിടന്നുറങ്ങുക എന്ന നയമാണ് ആർഎസ്എസുകാർ സ്വീകരിയ്ക്കുന്നതെന്നും. എന്തുകൊണ്ടാണ് ഹിന്ദുമഹാസഭയെപോലെ രാഷ്ട്രീയ രംഗത്ത് പൂർണതോതിൽ വരാതെ ഒളിച്ചു പ്രവർത്തിയ്ക്കുവാൻ ആർഎസ്എസ് താത്പര്യപ്പെടുന്നതെന്നും സവർക്കർ പ്രസംഗിച്ചു. ആർഎസ്എസുകാരൻ്റെ കുഴിമാടത്തിൽ “ഒരു പ്രയോജനവുമില്ലാതെ ജീവിച്ചു മരിച്ച ഒരു സ്വയംസേവകൻ” എന്ന് രേഖപ്പെടുത്തി വയ്‌ക്കേണ്ടിവരും എന്നൊക്കെ പരാമർശങ്ങളുണ്ടായി.  
മാത്രമല്ല രണ്ടാം ലോക മഹാ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രിട്ടീഷ് സർക്കാർ, സൈന്യം, എആർ‌പി, സിവിക് ഗാർഡുകൾ എന്നിവയിലേക്ക് റിക്രൂട്ട്‌മെൻ്റ ആരംഭിച്ചു. ഹിന്ദു മഹാസഭയും മറ്റ് നിരവധി ഹിന്ദു സംഘടനകളും (നാഥുറാം ഗോഡ്സെയുടെ ഹിന്ദു രാഷ്ട്ര സേനയടക്കം ഉൾപ്പെടുന്നു) ബ്രിട്ടീഷുകാർക്കെതിരെ ഉചിതമായ സമയത്ത് യുദ്ധം ചെയ്യുന്നതിനായി തങ്ങളുടെ കേഡർമാരെ സൈനികമായി പരിശീലിപ്പിക്കാനുള്ള അവസരമായി കണ്ടുകൊണ്ട് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പൂർണമായും സഹകരിക്കുകയും റിക്രൂട്ടിംഗ് ഏജൻ്റയി പ്രവർത്തിക്കുകയും ചെയ്തു. മറ്റൊരു കാരണം കൂടെ ഹിന്ദുമഹാസഭയുടെ ഈ നിലപാടിന് പിന്നിൽ ഉണ്ടായിരുന്നതായി പറഞ്ഞു കേൾക്കുന്നുണ്ട്. അതെന്തെന്നാൽ,. ബ്രിട്ടീഷ് സൈന്യത്തിൽ ഏറെപ്പേരും മുസൽമാന്മാർ ആയിരുന്നു. ബ്രിട്ടീഷുകാർ പിൻവലിയുന്ന ഘട്ടമെത്തിയാൽ ഇന്ത്യ പിടിച്ചെടുക്കാൻ ഈ ഫോഴ്സ് ഉപയോഗിയ്ക്കാം എന്നൊരു കണക്കുകൂട്ടൽ മുസ്ലിംകൾക്കിയിൽ ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിയ്ക്കുവാൻ ഹിന്ദുക്കളായ പട്ടാളക്കാർ ആവശ്യമാണെന്ന് ഹിന്ദുമഹാസഭ വിലയിരുത്തിയിരുന്നു. പിൽക്കാല ചരിത്രം വിശകലനം ചെയ്താൽ ഹിന്ദുമഹാസഭയുടെ നിരീക്ഷണം ശരിയായിരുന്നു എന്ന് മനസ്സിലാകും.


നമുക്ക് ആയുധം തരാൻ മടിച്ചവർ ഇന്ന് നമുക്ക് ആയുധം തരാൻ തയ്യാറാണ് അതുകൊണ്ട് നിങ്ങൾ ബ്രട്ടീഷ് സൈന്യത്തിൽ ചേരുക. ശരിയായ സന്ദർഭത്തിൽ തോക്കിൻ കുഴൽ എങ്ങോട്ട് തിരിക്കണം എന്ന് നാം തീരുമാനിക്കും എന്ന് സവർക്കർ അഭിപ്രായപ്പെട്ടിരുന്നു. (പിൽക്കാലത്ത് നടന്ന റിൻ മ്യൂട്ടിണിയിൽ ഈ വാചകത്തിൻ്റെ സഫലീകരണമുണ്ട്.)
രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് സായുധ സമരത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്ന കാഴ്ചപ്പാടുമായി നേതാജി സുഭാഷ് ചന്ദ്രബോസ് സജീവമായി. അച്ചുതണ്ട് ശക്തികളെ കൂട്ട് പിടിച്ചും ലക്‌ഷ്യം നേടണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സിദ്ധാന്തം.
എന്നാൽ ഹിറ്റ്ലറിൻ്റെ ചിന്തകളെയും പ്രവൃത്തികളെയും നഖ ശിഖാന്തം എതിർത്തിരുന്ന മഹാത്മജി 1940 ഡിസംബര്‍ 24ന് ഹിറ്റ്ലർക്ക് കത്തെഴുതി. “എനിക്ക് ശത്രുക്കളേയില്ല. വംശത്തിൻ്റെയോ വര്‍ണത്തിൻ്റെയോ വിശ്വാസത്തിൻ്റെയോ വ്യത്യാസം പരിഗണിക്കാതെ മനുഷ്യ വംശത്തിൻ്റെ മുഴുവന്‍ സൗഹാര്‍ദം നേടുകയാണ് കഴിഞ്ഞ 36 കൊല്ലത്തെ എൻ്റെ ജീവിത ദൗത്യം”. എന്നൊക്കെ പരമർശിച്ചായിരുന്നു കത്ത്.


മറ്റു പല ഇന്ത്യൻ നേതാക്കളും ഹിറ്റ്‌ലർ വിരുദ്ധ മനോഭാവം ഉൾക്കൊണ്ടവരായിരുന്നു. നേതാജിയെ പോലെ ചിന്തിച്ചിരുന്ന ബിഎസ് മുഞ്ചേ അടക്കമുള്ളവർ, ബ്രിട്ടീഷുകാരെ തുരത്താൻ ഹിറ്റ്ലറിനെ ഉപയോഗിയ്ക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായക്കാരായിരുന്നു.


ഇതേ യുദ്ധ സാഹചര്യം മുതലെടുത്ത് ഇന്ത്യയുടെ മോചനം സാദ്ധ്യമാക്കാൻ മറ്റൊരു മാർഗ്ഗം സവർക്കർ മുന്നോട്ടു വച്ചു. 1941ൽ ഖൈബർ മെയിൽ എന്ന പത്രത്തിൽ സവർക്കർ എഴുതിയ ആർട്ടിക്കിളിൽ ഭാവി ഇന്ത്യ എങ്ങനെയായിരിയ്ക്കണം എന്ന് അദ്ദേഹം വിവക്ഷിച്ചിരുന്നു.


അതിൽ നേപ്പാൾ രാജാവ് അവരുടെ സൈന്യവുമായി എത്തി ബ്രിട്ടീഷ് ഇന്ത്യയ്ക്കുള്ളിലുള്ള പുത്രികാ രാജ്യങ്ങളുടെ (പ്രിൻസ്‌ലി സ്റ്റേറ്റ്സ്) പട്ടാളങ്ങളുമായി ചേർന്ന് ബ്രിട്ടീഷുകാരെയും കോൺഗ്രസ്സ് പാർട്ടിയെയും തുരത്തി യഥാർത്ഥ സ്വയംഭരണം സ്ഥാപിയ്ക്കണമെന്നും അതിൻ്റെ ഭരണാധികാരി നേപ്പാൾ രാജവംശമായിരിയ്ക്കണം എന്നുമായിരുന്നു സവർക്കർ എഴുതിയിരുന്നത്.


ഹിന്ദുമഹാസഭയ്ക്കുള്ള സാമ്പത്തിക സഹായങ്ങളൊക്കെ അക്കാലത്ത് ലഭിച്ചിരുന്നത് പുത്രികാ രാജ്യങ്ങളിൽ നിന്നായിരുന്നു. ഈ ലേഖനം രാജാക്കന്മാരെ സന്തോഷിപ്പിച്ചു എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയായിരിയ്ക്കില്ല. എന്നാൽ ഇതൊന്നും സംഭവിയ്ക്കാൻ പോകുന്നില്ല എന്ന് ഏവർക്കും ബോദ്ധ്യമുണ്ടായിരുന്നു. “സ്വാതന്ത്ര്യ ലക്ഷ്മി കി ജയ്” എന്ന തൻ്റെ പ്രശസ്തമായ മുദ്രാവാക്യം സവർക്കർ മുന്നോട്ടു വച്ചതും, ‘സ്വതന്ത്രതെ ഭഗവതീ’ എന്നൊക്കെ ഘോഷം മുഴക്കിയതും ഈ ഘട്ടത്തിലാണ്.


പതിനായിരത്തോളം ഭാരതീയ ജീവനുകൾ അപഹരിച്ചു കൊണ്ടു രണ്ടു മാസത്തിനുള്ളിൽ ക്വിറ്റിന്ത്യാ സമരത്തെ 1942ൽ ബ്രിട്ടീഷ് ഭരണകൂടം അടിച്ചമർത്തി. ഈ കോലാഹലങ്ങൾക്കിടയിൽ അണിയറയിൽ പല തന്ത്രങ്ങളും മുഹമ്മദലി ജിന്ന ഒരുക്കുന്നുണ്ടായിരുന്നു. ദേശീയ പ്രക്ഷോഭകർ ഇതിനൊന്നും സമയമില്ലാതെ ജയിലറകളിലും മറ്റും കാലക്ഷേപം കഴിച്ചു.
1943ല്‍ രാജ്യത്ത് പൊതുവേയുണ്ടായ ഈ ക്ഷാമ കാലഘട്ടത്തിൽ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനായ സവർക്കറുടെ ആരോഗ്യസ്ഥിതി വളരെ മോശമാവുകയും അദ്ദേഹം സംഘടനയുടെ നേതൃത്വത്തിൽ നിന്നും ഒഴിയുകയും ഡോ. ശ്യാമപ്രസാദ് മുഖർജി ഹിന്ദുമഹാസഭയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. 1943ല്‍ ബംഗാള്‍ പട്ടിണിയില്‍ അമര്‍ന്നപ്പോള്‍ അരലക്ഷം സമൂഹ അടുക്കളകളാണ് ഡോ. മുഖര്‍ജിയും കൂട്ടരും കൂടി സൃഷ്ടിച്ചത്. എന്നാൽ ഇതൊന്നും പര്യാപ്തമായിരുന്നില്ല. സവർക്കറുടെ പ്രഭാവം ഇതോടെ അവസാനിച്ചു എന്നതാണ് സത്യം. കാര്യമായ തുടർ പ്രവർത്തങ്ങളൊന്നും ചെയ്യാൻ അദ്ദേഹത്തെ തൻ്റെ വഷളായ ആരോഗ്യസ്ഥിതി അനുവദിച്ചില്ല. എന്നാലും മഹാരാഷ്ട്രയിലെ സ്വാതന്ത്ര്യ സമര പ്രമുഖൻ എന്ന പേര് വിഡി സവർക്കർക്ക് ലഭിച്ചിരുന്നു.


ഈ സമയങ്ങളിലെല്ലാം തന്നെ ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലയിൽ വർഗീയ ധ്രുവീകരണങ്ങൾ അനസ്യൂതം നടന്നുകൊണ്ടിരുന്നു. അതിൻ്റെ അലയൊലികളുടെ ഭാഗമായി 1944ല്‍ നാരായൺ ആപ്‌തെയും നാഥുറാം വിനായക് ഗോഡ്സെയും ചേര്‍ന്ന്‌ “ഹിന്ദുരാഷ്‌ട്ര” എന്ന മറാത്തി ദിനപത്രം തുടങ്ങി
ലീഗും കോൺഗ്രസ്സും തമ്മിലുള്ള പ്രശനങ്ങൾ പരിഹരിയ്ക്കുവാനും സ്വാതന്ത്ര്യ സമരത്തിൽ ലീഗിൻ്റെ സഹകരണം ഉറപ്പു വരുത്തുവാനുമായി 1944ൽ കോൺഗ്രസ് നേതാവായ സി. രാജഗോപാലാചാരി കുറച്ചു വ്യവസ്ഥകൾ ഉണ്ടാക്കി. ഗാന്ധിജി ഇത് അംഗീകരിച്ചു. താഴെ പറയുന്നവയാണ് സി ആർ ഫോർമുലകൾ.
1) കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ലീഗ് അംഗീകരിക്കണം.
2) കേന്ദ്രത്തിൽ ഒരു താത്കാലിക സർക്കാരുണ്ടാക്കാൻ ലീഗ് കോൺഗ്രസ്സുമായി സഹകരിക്കണം.
3) രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം വടക്കുപടിഞ്ഞാറൻ വടക്കുകിഴക്കൻ മേഖലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരു പ്രത്യേക പരമാധികാര മുസ്ലിം രാജ്യം വേണോ എന്നതിനായുള്ള ജനഹിത പരിശോധന നടത്തണം.
4) വിഭജനം വേണ്ടിവന്നാൽ പ്രതിരോധം, കച്ചവടം, വാർത്താ വിനിമയം എന്നിവ രണ്ടു രാജ്യങ്ങളും പൊതുവായി നിലനിർത്തണം.
എന്നാൽ മുഹമ്മദലി ജിന്ന, ഈ ഫോർമുല പൂർണമായി നിരാകരിച്ചു. കാരണം സ്വതന്ത്ര പരമാധികാര മുസ്ലിം രാഷ്ട്രം എന്നതിൽ കുറഞ്ഞ ഒരു ഒത്തു തീർപ്പിനും മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല. ഇത് ഒച്ചപ്പാടിലേക്ക് സമൂഹത്തെ എത്തിച്ചു കൊണ്ടിരുന്നു. വെട്ടിമുറിയ്ക്കപ്പെടാൻ പോകുന്നു എന്നുറപ്പു വരുന്ന ഘട്ടത്തിൽ അതിജീവനത്തിനായി പലതും പിടിച്ചടക്കി വയ്ക്കുവാനുള്ള മനുഷ്യൻ്റെ സ്വാഭാവിക ത്വര തലപൊക്കി. അങ്ങിങ്ങായി വഴക്കും വക്കാണങ്ങളും ഉണ്ടാകുന്ന അവസ്ഥ സംജാതമായി.
1944 സെപ്‌റ്റംബർ 28ന് ഗാന്ധിജി ഒരു പത്ര സമ്മേളനം നടത്തി. ഇന്ത്യാ വിഭജനം സംബന്ധിച്ച്. (പ്രത്യേകിച്ച്, വിഭജനം സംബന്ധിച്ചുള്ള രാജാജി ഫോർമുല) ജിന്നയുമായി ബോംബെയിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ആ പത്രസമ്മേളനം. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 40 പത്രക്കാരോളം അതിൽ പങ്കെടുത്തു.
പ്രസ്തുത പ്രസ്സ് മീറ്റിൽ മഹാത്മാവ് വ്യക്തമാക്കിയ ചില കാര്യങ്ങളുണ്ട്. വിഭജനം രാഷ്ട്രീയ വടംവലിയുടെ ഭാഗമാണന്നും. ഒച്ചപ്പാടും ബഹളവുമില്ലാത്ത ഒരു ഭാഗം വെപ്പാണ്‌ ഞാൻ ആഗ്രഹിക്കുന്നതെന്നും. ജിന്നാ സാഹിബ് ആഗ്രഹിക്കുന്നതാകട്ടെ രണ്ട് സ്വതന്ത്ര വ്യക്തികൾ എന്ന നിലയിലുള്ള പൂർണമായ വേർപിരിയലാണെന്നും. ഇതാണ് ഇക്കാര്യത്തിലെ അഭിപ്രായ ഭിന്നത എന്നും.


എന്തായാലും വിഭജനം സംഭവിയ്ക്കും എന്ന് മാലോകർക്ക് ബോധ്യമായി. രാഷ്ട്രീയ ഇസ്ലാമിനെ വിലയിരുത്തിയതിൽ ഗാന്ധിജി അടക്കമുള്ള രാഷ്ട്ര നേതൃത്വത്തിന് സംഭവിച്ച പിഴവ് എത്രത്തോളം ഗുരുതരമായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ഈ പത്ര സമ്മേളനം ചൂണ്ടിക്കാട്ടുന്നു.


ഇതോടെ ഹിന്ദുമഹാസഭയിലെ യുവരക്തങ്ങളുടെ അമർഷം രൂക്ഷമായി പുറത്തു ചാടി. 1944ൽ മലേറിയ ബാധിതനായ ഗാന്ധിജി, പുണെയിലെ പഞ്ചഗണിയിലെ ഗിരിനിരകളിൽ വസിയ്ക്കുമ്പോൾ നാഥുറാം ഗോഡ്‌സെയുടെ നേതൃത്വത്തിലുള്ള ഒരുസംഘം യുവാക്കൾ അവിടെയെത്തി ഗാന്ധി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി സമരം ചെയ്തു. അന്നേ ദിവസം തന്നെ അവിടെ നടന്ന പ്രാർത്ഥനാ യോഗത്തിൽ, വാൾ കയ്യിലേന്തി നാഥുറാം ഗോഡ്‌സെ പ്രാർത്ഥനാ യോഗം അലങ്കോലപ്പെടുത്തുവാൻ ശ്രമിച്ചു.  


സമൂഹത്തിൽ പ്രശനങ്ങൾ ഉയർന്നുകൊണ്ടിരുന്നു. വിഭജനം എന്നത് സാക്ഷാത്കരിയ്ക്കുന്നത് സത്യാഗ്രഹമോ അഹിംസയോ അല്ല എന്ന വ്യക്തമായ ബോദ്ധ്യം മുസ്‌ലിം നേതൃത്വത്തിനുണ്ടായിരുന്നു. അതിനാൽ യുദ്ധോത്സുക സംഘാടനം മുസ്ലിം സമൂഹത്തിൽ ആരംഭിയ്ക്കുവാൻ തുടങ്ങി. അതിലൊന്നായിരുന്നു 1944ൽ ഖാസിം റിസ്‌വി മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ്റെ നേതൃസ്ഥാനത്ത് എത്തിയത്.


ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനവും നടക്കുവാൻ പോകുന്നു എന്ന വ്യക്തമായ ചിത്രം ഇസ്ലാമിക് നേതൃത്വങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് റിസ്‌വിയുടെ പ്രവൃത്തികളിൽ നിന്നും മനസിലാക്കാം. ഖാസിം റിസ്‌വിയുടെ എംഐഎം പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് റസാഖന്മാർ എന്ന ഇസ്ലാമിക് മത സൈന്യം ഉണ്ടാക്കിയെടുക്കലായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് രാഷ്ട്രത്തെ മോചിപ്പിയ്ക്കാനായി സൈന്യമുണ്ടാക്കിയപ്പോൾ, രാഷ്ട്രത്തെ വിഘടിപ്പിയ്ക്കുവാനായി ഇസ്ലാമിക മതഭ്രാന്ത് സൈന്യം രൂപീകരിച്ചു.


ഈ സൈന്യത്തിൻ്റെ മുഴുവൻ സമയ പ്രവർത്തനവും ഹൈദരാബാദ് ഒരിക്കലും ഭാരതത്തിനോട് ചേർക്കപ്പെടാതിരിക്കാനായിരുന്നു. ഹൈദരാബാദിനെ തലസ്ഥാനമാക്കി കൊണ്ട് “തെക്കൻ പാക്കിസ്ഥാൻ” എന്ന ഇസ്ലാമിക് രാജ്യം ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏകദേശം 2 ലക്ഷം മുസ്ളീം സൈനികർക്ക് (റസാഖ്ർ) എംഐഎം, പരിശീലനം കൊടുത്തിട്ടുണ്ട് എന്നതാണ് അറിവ്.


ആർഎസ്എസും മറ്റും തങ്ങളുടെ ശക്തി വർദ്ധിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇസ്‌ലാം എന്ന മതമൗലിക ശക്തിയോട് ഏറ്റുമുട്ടാനുള്ള പൊട്ടൻഷ്യൽ ഒരിയ്ക്കലും അത് കൈവരിച്ചിരുന്നില്ല. കാരണം ഇസ്ലാമിക നേതൃത്വത്തിൻ്റെ തിട്ടൂരങ്ങൾ അനുസരിയ്ക്കുന്ന ഒരു സമൂഹമായിരുന്നു മുസ്‌ലിംകൾ. എന്നാൽ ഹിന്ദുക്കൾ അങ്ങനെ ആയിരുന്നില്ല ഒരിയ്ക്കലും.


1944 ഡിസംബറില്‍ നടന്ന ഹിന്ദുമഹാസഭയുടെ ബിലാസ്‌പൂര്‍ സമ്മേളനത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാൻ റിപ്പബ്ലിക് എന്നായിരിയ്ക്കണം എന്ന് പ്രമേയം പാസ്സാക്കി. നാഥുറാം വിനായക് ഗോഡ്‌സെയാണ് ‌പ്രമേയങ്ങള്‍ പിന്‍താങ്ങിയത്‌. പ്രമേയത്തിൻ്റെ വിശദാംശങ്ങൾ താഴെ നൽകാം.


1) സ്വതന്ത്ര ഹിന്ദുസ്ഥാൻ്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ “സ്വതന്ത്ര ഹിന്ദുസ്ഥാന്‍ രാഷ്‌ട്രത്തിൻ്റെ ഭരണഘടന” എന്ന പേരിലാകും അറിയപ്പെടുക.
2) ചരിത്ര പരമായി, രാഷ്‌ട്രീയമായി, വംശീയമായി, സാംസ്‌കാരികമായി, ഹിന്ദുസ്ഥാൻ ഒന്നാണ്‌, പൂര്‍ണ്ണമാണ്‌, അവിഭക്തമാണ്‌ എക്കാലവും.
3) സര്‍ക്കാര്‍ ജനാധിപത്യ ഫെഡറല്‍ സ്വഭാവമുള്ളതായിരിക്കണം.
4) നിയമസഭയ്‌ക്ക് ‌ദ്വിതല സംവിധാനമായിരിക്കും.
5) പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ‌ഒരു വോട്ട്‌, ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്ക് ‌സംവരണം.
6) മൗലികാവകാശങ്ങള്‍ എല്ലാവർക്കും ഒരുപോലെ ഉണ്ടാകും. എല്ലാ പൗരന്മാരും നിയമത്തിനു മുമ്പില്‍ തുല്യരായിരിക്കും. വിവേചനപരമായ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഉണ്ടാവില്ല.
7) നിറം, ജാതി, വര്‍ണ്ണം എന്നിവ സര്‍ക്കാര്‍ ജോലിക്കോ അധികാരത്തിനോ തൊഴിലിനോ തടസ്സമാകില്ല.
8) എല്ലാ പൗരന്മാര്‍ക്കും തൊഴില്‍ ചെയ്യാനും മതാനുഷ്‌ഠാനത്തിനും സംസ്‌കാര പരിരക്ഷണത്തിനും ഭാഷാ പ്രചരണത്തിനും സ്വാതന്ത്ര്യമുണ്ടാകും. ഒരു മതത്തിനും വിലക്കുകളോ പ്രത്യേക പരിഗണനകളോ ഉണ്ടായിരിക്കുന്നതല്ല.
ഇതിൽ ഒച്ചപ്പാടുണ്ടാക്കുവാൻ തക്കതായൊന്നുമില്ലെങ്കിലും ഹിന്ദുമഹാസഭ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും എന്ന് മുസ്ലിം ലീഗിന് എളുപ്പത്തിൽ പ്രചരിപ്പിയ്ക്കാൻ സാധിച്ചു.


സവർക്കർ അടക്കമുള്ള ഹിന്ദുമഹാസഭക്കാരുടെ പ്രവർത്തനത്തെ തുടർന്ന് ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി നേടിയ യുവ സൈനികരുടെ നേതൃത്വത്തിൽ 1946 ഫെബ്രുവരി മാസത്തിൽ പ്രശസ്തമായ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ആജ്ഞകൾ ഇന്ത്യൻ സൈനികർ അനുസരിയ്ക്കാതെ വരികയും. ഇടം കൈകൊണ്ട് സല്യൂട്ട് നൽകുകയുമൊക്കെ ചെയ്ത് ആകെ പ്രശ്‌നമായി. നിരവധി സായിപ്പന്മാരായ സൈനികരെ കൊന്ന് തള്ളുകയും മറ്റും ചെയ്ത് അവസാനം ഈ സമരം അടിച്ചമർത്തപ്പെട്ടു. വാസ്തവത്തിൽ ഇതോടെ ഇന്ത്യയിൽ മുമ്പ് തങ്ങൾക്ക് ലഭിച്ചിരുന്ന കേവലമായ ജനപിന്തുണ നഷ്ടപ്പെട്ടു എന്ന ബോദ്ധ്യം ബ്രിട്ടീഷ് ഭരണകൂടത്തിന് ലഭിച്ചു.  
1946 ജൂലൈ മാസത്തിൽ ഭരണ ഘടനാ നിർമാണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷ സീറ്റുകളിലും കോൺഗ്രസ്സ് ജയിച്ചതോടെ ശരീഅത്ത് സ്വാധീനത്തിലുള്ള ഭരണഘടന ഇന്ത്യയിൽ നിർമ്മിക്കാം എന്ന ലീഗിൻ്റെ അജണ്ട പരാജയം രുചിക്കുമെന്നായി. ഉടൻ തന്നെ കാബിനറ്റ് മിഷൻ പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് മുസ്ലിം ലീഗ് മുൻധാരണകളെ അട്ടിമറിച്ചു. “ഹൈന്ദവ ഭൂരിപക്ഷമുള്ള ഹിന്ദുസ്ഥാന്‍, ഇസ്ലാമിക ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍” എന്നിങ്ങനെ ഭാരത വിഭജനത്തിനുള്ള സമ്മര്‍ദ്ദം മുഹമ്മദലി ജിന്ന ആരംഭിച്ചു.


അതിനൊപ്പം തന്നെ വിഭജനത്തെ തുടര്‍ന്ന് ഹൈന്ദവ ഭൂരിപക്ഷമുള്ള ഭാരതത്തില്‍ മുസ്ലീംങ്ങളുടെ സ്ഥിതി മോശമായിരിക്കും എന്നും ജിന്ന പ്രസംഗിക്കുവാൻ തുടങ്ങി. സമവായ ചർച്ചകൾക്കുള്ള ക്ഷണങ്ങളൊക്കെ നിരസിച്ച ജിന്ന 1946 ജൂലൈല്‍ ഒരു പത്രസമ്മേളനം നടത്തി. പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കേണ്ടതിൻ്റെ അനിവാര്യതകളെ കുറിച്ച് അദ്ദേഹം വാചാലനായി. മുസ്ലീങ്ങള്‍ക്ക് മാത്രമായി പാകിസ്ഥാന്‍ എന്ന രാജ്യം അനുവദിച്ചു തന്നില്ലെങ്കില്‍ അത് നേടിയെടുക്കാനുള്ള വ്യക്തവും കൃത്യവുമായ പദ്ധതി മുസ്ലീം ലീഗ് തയ്യാറാക്കിയിട്ടുണ്ട് എന്ന് ജിന്ന പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കള്‍ ഉള്ള ഭാരതത്തില്‍ കയ്യും കെട്ടി ജീവിക്കാന്‍ തനിക്കാകില്ലന്നും. പാകിസ്താന്‍ എന്ന രാഷ്ട്രം അനുവദിച്ചു തരാത്ത പക്ഷം പരിശുദ്ധ റംസാനിലെ പതിനെട്ടാം ദിവസം, (1946 ഓഗസ്റ്റ്‌ 16) “DIRECT ACTION DAY” ആയി ആചരിക്കും എന്നും പ്രഖ്യാപിച്ചു.


ഈ പ്രഖ്യാപനം നടപ്പായപ്പോൾ ബംഗാളിലെ ഡയറക്ട് ആക്ഷനിൽ കൊല്ലപ്പെട്ടതും ബലാത്സംഗം ചെയ്യപ്പെട്ടതുമായ ഹിന്ദുക്കളുടെ എണ്ണത്തിന് കയ്യും കണക്കുമില്ലായിരുന്നു. മുസ്ലിം ലീഗിൻ്റെ ഡയറക്ട് ആക്ഷൻ്റെ അലയൊലികൾ കേരളത്തിലും അതി ശക്തമായിട്ടുണ്ടായി. പാകിസ്ഥാൻ എവിടെയാണെന്ന് അറിവില്ലാത്ത, മദ്രസ്സാ വിദ്യാഭ്യാസം മാത്രമുള്ള മലബാറിലെ മാപ്പിളമാർ, മലബാർ കലാപം അവർക്ക് പകർന്നു നൽകിയ മാനസിക, കായിക മേധാവിത്വം ഉപയോഗിച്ചുകൊണ്ട് പാകിസ്ഥാൻ വാദവുമായി രംഗത്തിറങ്ങി.
“പാകിസ്ഥാൻ യാ ഖബർസ്ഥാൻ”
“പത്തുമുഴം കത്തികൊണ്ട് കുത്തി വാങ്ങും പാകിസ്ഥാൻ”
“21ൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല…”
എന്നിങ്ങനെയുള്ള വെറുപ്പിൻ്റെ ഭർത്സനം നാടെങ്ങും മുഴങ്ങി. മലബാറിൽ ഇന്ത്യൻ സ്വാതന്ത്ര്യം എന്ന് പോലും പറയാൻ ഭയമുണ്ടാകുന്ന അവസ്ഥ സംജാതമായി.

ഈ പ്രശനങ്ങൾക്കെല്ലാം നടുവിൽ ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് -1947നെ അംഗീകരിച്ചുകൊണ്ട് 1947 ജൂലായ് 18ന് ബ്രിട്ടീഷ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് -1947 നടപ്പാക്കുവാനുള്ള അധികാരം നിക്ഷിപ്തമായിരിയ്ക്കുന്ന വൈസ്രോയി മൗണ്ട്ബാറ്റൺ ആവശ്യപ്പെട്ടതനുസരിച്ച് വിഭജന തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയെക്കുറിച്ച് അധികം അറിവില്ലാത്ത ഒരു ഇംഗ്ലീഷ് ബാരിസ്റ്ററെ ഏൽപ്പിക്കാൻ നെഹ്രുവും ജിന്നയും തത്ത്വത്തിൽ തീരുമാനമെടുത്തു. അതിനായി അവർ കണ്ടെത്തിയത് സർ.സിറിൾ റാഡ്‌ക്ലിഫ് എന്ന ബാരിസ്റ്ററായ സായിപ്പിനെയായിരുന്നു.
1947 ജൂൺ 8ന് ഇന്ത്യയിലെത്തിയ റാഡ്ക്ലിഫ് സായിപ്പ് ഇന്ത്യൻ നേതാക്കളും വൈസ്രോയിയുമായി ചർച്ചകൾ നടത്തി. റാഡ്ക്ലിഫിനോട് മുഹമ്മദലി ജിന്ന ആവശ്യപ്പെട്ട സംഗതി ഒന്നുമാത്രമായിരുന്നു. നിലവിലെ ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്ന് ജനസംഖ്യ ഇസ്‌ലാം മത വിശ്വാസികളാണ്. അതിനാൽ ബ്രിട്ടീഷ് ഇന്ത്യൻ ഭൂപ്രദേശത്തിൻ്റെ നാലിലൊന്ന് ഭൂപ്രദേശം പാകിസ്ഥാൻ പ്രവശ്യയാക്കി മുസ്ലീമുകൾക്ക് ലഭിയ്ക്കും വിധമായിരിയ്ക്കണം വിഭജനം നടക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ മലബാറിലെ മുസ്ലീമുകളുടെ പോലും തലയെണ്ണിയാണ് ജിന്ന ഭൂപ്രദേശം വിഭജിച്ചു വാങ്ങിയതെന്ന് മനസിലാക്കാം. (ഈ സംഭവമാണ് സമകാലിക ഇന്ത്യയിൽ മുസ്ലീങ്ങളോട് ‘നിങ്ങൾ പാകിസ്താനിലേക്ക് പോകൂ’ എന്ന് പറയാനുണ്ടാകുന്ന ചരിത്ര പശ്ചാത്തലം. വസ്തു വാങ്ങിയിട്ട് പിന്നെ പോകാതെ ഇവിടെയിരുന്ന് പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നതെന്തിന് എന്നതാണ് ഇതിൻ്റെ വസ്തുത. ചരിത്രപരമായ മറുപടികളാണ് ഇതൊക്കെ എന്ന് വായനക്കാർ മനസിലാക്കണം)
വീരസവര്‍ക്കറുടെ അദ്ധ്യക്ഷതയില്‍ 1947 ആഗസ്റ്റ്‌ 9ന് നടന്ന ഹിന്ദു മഹാസഭയുടെ യോഗത്തിൽ വച്ച്, കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ എതിര്‍ക്കണമെന്നും ഹൈദരാബാദിനെതിരെ ആക്‌ഷന്‍ കൗണ്‍സില്‍ വേണമെന്നും, വിഭജിക്കപ്പെട്ട ഇന്ത്യയെ അംഗീകരിച്ചാൽ അത് വിഭജനത്തെ അംഗീകരിയ്ക്കുന്നതിന് തുല്യമാണെന്നും ഗോഡ്സേയടക്കമുള്ള യുവാക്കൾ അഭിപ്രായപ്പെട്ടു.


എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ട് 1947 ആഗസ്റ്റ്‌ 15ന് എല്ലാ ഭവനങ്ങളിലും ഭഗവത്‌ പതാക ഉയര്‍ത്തണമെന്ന് ഹിന്ദുമഹാസഭ വര്‍ക്കിംഗ് ‌കമ്മിറ്റി തീരുമാനിച്ചു. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായിരിക്കണമെന്ന് ‌സവര്‍ക്കര്‍ അഭിപ്രായപ്പെടുകയും ചെയ്തു.


വിഭജന ശേഷം ഇന്ത്യയില്‍ നിലവില്‍ വരുന്ന സര്‍ക്കാരിനെ കോണ്‍ഗ്രസ്‌ സര്‍ക്കാരായി കാണാതെ എല്ലാ വിധ പിന്തുണയും നല്‍കണമെന്നും അങ്ങനെ ചെയ്‌തിട്ടില്ലെങ്കില്‍ നമുക്കു സ്വാതന്ത്ര്യം ലഭിച്ചത്‌ വെറുതെയാകുമെന്നും നിലപാടെടുത്തുകൊണ്ട് സവർക്കറുടെ താത്പര്യങ്ങൾക്കൊപ്പം ഹിന്ദുമഹാസഭ മുന്നോട്ടു പോയി.
അങ്ങനെ 1947 ആഗസ്റ്റ് 14രാത്രി ദൽഹിയിൽ ആ ചരിത്ര പ്രഖ്യാപനമുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ട് ഡൊമീനിയനുകൾക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ആഗസ്റ്റ് 14, 11.00pm ന് യോഗ നടപടികൾ ആരംഭിച്ചു. സുചേത കൃപലാനിയുടെ വന്ദേമാതരം ആലാപനത്തോടെയായിരുന്നു തുടങ്ങിയത്. ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പാകിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട് വൈസ്രോയ് രേഖകളിൽ ഒപ്പുവച്ചു. ഇതേ സമയം പെഷവാർ, കറാച്ചി റേഡിയോ നിലയങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട വാർത്ത പ്രക്ഷേപണം ചെയ്യപ്പെട്ടു.
മൗണ്ട് ബാറ്റണും ഇന്ത്യൻ നേതാക്കളും ചേർന്ന് വെട്ടിമുറിച്ച ഭാരതം, ഹൈന്ദവൻ്റെ ശവപ്പറമ്പായി. മനുഷ്യ കുരുതികൾ അവർക്ക് പ്രശ്‌നമായിരുന്നില്ല. കൂടുതല്‍ ഹിന്ദുക്കള്‍ മരിക്കുന്നത്‌ തങ്ങളുടെ വിജയങ്ങളായി അവരെല്ലാം കരുതിയിരുന്നോ എന്ന് സംശയം ജനിപ്പിക്കുമാറായിരുന്നു വിഭജന നടപടികൾ. ഭാരതത്തിൻ്റെ നാലിലൊരു ഭാഗം 1947 ആഗസ്റ്റ്‌ 15ന് ‌വിദേശ രാജ്യമായി മാറി. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ വൈസ്രോയിയായി മൗണ്ട്‌ ബാറ്റനെ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വിശേഷിപ്പിച്ചു.


ആഗസ്റ്റ്‌ 15ന് വീരസവര്‍ക്കര്‍ തൻ്റെ വീട്ടില്‍ ഭഗവത്‌ പതാകയോടൊപ്പം ത്രിവര്‍ണ്ണ പതാകയും ഉയര്‍ത്തി. സ്വാതന്ത്ര്യാനന്തര കേന്ദ്രമന്ത്രി സഭയില്‍ ചേരുവാന്‍ നെഹ്രുവിൻ്റെ ക്ഷണമുണ്ടെന്ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഹിന്ദുമഹാസഭ വർക്കിങ് കമ്മിറ്റിയെ അറിയിച്ചപ്പോൾ വീര സവർക്കർ അതിനു അനുവാദം നൽകി. ഇത്‌ ദേശീയ സര്‍ക്കാരാണെന്നും ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഇതിനു മുഴുവന്‍ പിന്തുണയും നല്‍കണമെന്നും സവർക്കർ അഭിപ്രായപ്പെട്ടു.
പാകിസ്ഥാനിൽ നിന്നുമെത്തിയെ ഹൈന്ദവരുടെ അവസ്ഥ ദയനീയമായിരുന്നു. പല അഭയാർത്ഥി ക്യാമ്പുകളുടെയും അവസ്ഥ ദയനീയമായിരുന്നു. ഹിന്ദു അഭയാർത്ഥികൾക്കായി ഒരുക്കിയ വാഹ് റഫ്യൂജി ക്യാംപ് അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങളിലെ റഫ്യൂജി ക്യാമ്പുകളിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മികച്ച സേവാ പ്രവർത്തനങ്ങൾ നടത്തി.
ഭാരത വിഭജനത്തെ തുടർന്നുണ്ടായ കലാപം പോലെ ലോക ചരിത്രത്തിലെങ്ങും മറ്റൊരു കുരുതി നടന്നിട്ടില്ല. അതിനെ സ്വാതന്ത്ര്യമെന്നും, സമാധാന പരമായ അധികാര കൈമാറ്റമെന്നും ആരും വിശേഷിപ്പിച്ചിട്ടുമില്ല. 1946ലും 1947ലും 1948ലും നടന്നതാണ്‌ സമാധാനം എങ്കില്‍ അക്രമത്തെ എന്തു വിളിക്കും..?
സ്വന്തം മകളും ഭാര്യയും നാളെ മുസ്ലിങ്ങളാൽ ബലാത്സംഗം ചെയ്യപ്പെട്ടേക്കും എന്നുറപ്പിച്ചു അവരെ കൊന്നു കളയേണ്ടിവന്ന ഹൈന്ദവ, സിഖ് പുരുഷന്മാരുടെ ദൈന്യത കാണാൻ കോൺഗ്രസോ ഗാന്ധിജിയോ ഉണ്ടായില്ല. 20 ലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരും മുസ്ലീമുകളുടെ കൊലക്കത്തിക്ക് ഇരകളായി
ഗാന്ധിജിയുടെ ഹിന്ദു-മുസ്ലീം ഐക്യം എന്ന കുമിള പൊട്ടി പാക്കിസ്ഥാന്‍ എന്ന ഇസ്ലാം മതാധിഷ്‌ഠിത രാജ്യം പിറന്നു. കോൺഗ്രസ്സിൻ്റെ ആള്‍ക്കൂട്ടം ഇതിനെ ത്യാഗത്തിലൂടെയുള്ള നേട്ടമെന്നു വിളിച്ചു. അഭയാർഥികളായി ഇന്ത്യയിലെത്തപ്പെട്ട, സർവ്വസ്വവും നഷ്ടപ്പെട്ട ഹിന്ദുക്കൾക്ക് ‘മതേതരത്വം’ എന്നത് ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണമാണ്.
മതേതരത്വം വെട്ടി വിഴുങ്ങിയതിൻ്റെ ദുരനുഭവങ്ങളായിരുന്നു അവർ അനുഭവിച്ചത്. പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ അറിയപ്പെട്ട എൽ കെ അദ്വാനിയും, രാം ജത്മലാനിയുമൊക്കെ അഖണ്ഢ ഭാരതത്തിൽ നിന്നും ഇന്ത്യയിലെത്തിയ പ്രമുഖരാണ്.


ഗാന്ധിജി തൻ്റെ ലക്ഷ്യം നേടാന്‍ ഉപവാസവും പ്രാര്‍ത്ഥനാ യോഗങ്ങളും സംഘടിപ്പിച്ചപ്പോള്‍ അസംതൃപ്തരായ ഹിന്ദു യുവജനങ്ങൾ അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പൂനയിലും ഡല്‍ഹിയിലും പഞ്ചഗനിയിലും ഇത്തരം പ്രകടനങ്ങള്‍ നടന്നു.


നാഥുറാം ഗോഡ്‌സെ, നാരായൺ ആപ്‌തെ മുതലായ ഹിന്ദു യുവാക്കൾ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ സഭകള്‍ നടത്തുവാന്‍ വിഘാതം സൃഷ്‌ടിക്കുന്ന രീതിയില്‍ പ്രകടനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഗാന്ധിജിയെയും സുഹ്രവർദ്ദിയെയും എതിര്‍ക്കുന്ന മുദ്രാവാക്യങ്ങളുമായി ഭാംഗിയിലെ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ആപ്‌തയും കുറെ ഹിന്ദു അഭയാര്‍ഥികളും ചേര്‍ന്ന് പ്രകടനം നടത്തി.


പ്രകടനം അക്രമ രഹിതമായിരുന്നിട്ടും അതിനെ അരാജകത്വ നടപടിയായി വിശേഷിപ്പിച്ചു കൊണ്ട്‌ വീരസവര്‍ക്കര്‍ ഈ സംഭവത്തെ അപലപിച്ചു. കോണ്‍ഗ്രസ്സുകാര്‍ മറ്റു പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നത്‌ എപ്രകാരം ഞാന്‍ എതിര്‍ക്കുന്നുവോ അതു പോലെ ഈ പ്രവര്‍ത്തിയേയും എതിര്‍ക്കുകയാണ്‌ എന്ന് സവര്‍ക്കര്‍ പറഞ്ഞു. ഗാന്ധിജി ഹിന്ദു വിരുദ്ധ പ്രവര്‍ത്തനം യോഗങ്ങളിലൂടെ നടത്തുമ്പോള്‍ അതിനെ എതിര്‍ക്കുവാന്‍ യോഗങ്ങളാണ്‌ നടത്തേണ്ടതെന്നും ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ താന്‍ അനുകൂലിക്കില്ലെന്നും സവര്‍ക്കര്‍ പറഞ്ഞു.


ഇതിന് ശേഷം കശ്മീർ പ്രശ്‌നം ഉണ്ടാകുകയും തന്മൂലം പ്രഥമ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം ഉണ്ടാകുകയും ചെയ്തു. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ട്രഷറിയിൽ നിന്നും പാകിസ്ഥാൻ രാഷ്ട്രത്തിനായി അനുവദിച്ച 55 കോടി രൂപ ഇന്ത്യൻ സർക്കാർ തടഞ്ഞു വച്ചിരുന്നു. ഇത് വിട്ടു നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് 1948 ജനുവരി 13 മുതൽ 20 വരെയുള്ള 6 ദിവസം മഹാത്മാഗാന്ധി നിരാഹാര സത്യഗ്രഹം നടത്തി. ഇന്ത്യ പണം നൽകിയാൽ ആ പണമുപയോഗിച്ച് ആയുധങ്ങൾ വാങ്ങി ഇന്ത്യക്കെതിരെ തന്നെ പാകിസ്ഥാൻ പ്രയോഗിയ്ക്കും എന്ന സാമാന്യബുദ്ധി അപ്പോഴും മനസിലാകാതിരുന്ന മഹാത്‌മാവിന് ഈ അവസരത്തിലും ഒരു നല്ല നമസ്കാരമർപ്പിയ്ക്കുന്നു. ഇതോടെ പ്രകോപിതരായ ഹിന്ദുമഹാസഭ പ്രവർത്തകൻ നാഥുറാം ഗോഡ്‌സെ 1948 ജനുവരി 30ന് ഗാന്ധിജിയെ വെടിവച്ചു കൊന്നു. പിറ്റേ ദിവസം 1948 ജനുവരി 31ന് നാഥുറാം വിനായക് ഗോഡ്‌സെ പത്രാധിപരായ ഹിന്ദുരാഷ്ട്ര പത്രത്തിൻ്റെ അവസാന ലക്കം പുറത്തിറങ്ങി. അതിൽ ഗാന്ധിവധത്തെക്കുറിച്ചുള്ള വാർത്ത അച്ചടിച്ചിരുന്നു. ഗാന്ധിജിയെ വധിച്ചത് പത്രത്തിൻ്റെ എഡിറ്ററായ നാഥുറാം ഗോഡ്‌സെയാണെന്നും പത്രത്തിലുണ്ടായിരുന്നു. ഹിന്ദുമഹാസഭ നേതാവ് എന്ന നിലയിൽ വീർ സവർക്കർ ഈ കേസിലെ 7 ആം പ്രതിയായി. 1949 ജൂണ്‍ 22ന് വന്ന കോടതി വിധിയിൽ നാഥുറാം ഗോഡ്സെയ്ക്ക് വധശിക്ഷ നൽകുകയും കുറച്ചുപേർക്ക് തടവ് ശിക്ഷ നൽകുകയും സവർക്കർ അടക്കമുള്ളവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിടുകയും ചെയ്തു. പ്രായാധിക്യവും അനാരോഗ്യവും അലട്ടിയിരുന്ന സവർക്കർ പിന്നീട് സജീവമായ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില്ല. 1963ൽ സഹധർമിണി യമുനഭായി കാലം ചെയ്ത ദുഃഖത്തിൽ ഹ്രസ്വമായിരുന്ന സവർക്കറുടെ ദാമ്പത്യത്തിന് തിരശീല വീണു.


ഗാന്ധിവധക്കേസിൽ ശിക്ഷിയ്ക്കപ്പെട്ട പ്രതികൾ തങ്ങളുടെ 16 വർഷത്തെ തടവ് ജീവിതം പൂർത്തിയാക്കി 1964 ഒക്‌ടോബര്‍ 13ന് ജയിൽ മോചിതരായി. അവർക്കായി സുഹൃത്തുക്കളായ ഹിന്ദുമഹാസഭയുടെ പ്രവർത്തകർ പൂനെയിൽ ഒരു സ്വീകരണം സംഘടിപ്പിച്ചു. ചടങ്ങിൽ ബാലഗംഗാധർ തിലകിൻ്റെ ചെറുമകനായ ശ്രീ. ഗജാനൻ വിശ്വനാഥ് കേത്കർ സന്നിഹിതനായിരുന്നു. പ്രസംഗത്തിൻ്റെ ആവേശത്തിൽ വിശ്വനാഥ് കേത്കർ പറഞ്ഞു. “ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയെ പറ്റി തനിക്ക് അറിവുണ്ടായിരുന്നു. താൻ അതിനെ എതിർത്തു. ഗൂഢാലോചനയെപ്പറ്റി ബാലുകാക കനിത്കർ (മഹാരാഷ്ട്ര അശ്വ സേനയിലെ അംഗം) മുഖേന അന്നത്തെ ബോംബെ പ്രൊവിൻസ് മുഖമന്ത്രി ബി. ജി. ഖേറിനെ അറിയിച്ചു. പക്ഷെ സർക്കാർ അത് ഗൗരവമായെടുത്തില്ല”. ഈ പ്രസംഗം വലിയ ഒച്ചപ്പാടുണ്ടാക്കി. മഹാരാഷ്ട്ര നിയമസഭയിലും ഇന്ത്യൻ പാർലമെണ്ടിൻ്റെ ഇരുസഭകൾക്കുള്ളിലും പുറത്തും വലിയ പ്രതിഷേധം ഉണ്ടായി. ഗാന്ധിഹത്യ തടയാൻ കഴിയുന്ന വിവരങ്ങൾ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ട അധികാരികൾ മനപ്പൂർവം കൃത്യവിലോപം ചെയ്തുവെന്നും അഭിപ്രായമുയർന്നു.
83 വയസ്സുള്ള രോഗ ബാധിതനായ സവർക്കർ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ചു ജീവിയ്ക്കുന്ന അവസ്ഥയിലേക്കെത്തി. ഇത് ആത്മഹത്യയ്ക്ക് തുല്യമാണെന്ന് കൂടെയുള്ള പല മഹാസഭാ പ്രവർത്തകരും അദ്ദേഹത്തോട് അഭിപ്രായപ്പെട്ടു. ‘ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്’ എന്ന് അദ്ദേഹം മറുപടി നൽകി. അദ്ദേഹം അവസാനമായി എഴുതിയ ലേഖനത്തിൻ്റെ തലക്കെട്ട് “ആത്മഹത്യ കെ ആത്മാർപ്പൺ” എന്നായിരുന്നു. അതിൽ അദ്ദേഹം പറയുന്നു ഒരുവൻ്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്. അങ്ങനെ ഉപവാസത്തോടെ തൻ്റെ ജീവിത സമാധിയിലേക്ക് സവർക്കർ പ്രായോപവേശം ചെയ്തു. ഇന്ദിരയുടെ ഭരണത്തിൻ്റെ പ്രത്യേകതകൾ കാണുവാൻ നിൽക്കാതെ സ്വതന്ത്ര ഭാരതത്തെ കൺകുളിർക്കെ കണ്ടുകൊണ്ട് രോഗഗ്രസ്ഥമായ ശരീരത്തെ ഉപേക്ഷിച്ച് 1966 ഫെബ്രുവരി 26ന് വിനായക ദാമോദര സവർക്കർ എന്ന ധീര ദേശാഭിമാനി ഭാരതഭൂമിയോട് യാത്ര പറഞ്ഞു.  മത ചടങ്ങുകളൊന്നുമില്ലാതെ വൈദ്യുത ശ്മശാനത്തിലാകണം തൻ്റെ അന്ത്യകർമ്മങ്ങളെന്ന് അദ്ദേഹത്തിൻ്റെ വിൽ പത്രത്തിലെഴുതിയിരുന്നു. സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് വിപ്ലവകാരികളുടെ തലമുറകളെത്തന്നെ സമർപ്പിക്കാനാകും വിധം പ്രോജ്ജ്വലമായിരുന്നു സവർക്കറുടെ ജീവിതമെങ്കിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അദ്ദേഹത്തെ മറക്കാനായിരിക്കും ചരിത്ര കാപട്യങ്ങൾ കൂടുതൽ പഠിപ്പിച്ചിട്ടുള്ളത്.


മുമ്പ് സംഭവിച്ച വിശ്വനാഥ് കേത്കറുടെ പ്രസംഗത്തിൽ പരാമർശിയ്ക്കപ്പെട്ട കനിത്കറും ഖേറും നിലവിൽ ജീവിച്ചിരിപ്പില്ലാത്തതിനാൽ മഹാരാഷ്ട്ര സർക്കാരുമായി കൂടിയാലോചിച്ച് പഴയ രേഖകളുടെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. തുടർന്ന് റിട്ടയേർഡ് ജഡ്ജിയായ ജീവൻലാൽ കപൂറിനെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ കോൺഗ്രസ്സ് സർക്കാർ 1966 നവംബർ 21ന് ഗാന്ധിവധം പുനരന്വേഷിയ്ക്കാനുള്ള ഏകാംഗ കമ്മീഷനായി നിയമിച്ചു. ഈ കമ്മീഷനെ സഹായിക്കാൻ ജി. എൻ. വൈദ്യ, കെ. എസ്. ചൗള എന്നിവരെ പിന്നീട് നിയമിച്ചു. മുംബൈ, ദില്ലി, നാഗ്പൂർ, ധാർവാഡ്, പൂനെ, ബറോഡ, ചണ്ഡിഗഡ് എന്നിവിടങ്ങളിലായി 162 സിറ്റിങ്ങുകൾ നടത്തിയ കപൂർ കമ്മീഷൻ. ഈ കേസുമായി ബന്ധപ്പെട്ട 101 സാക്ഷികളെ പുനപരിശോധനയ്ക്ക് വിധേയരാക്കി. 407 രേഖകൾ സാക്ഷികൾ ഹാജരാക്കി. ഗവണ്മെന്റ് ഓഫ് ഇന്ത്യയും, മഹാരാഷ്ട്ര സ്റ്റേറ്റ് ഗവണ്മെണ്ടും ഇതിൽ കക്ഷികളായിരുന്നു.


മൂന്ന് വർഷമെടുത്ത് അന്വേഷണം പൂർത്തിയാക്കിയ കപൂർ കമ്മീഷൻ, 1969 സെപ്റ്റംബർ 30ന് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിലെ കണ്ടെത്തലിൽ ജസ്റ്റിസ് കപൂർ രേഖപ്പെടുത്തിയിരിയ്ക്കുന്നത് ഇങ്ങനെയാണ്,. ‘എല്ലാ വസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ, സവർക്കറും കൂട്ടരും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല’. ഗാന്ധി വധിയ്ക്കപ്പെട്ടത് മുതൽ ഇന്നുവരെ ഗാന്ധിയുടെ ചോരയുടെ പഴി കേൾക്കുന്ന ആർഎസ്എസിനെ കപൂർ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റവിമുക്തമാക്കിയിട്ടുണ്ട്. കമ്മീഷൻ സവർക്കറിനെ കുറ്റപ്പെടുത്താനുണ്ടായ കാരണം ‘യശ്വസി ഹൂം യാ’ എന്ന് ഗോഡ്‌സെയെ അനുഗ്രഹിച്ചു എന്നതാണ്. എന്നാൽ ഇത് സവർക്കറുടെ സന്ദർശകരായ ആരോടും അദ്ദേഹം പറയുന്ന വാക്കുകളാണെന്നും. ഗോഡ്‌സെയുടെ മൊഴിയിൽ തന്നെ സവർക്കർക്ക് ഗാന്ധിവധത്തിൽ ബന്ധമില്ലെന്നുള്ള സ്റ്റേറ്റ്മൻ്റ് ജസ്റ്റിസ് കപൂർ മുഖവിലയ്‌ക്കെടുത്തില്ല എന്ന ആക്ഷേപവുമുണ്ട്.  


സ്വാതന്ത്ര്യസമര ചരിത്രം നോക്കുകയാണങ്കില്‍ മഹാത്മ ഗാന്ധിജി ആയിരുന്നു ദേശീയ നേതാവ്. ചെമ്പകരാമന്‍പിള്ള (എംഡൻ വൈസ് ക്യാപ്റ്റൻ), സുബ്ര്യമണ്യ ഭാരതി തുടങ്ങിയവര്‍ തമിഴ്നാട്ടിലെ സ്വാതന്ത്ര്യ സമര നേതാക്കള്‍ ആയിരുന്നു. അതു പോലെ കെ കേളപ്പന്‍, മയ്യഴി ഗാന്ധി തുടങ്ങിയവര്‍ കേരളത്തിലാണ് പ്രവര്‍ത്തിച്ചത്. ഇവര്‍ക്കെല്ലാം ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയിരുന്നത് അവരവരുടെ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതു പോലെ മഹാരാഷ്ട്രയുടെ സ്വാതന്ത്ര്യ സമര ചരിത്രം നോക്കിയാല്‍ സവര്‍ക്കര്‍ തന്നെയായിരുന്നു മഹാരാഷ്ട്രയുടെ നേതാവ് എന്നു കാണാം.  
കപൂർ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടും സവർക്കറുടെ ത്യാഗങ്ങൾ വിസ്മരിയ്ക്കാൻ അന്നത്തെ കോൺഗ്രസ്സ് രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. സവര്‍ക്കറിനോടുള്ള ബഹുമാനസൂചകമായി 20 രൂപ വിലവരുന്ന തപാൽ സ്റ്റാമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ കേന്ദ്രസർക്കാർ 1970 മെയ് 28ന് ഔദ്യോഗികമായി പുറത്തിറക്കി. മാത്രമല്ല, സ്വാതന്ത്ര്യവീർ സവർക്കർ രാഷ്ട്രീയ സ്മാരക് എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് ബാഖ്‌ലെയ്ക്ക് 1980 മെയ് 20ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഒരു കത്തെഴുതി. അതിൽ ഇങ്ങനെ എഴുതിയിരിയ്ക്കുന്നു., ‘വീർ സവർക്കർ ബ്രിട്ടീഷുകാരെ സധൈര്യം എതിർത്തുകൊണ്ട് നടത്തിയ പോരാട്ടങ്ങൾക്ക് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലുള്ള പങ്ക് അവിസ്മരണീയമാണ്. ഭാരതത്തിൻ്റെ ഈ വിശിഷ്ട പുത്രൻ്റെ ജന്മവാർഷികം ആഘോഷിക്കാനുള്ള തങ്ങളുടെ ഉദ്യമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.’ കൂടാതെ, 2003 ഫെബ്രുവരി 26ന് ഇന്ത്യൻ പാർലമെണ്ടിൻ്റെ സെൻട്രൽ ഹാളിൽ 4’ 4” x 4’ 11” സൈസിലുള്ള സവർക്കറുടെ ഗംഭീരമായൊരു ഛായാചിത്രം അന്നത്തെ ഇന്ത്യൻ രാഷ്‌ട്രപതി ശ്രീ. എ പി ജെ അബ്ദുൾകലാം അനാവരണം ചെയ്തിട്ടുണ്ട്. അത് ഇന്നും പാർലമെണ്ടിൽ ഉണ്ട്. സവർക്കറുടെ ജീവിതം പലരും ഇനിയും പഠിയ്ക്കട്ടെ. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുമ്പോൾ ദൃഷ്ടിഗോചരമാകുന്നത് നീതി നിഷേധത്തിൻ്റെ ചിലന്തിവലകളാണ്. അതിനാൽ ഇന്നും അത് നമ്മൾ അദ്ദേഹത്തോട് ചെയ്യാൻ പാടില്ല. സവർക്കറെക്കുറിച്ച് ഇത്രയെങ്കിലും പൊതുജനത്തെ അറിയിച്ചില്ലെങ്കിൽ കുറ്റബോധത്തോടെ ജീവിയ്ക്കേണ്ടിവരുമെന്ന തിരിച്ചറിവിലാണ് ഞാൻ ഇത് തയ്യാറാക്കിയത്. സവർക്കർ ഇകഴ്ത്തപ്പെടേണ്ട ആളല്ല. അദ്ദേഹം നീതി അർഹിയ്ക്കുന്നു.
1980 വരെയുള്ള സംഭവങ്ങളാണ് കഴിഞ്ഞ മിലൻ കാ ഇതിഹാസിൽ നമ്മൾ കണ്ടത്. അടുത്ത ലക്കത്തിൽ അവിടെനിന്നുമുള്ള തുടർ സംഭവങ്ങളിലൂടെ നമുക്ക് യാത്ര ചെയ്യാം.
‘സ്വാതന്ത്ര്യ ലക്ഷ്മീ കി ജയ്’

Meera Hari

Recent Posts

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

20 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

26 mins ago

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…

45 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…

1 hour ago