Wednesday, May 15, 2024
spot_img

യുദ്ധമുഖത്ത് യുക്രൈനെതിരെ നിയോഗിച്ച റഷ്യയുടെ കൂലിപ്പട്ടാളം തിരിഞ്ഞുകൊത്തി; കൂലിപ്പട്ടാളം വാഗ്നർ ഗ്രൂപ്പ് റോസ്തോവ് കീഴടക്കി മോസ്കോയിലേക്ക്; റഷ്യയിൽ നാടകീയ രംഗങ്ങൾ; സ്ഥിതിഗതികൾ നിരീക്ഷിച്ച് യുക്രൈൻ

ദില്ലി: മാസങ്ങൾക്ക് മുമ്പാരംഭിച്ച റഷ്യ യുക്രൈൻ യുദ്ധ മുഖത്തുനിന്ന് വരുന്ന റിപ്പോർട്ടുകൾ ശരിയെങ്കിൽ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ കണക്കുകൂട്ടലുകളിൽ വലിയ പിഴവ് സംഭവിച്ചിരിക്കുന്നു. യുക്രൈനെതിരെ റഷ്യ അണിനിരത്തിയ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് തിരിഞ്ഞു കൊത്തുകയാണ്. യുദ്ധമുഖത്ത് റഷ്യൻ പട്ടാളം തങ്ങളെയും ആക്രമിക്കുന്നു എന്നാരോപിച്ചാണ് ഇപ്പോൾ വാഗ്നർ ഗ്രൂപ്പ് റഷ്യൻ നഗരങ്ങൾ പിടിക്കാൻ തുടങ്ങിയത്. റോസ്തോവ് കീഴടക്കി വാഗ്നർ മോസ്കോയിലേക്ക് നീങ്ങുന്നു എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യന്‍ സേനയുടെ നേതൃത്വത്തെ തകര്‍ക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വാഗ്നര്‍ ഗ്രൂപ്പ്. വാഗ്നര്‍ തലന്‍ യെവ്ഗനി പ്രിഗോസിനാണ് ഇക്കാര്യം അറിയിച്ചത്. പ്രിഗോസിന്‍ സായുധകലാപത്തിന് ശ്രമിക്കുന്നുവെന്ന് റഷ്യന്‍ ഭരണകൂടം ആരോപിച്ചതിന് പിന്നാലെയാണ് പ്രിഗോസിന്‍റെ ഭീഷണി. വാഗ്നര്‍ ഗ്രൂപ്പ്, റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റോസ്തോവ് നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പൗരന്മാരോട് വീട്ടുകള്‍ക്കുള്ളില്‍തന്നെ കഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. എന്നാൽ ഇപ്പോൾ നടക്കുന്നത് സൈനിക അട്ടിമറിയല്ലെന്നും നീതിക്കായുള്ള യാത്രയാണെന്നും വാഗ്നർ ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്.

തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് പ്രിഗോസിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ തങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പ്രിഗോസിന്‍ അവകാശപ്പെട്ടു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ തയ്യാറായില്ല. റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ കുറച്ചുകാലമായി പ്രിഗോസിന്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യവും വാഗ്നരര്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തങ്ങള്‍ക്കെതിരേയും സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രിഗോസിന്‍ ആരോപിച്ചു. എന്നാല്‍, പ്രഗോസിന്റെ ആരോപണം റഷ്യന്‍ അധികൃതര്‍ വിഷേധിച്ചിരുന്നു. അതേസമയം, പ്രിഗോസിന്റെ നീക്കങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. മോസ്‌കോ നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈപ്സ്റ്റക് മേഖലയിലെ ജനങ്ങള്‍ തെക്കുഭാഗത്തേക്ക് സഞ്ചരിക്കരുതെന്ന് അവിടുത്തെ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. റസ്‌തോഫ്‌നദന്‍ നഗരത്തില്‍നിന്ന് 500 കിലോമീറ്റര്‍ വടക്കുമാറിയുള്ള നഗരമാണ് ലൈപ്സ്റ്റക്. വാഗ്നർ സംഘത്തിന്റെ പ്രവർത്തനം രാജ്യദ്രോഹമാണെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും റഷ്യൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റഷ്യയിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയവും യു.എസും അറിയിച്ചു. സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Related Articles

Latest Articles