പത്തനംതിട്ട: മകരവിളക്ക് മഹോത്സവ തീര്‍ഥാടന കാലത്ത് കാനന പാതകളിലൂടെ പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എരുമേലി, മുക്കുഴി, അഴുതക്കടവ് പാതകളിലൂടെ ഈ മാസം 31 മുതല്‍ തീര്‍ഥാടനം അനുവദിക്കും. സത്രം വഴിയുള്ള തീര്‍ഥാടനത്തിന് സര്‍ക്കാറില്‍ നിന്നും ഇനിയും അനുമതി ലഭിക്കേണ്ടതുണ്ട്.
ഈ പാതകളെല്ലാം തന്നെ ഈമാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കണമെന്ന് യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. ഈ മേഖലയിലും കുടിവെള്ളം, വെളിച്ചം, ചികിത്സാ സഹായം എന്നിവ ഉറപ്പാക്കണം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ (Police) പോലീസും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മണ്ഡലപൂജക്കാലത്ത് നല്ല രീതിയില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇനിയിത് മതിയാകില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ഥാടകര്‍ സന്നിധാനത്തേക്കെത്തും. അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

