Monday, June 17, 2024
spot_img

ആലുവയിൽ കാണാതായ 12 കാരിയെ കണ്ടെത്തി !കുട്ടിയെ കണ്ടെത്തിയത് അങ്കമാലിയിൽ നിന്ന്

കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14 കിലോമീറ്ററോളം അകലെ അങ്കമാലിയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത് . കാണാതായെന്ന പരാതി ലഭിച്ച് രണ്ടര മണിക്കൂറിനകം ആണ് ആലുവ പോലീസ് 12 വയസുകാരിയെ കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് മടങ്ങി പോകാനാഗ്രഹിച്ചാണ് കുട്ടി ആലുവയിലെ വീട് വിട്ടതെന്നാണ് സൂചന. രണ്ട് മാസം മുൻപാണ് കുട്ടി അമ്മയ്ക്കൊപ്പം ആലുവയിലെത്തുന്നത്. കൊൽക്കത്തയിലേക്ക് പോകാൻ കുട്ടി സുഹൃത്തിന്‍റെ സഹായം തേടിയിരുന്നു. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്.
ഇന്ന് വൈകുന്നേരം 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.

കുട്ടിക്ക് ഇവിടെ താമസിക്കാന്‍ താത്പര്യമില്ലായിരുന്നു എന്നും കൊല്‍ക്കത്തയിലേക്ക് തിരികെ പോകാനായിരുന്നു ആഗ്രഹമെന്നും അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് പ്രകാരം കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി നടന്നു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു

Related Articles

Latest Articles