Sunday, May 19, 2024
spot_img

ഒളിക്യാമറ വിവാദം; ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്കെതിരെ എം കെ രാഘവൻ

കൊച്ചി: ഒളിക്യാമറ വിവാദത്തിൽ ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്കെതിരെ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. തനിക്കെതിരെ കേസ് എടുക്കാൻ ഡിജിപി സമ്മർദ്ദം ചെലുത്തിയെന്ന് എം കെ രാഘവൻ ആരോപിക്കുന്നു. കോഴിക്കോട് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എം കെ രാഘവൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഉദ്യോഗസ്ഥരെ നിരന്തരം ഫോൺ വിളിച്ച് ഡിജിപി സമ്മർദ്ദം ചെലുത്തി. തെരഞ്ഞെടുപ്പിനിടെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസ് എടുത്തത് ഡിജിപിയുടെ സമ്മർദ്ദം മൂലമായിരുന്നുവെന്നാണ് എം കെ രാഘവന്‍റെ ആരോപണം. ഡിജിപി സർക്കാറിന്‍റെ ചട്ടുകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം ആസൂത്രണം ചെയ്തതാണ് ഒളിക്യാമറ ഓപ്പറേഷൻ എന്നും രാഘവൻ ആരോപിക്കുന്നു. ഉടൻ ഹൈക്കോടതിയെ സമീപിക്കും. കള്ളക്കേസ് എടുക്കാൻ ഗൂഢാലോചന നടത്തിയ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി എടുക്കണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു.

കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങിനല്‍കാന്‍ എം കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. ‘ഓപ്പറേഷൻ ഭാരത് വർഷ്’ എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്‍റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോർ‍ട്ടർമാരോട് എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനൽ പുറത്ത് വിട്ട ദൃശ്യങ്ങളിലുള്ളത്. കോഴിക്കോട്ട് വച്ച് മാർച്ച് 10-ന് വൈകിട്ട് അഞ്ചരയ്ക്ക് നടത്തിയ സംഭാഷണമാണെന്നാണ് ചാനൽ അവകാശപ്പെടുന്നത്.

സംഭവത്തില്‍ എം കെ രാഘവനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശ പ്രകാരമാണ് കേസെടുത്തത്.

Related Articles

Latest Articles