ദില്ലി : പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും ഒരു വിലയും നൽകാതിരുന്ന യഥാർത്ഥ സ്റ്റാലിനെപ്പോലെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രവർത്തന ശൈലിയെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി.സൂര്യയെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം.
എസ്.ജി സൂര്യയ്ക്ക് ബിജെപി പാർട്ടിയും കേന്ദ്രസർക്കാരും എല്ലാവിധ പിന്തുണയും നൽകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും യാതൊരു വിലയും കൽപിക്കാതെ അവരെ ജയിലിലടച്ച വ്യക്തിയാണ് സോവിയറ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ. തന്റെ രീതിയും യഥാർഥ സ്റ്റാലിന്റെ രീതിയും ഒന്നാണെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന് ലോകം മുഴുവൻ സഞ്ചരിച്ച് കുറ്റപ്പെടുത്തുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ പാർട്ടി അധികാരത്തിലിരുന്ന 10 വർഷവും ഇതു തന്നെയാണ് സംഭവിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഘടകകക്ഷി തമിഴ്നാട്ടിൽ ചെയ്യുന്നതും അതു തന്നെയാണെന്ന് രാജീവ് വിമർശിച്ചു.
ട്വിറ്റർ സിഇഒ ജാക്ക് ഡോർസി തനിക്കെതിരെ ഇന്ത്യയിൽ ഭീഷണി ഉണ്ടായെന്ന് പറഞ്ഞപ്പോൾ അതു കള്ളമാണെന്ന് കരുതിയ ആളാണ് താൻ. ഒരുപക്ഷേ അദ്ദേഹം രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ പാർട്ടിയുടെ ഘടകകക്ഷിയായ ഡിഎംകെയെയുമാകാം ഉദ്ദേശിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി.സൂര്യയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിലെ ഒരു ശുചീകരണ തൊഴിലാളി മരിച്ചെന്ന് ആരോപിച്ചായിരുന്നു സൂര്യ ട്വീറ്റ് ചെയ്തത്. സിപിഎം മധുര എംപി വെങ്കടേശ്വൻ, സിപിഎം കൗൺസിലർ വിശ്വനാഥൻ എന്നിവരെ അതിരൂക്ഷമായി വിമർശിച്ചായിരുന്നു ട്വീറ്റ്. തോട്ടിപ്പണി നിയമം മൂലം നിരോധിച്ചതാണെന്നും എന്നിട്ടും അദ്ദേഹത്തിനു ആ പണി ചെയ്യേണ്ടി വന്നതായും തുടർന്ന് അലർജി ബാധിച്ച് മരിച്ചെന്നുമായിരുന്നു സൂര്യ ട്വീറ്റിലൂടെ ആരോപിച്ചത്. വിഷയത്തിൽ മധുര എംപി വെങ്കടേശ്വൻ മൗനം പാലിക്കുന്നതായും സൂര്യ കുറ്റപ്പെടുത്തി. എന്നാൽ മധുരയിൽ ഇങ്ങനൊരു സംഭവം നടന്നിട്ടല്ലെന്നാണു പൊലീസ് വാദം.

