മലപ്പുറം: യുക്തിവാദി സംഘം നേതാവ് ഇ.എ. ജബ്ബാറും, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബറും തമ്മിലുള്ള സംവാദം ഇന്ന് രാവിലെ മലപ്പുറം റോസ് ലോഞ്ചിൽ നടക്കും. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ ശാസ്ത്രീയ അടിത്തറയില്ലെന്ന് ആരോപിച്ച് യുക്തിവാദിയും ഇസ്ലാമിക വിമർശകനുമായ ഇ.എ ജബ്ബാർ ആണ് മാസങ്ങൾക്കുമുമ്പ് സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാല്‍ ഇതിനെ എതിർത്ത് വിശ്വാസികളും മതപണ്ഡിതരും രംഗത്തുവന്നു. മുഹമ്മദ് നബിയുൾപ്പെടുന്ന കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് ശാസ്ത്രം കണ്ടെത്തിയ എന്തെങ്കിലും അറിവ് ഖുർആനിലുണ്ടെന്ന് തെളിയിച്ചാൽ താൻ മുസ്ലിമാകാമെന്ന ഇ.എ. ജബ്ബാറിന്‍റെ വെല്ലുവിളിക്ക് മറുപടി പറയുമെന്ന് എം.എം. അക്ബർ അറിയിച്ചു.
ജബ്ബാറിന്‍റെ വെല്ലുവിളിക്ക് അഭൂതപൂർവമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്. എന്നാല്‍ വെല്ലുവിളിയുയയർത്താനുളള കാരണക്കാരില്‍ ഒരാളായ പ്രമുഖ മുസ്ലിം പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി ഉൾപ്പെടെയുള്ളവരെ ജബ്ബാർ സംവാദത്തിന് ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. മുസ്ലിം വിശ്വാസി സമൂഹത്തിന് സമ്മർദ്ദത്തിനൊടുവിലാണ് മലപ്പുറത്തെ മിഷൻ ഡയറക്ടർ എം.എം അക്ബർ സംവാദത്തിന് തയ്യാറായത്. അതേസമയം സംവാദത്തില്‍ പരാജയപ്പെട്ടാല്‍ കലിമ ചൊല്ലി മുസ്ലിം ആകാമെന്നും ഇസ്ലാമിനെതിരെ നാല് പതിറ്റാണ്ടായി താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിക്കുമെന്നാണ് ജബ്ബാറിന്‍റെ നിലപാട്. മലപ്പുറം റോസ് ലോഞ്ചിൽ നടക്കുന്ന സംവാദത്തിന്‍റെ സംഘാടകർ കേരള യുക്തിവാദി സംഘമാണ്. പാസ് മുഖേനയായിരിക്കും പ്രവേശനം അനുവദിക്കുക. മെഹ്റൂഫ് കേളോത്താണ് സംവാദത്തിന്‍റെ മോഡറേറ്റര്‍. രാവിലെ 9 മണി മുതലാണ് സംവാദം ആരംഭിക്കുന്നത്. അതേസമയം അക്ബറിന്‍റെയും ജബ്ബാറിന്‍റെയും ഫേസ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും സംവാദം തൽസമയം കാണാമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

