ദില്ലി: ബിജെപി എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. വെള്ളിയാഴ്ച എല്ലാ എൻഡിഎ എംപിമാരുടെയും യോഗത്തിന് മുന്നോടിയായാണ് പാർട്ടി എംപിമാരുടെ യോഗം ബിജെപി ഇന്ന് വിളിച്ചിരിക്കുന്നത്. വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന് ജൂൺ എട്ടിന് തിരി തെളിഞ്ഞേക്കും. നാളെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ചതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതായി ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയുടെ ഓഫീസിലെ മാദ്ധ്യമ വിഭാഗം അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നരേന്ദ്ര മോദി ഫോണിൽ വിളിച്ചതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
ഇതിന് പുറമേ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവരെയും ഉടനെ ക്ഷണിക്കുമെന്നാണ് വിവരം. ഔപചാരിക ക്ഷണം ഇന്നുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജൂൺ എട്ടിനാകും സത്യപ്രതിജ്ഞ. 293 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേറുന്ന നേതാവാണ് നരേന്ദ്രമോദി.

