Saturday, December 20, 2025

മുത്തലാഖ് നിർത്തലാക്കാൻ മോദിജിക്ക് മാത്രമേ കഴിയൂ’; ബി.ജെ.പി സർക്കാരിന്റെ നേട്ടങ്ങളെ ഊന്നിപറഞ്ഞ് ജെ.പി നദ്ദ

ദില്ലി:രാജ്യത്ത് മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. സുപ്രീം കോടതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും, പ്രതിപക്ഷം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും ബിജെപിക്ക് മാത്രമേ ഇത് യാഥാർത്ഥ്യമാക്കാൻ നിയമം കൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിയോറിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും ബിജെപി അധ്യക്ഷൻ ആഞ്ഞടിച്ചു.

“മുത്തലാഖ് സമ്പ്രദായം നിർത്തലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു, എന്നാൽ പ്രീണന രാഷ്ട്രീയം കാരണം ആരും അതിൽ പ്രവർത്തിച്ചില്ല. പതിമൂന്നാം നൂറ്റാണ്ടിലെ ഈ ആചാരം പിൻവലിക്കാൻ മോദിജിക്ക് മാത്രമേ മനസ്സുണ്ടായിരുന്നുള്ളൂ,” – ജെ.പി നദ്ദ പറഞ്ഞു

ബി.ജെ.പി സർക്കാരിന്റെ നേട്ടങ്ങളെ ഊന്നിപ്പറഞ്ഞ നദ്ദ 2012-17 കാലത്ത് സംസ്ഥാനത്ത് 200 ഓളം കലാപങ്ങൾ നടന്നിട്ടുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുപിയിൽ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും നദ്ദ അവകാശപ്പെട്ടു. കൂടാതെ നൂറ്റാണ്ടുകളുടെ ആഗ്രഹം നിറവേറ്റുന്നതിനാണ് അയോധ്യയിൽ “മഹാ” രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ “രാജ്യദ്രോഹികളെയും കുറ്റവാളികളെയും” ജയിലിൽ അടച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ, ദീപാവലി, ഹോളി അവസരങ്ങളിൽ ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് സർക്കാർ ഒരു പാചക വാതക സിലിണ്ടർ വീതം സൗജന്യമായി നൽകുമെന്നും നദ്ദ ഉറപ്പ് നൽകി.

Related Articles

Latest Articles