Tuesday, May 21, 2024
spot_img

‘വോട്ടറോട് ഹിജാബ് മാറ്റാന്‍ ബിജെപി പോളിങ് ഏജന്റ് ആവശ്യപ്പെട്ടില്ല, സിസിടിവി പുറത്തു വിടണം’; തമിഴ്‍നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ കോടതിയിലേക്ക്

ചെന്നൈ: മധുരൈയിൽ ബിജെപി പോളിംഗ് ഏജന്റ് മുസ്ലീം വനിതാ വോട്ടറോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടതായി പറയുന്നത് തികച്ചും ബാലിശമെന്ന് തമിഴ്‍നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി.

തന്റെ പാര്‍ട്ടി മുസ്ലീം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും ബിജെപി ഏജന്റ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടോയെന്ന കാര്യം സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ DMKയ്‌ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

അതേസമയം മധുരൈ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് ഏജന്റ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടതായാണ് ഭരണകക്ഷിയായ DMK പ്രചരിപ്പിച്ചത്. ഇത് ദേശീയ മാധ്യമങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ സ്ത്രീ വോട്ടറെ തിരിച്ചറിയാന്‍ മാത്രമാണ് ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടതെന്ന് അണ്ണാമലൈ പറഞ്ഞു.

‘ബിജെപി ഏജന്റ് വനിത വോട്ടറോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ടതായി ഭരിക്കുന്ന പാര്‍ട്ടിയായ ഡിഎംകെ വ്യാജപ്രചാരണം നടത്തി രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ബിജെപി ഏജന്റിനെതിരെ നടപടിയെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കും. പോളിംഗ് സ്‌റ്റേഷനില്‍ വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് സുപ്രീംകോടതിയുടെ 2010ലെ ഉത്തരവിനെ ലംഘിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത്’- തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിഎംകെ ഉയര്‍ത്തിക്കൊണ്ടുവന്ന ഹിജാബ് വിവാദത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles