ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയായിരുന്നു ജി20 ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിച്ചത്. 20 രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരായിരുന്നു G20 ഉച്ചകോടിയിൽ പങ്കെടുത്തത്. അതേസമയം, ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റിന് പകരം ചൈനീസ് പ്രീമിയർ ലീ ക്വാങ് ആയിരുന്നു പങ്കെടുത്തത്. ഇപ്പോഴിതാ, ജി 20 ഉച്ചകോടിക്ക് എത്തിയ ചൈനീസ് സംഘം ചാര വൃത്തി നടത്തിയോ എന്ന സംശയമാണ് ഉയർന്നു വരുന്നത്. കാരണം, ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രതിനിധികളുടെ ബാഗ് പരിശോധനയ്ക്ക് തടഞ്ഞതാണ് ഇപ്പോൾ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.
ചൈനീസ് സംഘം തങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലായ താജ് പാലസിൽ ആയിരുന്നു ബാഗുകൾ എത്തിച്ചത്. ജി 20ക്ക് നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ ബാഗുകൾ എയർപോർട്ടിലും ഹോട്ടൽ കൗണ്ടറിലും സ്കാൻ ചെയ്തിരുന്നില്ല. എന്നാൽ അസാധാരണമായ വലിപ്പം ശ്രദ്ധയിൽ പെട്ടതിനാൽ ഹോട്ടൽ അധികൃതർ അന്വേഷണ ഏജൻസികളേ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈനാ സംഘം തങ്ങിയ മുറി പരിശോധിക്കവേ വലിയ ഇലക്ട്രോണിക്സ് ഡിവൈസുകൾ ഇന്ത്യൻ അധികൃതർ കണ്ടെത്തി. 12 മണിക്കൂറോളം നീണ്ടുനിന്ന തർക്കത്തിനോടുവിൽ ഹോട്ടലിൽ നിന്ന് തങ്ങളുടെ ഉപകരണങ്ങൾ നീക്കം ചെയ്യാമെന്നും എംബസിയിലേക്ക് മാറ്റാമെന്നും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിക്കുകയായിരുന്നു. അതേസമയം, ചൈനീസ് സംഘം കൊണ്ടുവന്ന വലിയ ബാഗുകൾക്ക് അകത്ത് എന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ എതിർപ്പ് രൂക്ഷമായതോടെ ബാഗുകൾ ഇപ്പോൾ ദില്ലിയിലെ ചൈനയുടെ നയതന്ത്ര കാര്യാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇപ്പോൾ ഇന്ത്യൻ അധികൃതരും അന്വേഷണ ഏജൻസികളും ഈ ഉപകരണങ്ങൾ എന്താണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്. ജി 20ക്ക് അഥിതിയായി എത്തിയ ചൈന എന്തിനാണ് രഹസ്യ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചത് എന്ന ചോദ്യം നിലനിൽക്കുകയാണ്. സ്നേഹ സംഭാഷണങ്ങൾക്ക് വേദിയാകുന്ന ഒരു ഉച്ചകോടിക്ക് വിളിച്ച് വരുത്തിയാലും കള്ളത്തരവും ചതിയും തന്നെ കൈമുതലാക്കുന്ന കമ്യൂണിസ്റ്റ് ഭീകരതയാണ് ഇവിടെ വ്യക്തമാകുന്നത്.

