Thursday, May 16, 2024
spot_img

സോളർ പീഡനക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം; ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ മുഖത്തുനോക്കി പറഞ്ഞത്!. ആ ഒന്നാം പ്രതിയുടെ കയ്യിൽ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ല.’ – ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം : സോളാർ പീഡനക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നു. ഒരു കാരണവശാലും സംസ്ഥാന സർക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടരുത് എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ മുഖത്തുനോക്കി പറഞ്ഞതെന്നും ആ ഒന്നാം പ്രതിയുടെ കയ്യിൽ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സോളർ കേസിലെ ഗൂഢാലോചനയെക്കുറിച്ച് എഴുതി തന്നാൽ അന്വേഷിക്കാമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്തു. ഒരു കാരണവശാലും സംസ്ഥാന സർക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടരുത് എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ മുഖത്തുനോക്കി പറഞ്ഞത്. ആ ഒന്നാം പ്രതിയുടെ കയ്യിൽ അന്വേഷണം നടത്തണമെന്ന് എഴുതി കൊടുക്കാനാകില്ല. സിബിഐ അന്വേഷണം നടന്നില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. കൊട്ടാരക്കര കോടതിയിൽ സോളറുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നേരത്തെ മൊഴി കൊടുത്ത കേസാണത്. സിബിഐ കണ്ടെത്തിയ പുതിയ തെളിവുകൾ കോടതിയെ സഹായിക്കും. ആ കോടതിയിലെ കേസ് തന്നെ ശക്തിപ്പെടുത്തണോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും.

സോളർ കേസിൽ അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്നു ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസിയും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത് അന്വേഷണം വേണമെന്നാണ്. മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട എന്നാണ് പറഞ്ഞത്. സോളർ കേസിലെ സിബിഐ റിപ്പോർട്ട് ഗവ.പ്ലീഡർ കോടതിയിൽനിന്ന് മാസങ്ങൾക്കു മുൻപ് കൈപ്പറ്റിയിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിബിഐയുടെ റിപ്പോർട്ടിലെ ഗൂഢാലോചന അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണ്. കേന്ദ്ര ഏജൻസി അതിനു തയാറായില്ലെങ്കിൽ നടപടി സ്വീകരിക്കും. നിയമനടപടികൾ എന്തൊക്കെയാണെന്ന് ആലോചിക്കുന്നു. ഗൂഢാലോചനയിൽ പങ്കാളികളായവർ ആരാണെന്ന് വ്യക്തമാകണം.

ആദ്യ പിണറായി സർക്കാർ അധികാരമേറ്റയുടനെ പരാതിക്കാരിയിൽനിന്ന് പരാതി എഴുതി വാങ്ങി. പിന്നീട് വിവിധ പൊലീസ് സംഘങ്ങൾ കേസ് അന്വേഷിച്ചു. ഒന്നും കണ്ടെത്താനാകാതെ വന്നതോടെ തിരഞ്ഞെടുപ്പിനു കുറച്ചുനാൾ മുൻപ് പരാതിക്കാരിയിൽനിന്ന് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പണം വാങ്ങിയാണ് കത്തിൽ കോൺഗ്രസ് നേതാക്കളുടെ പേര് എഴുതിചേർത്തതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. യുഡിഎഫ് നേതാക്കൾക്കെതിരെ സിബിഐ റിപ്പോർട്ടിൽ പരാമർശമില്ല. മുന്നണിക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Latest Articles