Monday, May 20, 2024
spot_img

നമോ 2.0, ഇനി കാണാൻ പോകുന്നത്, ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി അംഗത്വവും, ലോകരക്ഷാകർതൃത്വത്തിലേക്ക് ഇന്ത്യയുടെ ഉയർച്ചയും

നമോ 2.0 ഇന്ന് അധികാരം ഏറ്റെടുത്തു. ഉജ്ജ്വലമായ ഒരു ക്യാബിനറ്റും, സഹമന്ത്രിമാരുമടങ്ങുന്ന ഒരു പ്രഫഷണൽ ടീം തന്നെ ഭരണ നിർവഹണത്തിനായി, മോദിക്കൊപ്പം അധികാരമേറ്റു. യാതൊരു പരാതികൾക്കുമിട നൽകാതെ വകുപ്പ് വിഭജനവും കഴിഞ്ഞു.

ആദ്യ അഞ്ചു വർഷങ്ങളുടെ ഭരണ മികവിന്‍റെ നേർസാക്ഷ്യമാണ്, കൂടുതൽ കരുത്തനായി രണ്ടാമൂഴത്തിലേക്ക് അനായാസം നടന്നു കയറുന്നതിന്, ‘നരേന്ദ്രമോദിയെ പ്രാപ്തനാക്കിയത്. പ്രതിപക്ഷം കൂടുതൽ ദുർബലരായിരിക്കുന്നു. അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥി പോലും പതിനഞ്ചു വർഷങ്ങൾ കൈയ്യിൽ വച്ചിരുന്ന മണ്ഡലത്തിൽ തോറ്റു. ഈ അത്യുജ്ജ്വല വിജയത്തിനു നിദാനമായ പ്രധാന വിഷയങ്ങൾ എന്താണെന്ന് നോക്കാം.

  1. അഴിമതി നിർമ്മാർജ്ജനം ..
  2. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലാക്കാക്കി നടപ്പിലാക്കിയ പദ്ധതികൾ..
    (ബാങ്ക് അക്കൗണ്ട്, ഈടില്ലാതെ വായ്പ, സൗജന്യ മെഡിക്കൽ ഇൻഷ്വറൻസ്, കാർഷിക സബ്സിഡി, സൗജന്യ ഗ്യാസ് കണക്ഷൻ, സൗജന്യ വൈദ്യുതി കണക്ഷൻ, സൗജന്യ വീട്, ശൗചാലയങ്ങൾ, ബേഠി ബചാവോ, ബേഠി പഠാവോ തുടങ്ങിയ നൂറ് കണക്കിന് പദ്ധതികൾ ജനോപകാരപ്രദമായ രീതിയിൽ നടപ്പിലാക്കിയത് അടിസ്ഥാന ജനതയെ ആഴത്തിൽ സ്പർശിച്ചു.)
  3. ആഭ്യന്തര, പ്രതിരോധ രംഗങ്ങളിലും, വിദേശ നയത്തിലുമുള്ള വിജയകരമായ മുന്നേറ്റം..
  4. വികസനം, ശുചിത്വം, സാമ്പത്തിക രംഗത്തെ ഉജ്ജ്വല കുതിപ്പ് .. ഇവ നൽകിയ പ്രതിച്ഛായ..

ഇങ്ങനെ ചുരുക്കത്തിൽ മോദി സർക്കാരിന്‍റെ ഒന്നാം ഭാഗത്തെ വിശേഷിപ്പിക്കാമെങ്കിൽ, മോദി സർക്കാരിന്‍റെ രണ്ടാം ഭാഗം കാണാൻ പോകുന്നത്, ഇതിന്‍റെ സമ്പൂർണ്ണതയിലേക്കുള്ള പ്രയാണമാണ്.

നരേന്ദ്രമോദി അതിശക്തനായി രണ്ടാം വട്ടവും ഭരണ സാരഥ്യം ഏറ്റെടുക്കുമ്പോൾ, ലോകത്ത് ഇന്ന് നിലവിലുള്ള ശാക്തിക സമവാക്യങ്ങളിൽ മാറ്റം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഐക്യരാഷ്ട്രസഭയുടെ ‘വീറ്റോ അധികാര’മുള്ള രക്ഷാസമിതിയിലേക്ക് അംഗത്വം നേടാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ഇനി വിജയം കാണുമെന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

എന്നാൽ ഇതൊന്നുമല്ല മോദി’യുടെ ദിഗ്വിജയം ഉറപ്പിക്കാൻ പോകുന്നത്. അത്, വിനാശകരമായ ഒരു ലോകമഹായുദ്ധം ഒഴിവാക്കിയ ലോക നേതാവ് എന്ന പ്രതിഛായയാകും. അതിശയപ്പെടേണ്ട, ഇത് ഒരു ‘പ്രവചനം’ പോലെ തന്നെ എടുത്തുകൊള്ളൂ. അമേരിക്ക നയിക്കുന്ന ആയുധ ലോബികൾ മദ്ധ്യപൂർവ്വദേശത്ത്, അഥവാ പേർഷ്യൻ ഗൾഫിൽ തുടങ്ങുവാനാഗ്രഹിക്കുന്ന ഒരു ‘മഹായുദ്ധ’ത്തിന് തടസ്സമാകാൻ പോകുന്നത് നരേന്ദ്രമോദിയാണ്.

ഒരിക്കൽ ഇസ്ലാംവിരുദ്ധനായി ചിത്രീകരിക്കപ്പെട്ട മോദി തന്നെ, ഇസ്ലാമിക രാജ്യങ്ങളുടെ രക്ഷകനായി മാറുന്ന കാഴ്ച ഇനി ലോകം കാണും. കാരണം, ലോകത്തിന്‍റെ സാമ്പത്തിക നിലയും, സമാധാന അന്തരീക്ഷവും നിശ്ചയിക്കുന്നതും, നിലനിറുത്തുന്നതും, അട്ടിമറിക്കുന്നതും പാശ്ചാത്യ ആയുധലോബികളാണ്. ഈ ആയുധ ലോബികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകൾ “വത്തിക്കാൻ ബാങ്കു”കളും, അവരുടെ ചട്ടുകം അമേരിക്കൻ ഐക്യനാടുകളുമാണ്. വത്തിക്കാൻ മുതൽ ഇല്യൂമിനാറ്റിയും, റോത്തഷീൽഡ്സും, വാൾസ്ട്രീറ്റ് ഗൂഡ സംഘവും ഉൾപ്പെടെയുള്ള ഈ നിഗൂഡത നിറഞ്ഞ ശക്തികളണ് ലോകം ഒരർത്ഥത്തിൽ നിയന്ത്രിക്കുന്നതെന്ന് പറയാം. തകർക്കുകയും, പുനർനിർമ്മിക്കുകയും ചെയ്തു അവരങ്ങനെ പണം വാരിക്കൂട്ടും. അമേരിക്കൻ, ബ്രിട്ടീഷ് ഭരണകൂടങ്ങളൊക്കെ ഇവരുടെ ചൊല്പ്പടിയിലാണന്നാണ് കരുതപ്പെടുന്നത്.

സദ്ദാം ഹുസൈനെ കെണിയിലാക്കി കുവൈത്ത് അധിനിവേശം നടത്തിക്കുകയും അതിലൂടെ ഗൾഫിലേക്ക് കടന്നു കയറുകയുമാണ് പാശ്ചാത്യർ, പ്രത്യേകിച്ചും അമേരിക്ക ചെയ്തതെന്ന് പരക്കെ അറിയുന്ന കാര്യമാണ്. മേഖലയിൽ ഇന്നും തുടരുന്ന അസ്വസ്ഥതകളുടെ മൂല കാരണം ഈ കെണിയിൽ സദ്ദാം വീണു എന്നതാണ്. അഫ്ഗാൻ, സിറിയൻ അധിനിവേശവും, ഐഎസ്സിന്റ്റെ ഉദയവുമൊന്നും യാദൃശ്ചികമാണെന്ന് കരുതപ്പെടുന്നില്ല. ദരിദ്രരാജ്യമായ പാകിസ്ഥാന് ആയുധവും, പണവും നൽകി മേഖല അസ്വസ്ഥമാക്കി നിർത്തുന്നതും ഇതേ ലോബികളാണ്. മോദി, പാകിസ്ഥാന് നില കാണിച്ചു കൊടുത്തു എന്നത് കുറച്ചൊന്നുമല്ല ഇവരെ അലട്ടുന്നത്.

ഈ പശ്ചാത്തലത്തിലാണ്, അടുത്തയിടെ ഗൾഫ് മേഖലയിൽ വീണ്ടും ഉരുണ്ട് കൂടുന്ന സംഘർഷം ശ്രദ്ധിക്കേണ്ടത്. ഇറാനുമായുള്ള അമേരിക്കയുടെ സംഘർഷത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇരുകൂട്ടരുടെയും ആയുധപ്പുര നിറച്ചു കൊടുത്തത് ഒരേ ശക്തികളായിരുന്നു.

ഇന്നിപ്പോൾ, ആണവ നിർവ്യാപനക്കാരാറിന്റ്റെ പേരിൽ, ഇറാന് നേരെ പോർവിളി നടത്തുകയാണ് അമേരിക്ക. ഇറാനാകട്ടെ ഒട്ടും മോശമല്ല. ആണവശക്തിയാണവർ. ഷിയാ മുസ്ലിം ഭരണപ്രദേശമായതിനാൽ ഇതര സുന്നി ഭൂരിപക്ഷ ഗൾഫ് രാജ്യങ്ങളുമായി മോശം ബന്ധമാണ് ഇറാനുള്ളത്. ബഹറിനിൽ പരക്കെ അസ്വസ്ഥത സൃഷ്ടിക്കുന്നത് ഇറാനാണെന്ന് ആരോപിക്കപ്പെടുന്നു. അമേരിക്കൻ കപ്പൽപട ബഹറിനിലും, വ്യോമസേന വിഭാഗം ഖത്തറിലും തമ്പടിച്ചിരിക്കുന്നത് പ്രധാനമായും, ജിസിസി രാജ്യങ്ങളുടെ ഇറാൻ ഭയം മുതലെടുത്താണ്.

അമേരിക്ക ആണവ വിഷയത്തിൽ ഇറാനുമായുള്ള കരാറിൽ നിന്നും പിൻവാങ്ങുകയും, അവരുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ ബഹറിനിലേക്ക് അയക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. കൂടാതെ, ആയിരത്തിയഞ്ഞൂറ് മറീനുകളേയും മേഖലയിൽ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംമ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇങ്ങനെ, സംഘർഷം ഉരുണ്ടു കൂടവെ, സഹായം അഭ്യർത്ഥിച്ചു ഇറാൻ ഓടിയെത്തിയത് ന്യൂദില്ലിയിലാണ്. തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നതിനാൽ പ്രധാനമന്ത്രിയെ കാണാൻ ഇറാനിയൻ വിദേശകാര്യ മന്ത്രിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാനെ ആശ്വസിപ്പിക്കുന്ന നിലപാടാണ് എടുത്തത്. കൂടാതെ സുഷമാജി ഇറാൻ സന്ദർശിക്കുകയും ചെയ്തു.

ഇന്ത്യയുടെ അടുത്ത സുഹൃത്താണ് ഇറാൻ. അത്ര തന്നെ ഉറ്റമിത്രങ്ങളാണ് യുഎഇയും, സൗദി അറേബ്യയും. മേഖലയിൽ ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ഇറാന് മാത്രമാവില്ല ആഘാതമാകുന്നത്. സൗദി അടക്കം എല്ലാ രാജ്യങ്ങളിലും നാശനഷ്ടങ്ങളും വലിയ തോതിൽ ജീവഹാനിയും ഉണ്ടാകാം. ഇത് റഷ്യടക്കം വിവിധ രാജ്യങ്ങൾ ചേരികൾ തിരിഞ്ഞു ലോകയുദ്ധമായി തന്നെ തീരാനുമിടയുണ്ട്. ആയുധ ലോബികളുടെ ആഗ്രഹവും, ആവശ്യവും ഇതാണ്. നിലവിൽ ഗൾഫ് മേഖല വലിയ സമ്മർദ്ദത്തിലാണുള്ളത്. ബഹറിനിൽ അടക്കം യുദ്ധത്തെ നേരിടാൻ അലാറം ഡ്രില്ലുകൾ നടന്നു കൊണ്ടിരിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ച് ഗൾഫിൽ ഒരു യുദ്ധം താങ്ങുവാൻ സാധിക്കില്ല. അറുപത് ലക്ഷത്തിലേറെ ഇന്ത്യക്കാരാനാണ് ഗൾഫിൽ ജോലി ചെയ്യുന്നത്. ബിസിനസ്സ് താത്പര്യങ്ങളും ഏറെ. യുദ്ധ സാഹചര്യത്തിൽ ഇത്രയും വലിയൊരു സംഖ്യയിൽ ഇന്ത്യക്കാരെ കുടിയൊഴിപ്പിച്ച് തിരികെ കൊണ്ടു വരുന്നത് അസാദ്ധ്യമാണ്. തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കുന്നത് മറ്റൊരു വെല്ലുവിളിയും. ഒരു യുദ്ധമുണ്ടായാൽ ചെറിയൊരു അളവിൽ പോലും ഇന്ത്യക്കാരായ പ്രവാസികൾക്കു പ്രശ്നം നേരിട്ടാലതിന്റ്റെ അനുരണനങ്ങൾ രാജ്യത്തെ സർക്കാരിനെ അസ്വസ്ഥമാക്കും. ഫലത്തിൽ മോദി ഇന്ന് തുടരുന്ന വികസന കുതിപ്പിന് തടവീഴും.

ഇത് കൂടാതെ ഇരുഭാഗത്തും മിത്രങ്ങളായ രാജ്യങ്ങൾ ഏറ്റുമുട്ടുന്നത് മോദി തീരെ ആഗ്രഹിക്കില്ല. ഇന്നത്തെ നിലയിൽ ഇന്ത്യയെ പിണക്കാൻ അമേരിക്കക്ക് പോലുമാകില്ല. നരേന്ദ്രമോദി യുദ്ധ വിരുദ്ധ നിലപാട് എടുത്താൽ അനുനയമല്ലാതെ ട്രംമ്പിനും മാർഗ്ഗമുണ്ടാകില്ല. അതിനുമുപരി, ഇറാനുമായുള്ള ഊഷ്മളമായ ബന്ധം ഉപയോഗിച്ച്, സൗദി ഉൾപ്പെടെയുള്ള മിത്ര രാജ്യങ്ങൾക്ക് അപകടമുണ്ടാകാതെ ഇരുകൂട്ടരേയും അനുനയിപ്പിക്കാൻ മോദി മുൻകൈയെടുക്കുമെന്നത് ഉറപ്പാണ്. റഷ്യയും, ഫ്രാൻസും, ഇസ്രായേലുമടക്കം ഇന്ത്യയുടെ നിലപാടുകളെ പിന്തുണയ്ക്കും. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കറെ നിയമിച്ച മോദിയുടെ ദീർഘ വീക്ഷണം അമേരിക്കയുമായുള്ള ചർച്ചകളിൽ ഇന്ത്യക്ക് തുണയാകും.

ഫലത്തിൽ, ഇന്ന് ഇന്ത്യയിൽ അജയ്യനായ നരേന്ദ്രമോദി ലോകാരാധ്യനും, അതിശക്തനായ ലോകനേതാവായും മാറും. ഇങ്ങനെ, വരുന്ന അഞ്ചു വർഷങ്ങൾ, ഇന്ത്യയുടെ സുവർണ്ണ കാലമായിരിക്കുമെന്ന ഉറപ്പ് കൂടിയാണ് ഈ സ്ഥാനാരോഹണം നൽകുന്ന സന്ദേശം. ഭാരതം, വിശ്വഗുരു ആകണമെന്ന നരേന്ദ്രമോദിയുടെ സ്വപ്നം ഇനി യാഥാർത്ഥ്യമാകും.

Related Articles

Latest Articles