Monday, January 12, 2026

മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ ഇനി ആരെല്ലാം…? കേരളത്തില്‍ നിന്ന് മൂന്ന് പേരുകള്‍ സജീവം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ.ആദ്യ ഘട്ടത്തില്‍ മന്ത്രിസഭയില്‍ 35 അംഗങ്ങളുണ്ടാകുമെന്നാണ് സൂചന. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം ഉടന്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് , ഹരിയാന തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം അമിത് ഷാ മന്ത്രിസഭയിലേക്ക് വന്നാലോ എന്നും ആലോചനയുണ്ട്. മോദിയും അമിത് ഷായും ചേര്‍ന്ന് അഞ്ചുമണിക്കൂറോളം മന്ത്രിസഭാ രൂപീകരണ കാര്യങ്ങള്‍ ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. ഇന്ന് വൈകിട്ടോടെ മന്തിമാരുടെ പട്ടിക രാഷ്ടപതിയെ അറിയിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ ചികിത്സയിലായ അരുണ്‍ ജെയ്റ്റ്ലി മന്ത്രിസഭയിലുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.അതേ സമയം പ്രതിസന്ധികളും വിമര്‍ശനങ്ങളും ഉയരുമ്പോള്‍ പ്രതിപക്ഷത്തിന് ന്യായവാദങ്ങളിലൂടെ ചുട്ട മറുപടി നല്‍കുന്ന ജെയ്‌റ്റിലി മന്ത്രിസഭയിലെ അനിവാര്യഘടകവുമാണ്.

മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗിന്റെ വകുപ്പുകള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ മാറാനുള്ള സാദ്ധ്യതയില്ല. അരുണ്‍ ജെയ്റ്റ്ലിക്ക് പകരം പിയൂഷ് ഗോയലിന് ധനവകുപ്പ് നല്‍കാന്‍ സാദ്ധ്യതയുണ്ട് .എന്നാല്‍ ഇത് അമിത് ഷായ്ക്ക് നല്‍കാനും സാദ്ധ്യത കല്പിക്കുന്നുണ്ട്. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ആരോഗ്യ മന്ത്രി ജെ.പി നദ്ദ എന്നിവര്‍ പാര്‍ട്ടി ചുമതലയിലേക്ക് പോകാനാണ് സാദ്ധ്യത. പാ‌ര്‍ട്ടി അദ്ധ്യക്ഷയായില്ലെങ്കില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വകുപ്പില്‍ തുടരുമെന്നാണ് സൂചന.

മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ കാണാനാണ് സാദ്ധ്യത ഏറെയാണ്. പ്രാദേശിക, സാമൂഹ്യ പരിഗണകളും കണക്കിലെടുക്കും. ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന് വെങ്കയ്യനായിഡു നേരത്തെ മന്ത്രിസഭയില്‍ നിന്നൊഴിവായിരുന്നു. അനന്തകുമാറിന്റെ മരണവും ഒഴിവുണ്ടാക്കി. പല ഒഴിവുകളും മിടുക്കരായ പുതുമുഖങ്ങളെകൊണ്ട് നികത്താനാണ് സാധ്യത. ഘടക കക്ഷികള്‍ക്കും മതിയായ പ്രാതിനിധ്യം മന്ത്രിസഭയില്‍ നല്‍കുമെന്നാണ് കരുതുന്നുത്. നിതീഷ് കുമാറിന്റെ ജെ.‌ഡി.യു , ശിവസേന എന്നിവര്‍ക്ക് രണ്ട് വീതം മന്ത്രിമാരെയും,കൂടാതെ അകാലിദള്‍,എഐഎഡിഎംകെ, രാംവിലാസ് പസ്വാന്‍, എല്‍ജെപി എന്നിവയ്ക്കും പ്രാതിനിധ്യം ലഭിച്ചേക്കും.

കേരളത്തിനും ഒന്നോരണ്ടോ മന്ത്രിസ്ഥാനം ലഭിച്ചേക്കാം.കുമ്മനം രാജശേഖരന്‍, രാജ്യസഭാംഗങ്ങളായ വി.മുരളീധരന്‍ , സുരേഷ് ഗോപി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിത് ഷാ മന്ത്രിയായാല്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, മന്ത്രിമാരായ ജെ.പി നദ്ദ, ധര്‍മ്മേന്ദ്ര പ്രധാന്‍ , ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയ എന്നിവരുടെ പേരുകളാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Related Articles

Latest Articles