കന്യാകുമാരി: പുണ്യഭുമിയായ കന്യാകുമാരിയിൽ സ്വാമി വിവേകാനന്ദന്റെ സ്‌മരണ നിറഞ്ഞു നിൽക്കുന്ന സ്മാരകത്തിൽ മൂന്നു സമുദ്രങ്ങളെയും സാക്ഷിയാക്കി ധ്യാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കാവിയണിഞ്ഞ് രുദ്രാക്ഷം കയ്യിലേന്തി പ്രണവമന്ത്ര പശ്ചാത്തലത്തിൽ ധ്യാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നേരത്തെ, മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ കാണിക്കുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു പ്രതിപക്ഷ വാദം. എന്നാൽ ദേശീയ പ്രാദേശിക മദ്ധ്യമങ്ങളെല്ലാം ഈ ദൃശ്യങ്ങൾ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ അതിലേറെ വൈറലാകുകയാണ്. ധ്യാനം മോദിയുടെ വ്യക്തിപരമായ കാര്യമാണെന്നും ഇടപെടാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിലപാടെടുത്തിരുന്നു.
ഇന്നലെയാണ് രണ്ടു ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തിയത്. കന്യാകുമാരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രത്യേക ബോട്ടിൽ വിവേകാനന്ദ സ്‌മാരകത്തിലെത്തി. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാന്ദന്റെയും ചിത്രങ്ങളിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ധ്യാനം ആരംഭിച്ചത്. ഇന്ന് അദ്ദേഹം സൂര്യോദയം കാണാനായി പുറത്ത് വന്നിരുന്നു. സൂര്യോദയത്തിന് ശേഷം അദ്ദേഹം വീണ്ടും ധ്യാനത്തിൽ മുഴുകിയതിന് ശേഷമുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

