Tuesday, December 30, 2025

സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാ​ഗത്തിൽ നിന്നുളള അം​ഗങ്ങളും മന്ത്രിമാരാകുന്നത് ചിലർക്ക് ദഹിക്കുന്നില്ല അവർ പാർലമെന്റ് തടസ്സപ്പെടുത്താൻ ഓരോ കാരണങ്ങൾ കൊണ്ടുവരുന്നു; പ്രധാനമന്ത്രി

ദില്ലി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തിന് ലോക്സഭ സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയിൽ പരിചയപ്പെടുത്തുന്നത് പ്രതിപക്ഷ എം.പിമാർ തടസപ്പെടുത്തി. ജൂലായ് ഏഴിന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രി എഴുന്നെറ്റു. എന്നാൽ താമസിയാതെ പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം വിളിക്കുകയും നടപടികൾ തടസപ്പെടുത്തുകയും ആയിരുന്നു.

കൂടുതൽ സ്ത്രീകളും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാ​ഗത്തിൽ നിന്നുളള അം​ഗങ്ങളും മന്ത്രിമാരാകുന്നത് ചിലർക്ക് ദഹിക്കുന്നില്ലെന്ന് തോന്നുന്നതായി പ്രധാനമന്ത്രി പ്രതികരിച്ചു. ഇവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിൽ എല്ലാവർക്കും അഭിമാനം ഉണ്ടാകണം. സത്യപ്രതിജ്ഞ ചെയ്തവരിൽ ചിലർ ഒ.ബി.സി വിഭാ​ഗത്തിൽ നിന്നുളളവരും കർഷകരുടെ മക്കളുമാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.

സാധാരണ കുടുംബങ്ങളിൽ നിന്നുള്ള, ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് അഭിമാനകരമാണ്. എന്നാൽ ചില ആളുകൾ മന്ത്രിമാരെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വനിതാ മന്ത്രിമാരെ സഭയിൽ പരിചയപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ അവർക്ക് സ്ത്രീവിരുദ്ധ മനോഭാവവുമുണ്ട്. അത്തരമൊരു നിഷേധാത്മക മനോഭാവം പാർലമെന്റിൽ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ പട്ടിക സഭയിൽ സമർപ്പിച്ച പ്രധാനമന്ത്രി ഇത് അവരുടെ പരിചയപ്പെടുത്തലായി കണക്കാക്കണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചു. പിന്നാലെ, അദ്ദേഹത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചതായി സ്പീക്കർ വ്യക്തമാക്കി. സ്പീക്കർ ഓം ബിർല നിരന്തരം അഭ്യർത്ഥിച്ചിട്ടും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്തതോടെ 40 മിനിറ്റോളം സഭ നിർത്തിവച്ചു. നിങ്ങൾ ഒരു നല്ല പാരമ്പര്യം ലംഘിക്കുകയാണ്, മോശം മാതൃകയാണ്. സഭയുടെ അന്തസ് നിലനിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നതായും ബിർള പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞു. നിങ്ങളും അധികാരത്തിലുണ്ട്, സഭയുടെ അന്തസ് ഇകഴ്ത്തരുതെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Latest Articles