Saturday, December 20, 2025

കേരളത്തിൽ കോൺഗ്രസിനെ തറ പറ്റിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് മോദി;ഒപ്പം പിണറായിയും…!

ലോകസഭാ തിരഞ്ഞടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ കേരളത്തിൽ കോൺഗ്രസിനെ തറ പറ്റിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് നരേന്ദ്രമോദി. അതേസമയം, ഇതിന് പൂർണ പിന്തുണ നൽകാനാണ് കേരള സി പി എമ്മിൻ്റയും മുഖ്യമന്ത്രിയുടെയും തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ kpcc അധ്യക്ഷൻ കെ.സുധാകരനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ഉയർന്നുവരുന്ന സംസാരം.

അതേസമയം, നിരന്തരം ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയ കോണ്‍ഗ്രസ്, ഇപ്പോള്‍ സ്വയം പ്രതിരോധത്തിലാണ്. പോലീസ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നതോടെ ആരോപണ വിധേയരായ പ്രതിപക്ഷ നേതാക്കളുടെ മുട്ടിടിക്കുകയാണ്. കാരണം മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍, കെ.സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകളെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 12 തവണ സുധാകരന്‍ മോന്‍സനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2018 മുതല്‍ മോന്‍സന്‍ അറസ്റ്റിലാകുന്നതു വരെയായിരുന്നു ഈ കൂടിക്കാഴ്ചകള്‍ നടത്തിയിരിക്കുന്നത്. അതേസമയം, കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് സുധാകരൻ ക്യത്യമായ മറുപടി നൽകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. പണം കൈപ്പറ്റിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിനോട് സുധാകരന്‍ പറഞ്ഞിരിക്കുന്നത്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ ജാമ്യത്തില്‍ വിട്ടു.

അതേസമയം സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ ആഞ്ഞടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചത്. കെപിസിസി പ്രസിഡന്റിനെതിരെ കള്ളക്കേസുണ്ടാക്കി വേട്ടയാടുന്ന പിണറായി വിജയന്റെ നടപടി അദ്ദേഹത്തിന്റെ ഭയത്തില്‍നിന്നും ഉണ്ടായതാണെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് ഈ അറസ്റ്റ് എന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്. അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്നും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെയെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. കൂടാതെ ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദനും മൂഢന്മാരുടെ സ്വര്‍ഗത്തിലാണ്. ഒരു ഭാഗത്ത് പാര്‍ട്ടി ക്രിമിനലുകള്‍ തലങ്ങുംവിലങ്ങും വിലസുമ്പോള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്ന പൊലീസ്, ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ദേശീയ തലത്തില്‍ ഒരു ട്രാക്കില്‍ നീങ്ങുമ്പോള്‍ പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയാണെന്ന് തെളിയിക്കാനുള്ള തിരക്കിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കിയുള്ള അനാവശ്യ പീഡനം കേരളത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തമാക്കുകയേ ഉള്ളൂവെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.
അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ ജനങ്ങളെ പേടിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. വ്യക്തമായ തെളിവുകളോടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാര്‍ യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം നാടകങ്ങളുമായി മുന്നോട്ടു പോകുന്നത്. ജനങ്ങളെ നേരിടാന്‍ പിണറായി സര്‍ക്കാരിന് പേടിയാണെന്നും പി.എം.എ. സലാം വ്യക്തമാക്കി.

അതേസമയം, 2024 ലെ ഇലക്ഷനിൽ സി പി എമ്മിന് ദേശീയ പദവി നഷ്ടമാകാതിരിക്കണമെങ്കിൽ സീറ്റുകൾ പിടിക്കണം. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് സി പി എമ്മിന് ലഭിച്ചത്.19 സീറ്റും കോൺഗ്രസ് പിടിച്ചു. ഇതിൽ മാറ്റം ഉണ്ടാകണമെങ്കിൽ കോൺഗ്രസ് നേതാക്കൾ ജയിലിൽ പോകണം. ഇതാണ് പിണറായി ലക്ഷ്യമിടുന്നതും. സംസ്ഥാനത്ത് ബി ജെ പി ക്ക് ഒന്നോ രണ്ടോ സീറ്റുകൾ കിട്ടിയാലും തരക്കേടില്ലെന്ന അവസ്ഥയിലാണ് പിണറായി ഇപ്പോൾ. താൻ ബി ജെ പി ക്ക് നൽകുന്ന സഹായങ്ങൾക്ക് പ്രത്യുപകാരം ലഭിക്കുമെന്ന് എന്തായാലും പിണറായിക്ക് അറിയാം. അതുകൊണ്ടാണ് ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയൻ മോദിയ്ക്കായി കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് ഉയർന്നുവരുന്നത്.

Related Articles

Latest Articles