ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ നടക്കുന്ന ദ്വിദിന ‘നാഷണൽ മേയർ’ കോൺഫറൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച്ച ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ.
പാർട്ടിയുടെ സുശാസൻ (ഗുഡ് ഗവേണൻസ്) സെൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ പരിപാടിയിൽ രാജ്യത്തുടനീളമുള്ള ബിജെപി ഭരിക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങളിലെ 121 മേയർമാരും ഡെപ്യൂട്ടി മേയർമാരും പങ്കെടുക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ പറഞ്ഞു.
“ചൊവ്വാഴ്‌ച രാവിലെ ദേശീയ മേയർമാരുടെ സമ്മേളനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. നഗരവികസനത്തെക്കുറിച്ച് ക്ഷണിക്കപ്പെട്ട അതിഥികളെ മനസിലാക്കാൻ അദ്ദേഹം ശ്രമിക്കും ,” തിങ്കളാഴ്ച്ച ഗാന്ധിനഗറിൽ മാധ്യമപ്രവർത്തകരോട് സിൻഹ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി എന്നിവരും രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
“നഗരവികസനത്തിനായുള്ള തന്റെ കാഴ്ച്ചപ്പാട് ഫഡ്‌നാവിസ് പങ്കുവയ്ക്കുകയും നഗര തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് അതിഥികളെ അറിയിക്കുകയും ചെയ്യും. 18 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മേയർമാരും ഡെപ്യൂട്ടി മേയർമാരും മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ കാഴ്ച്ചപ്പാടുകൾ പങ്കിടുകയും ചെയ്യും. ” സിൻഹ പറഞ്ഞു

