ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ തകർന്നടിഞ്ഞ വയനാടിന് സഹായഹസ്തം നീട്ടി നടന്‍ മോഹന്‍ലാൽ. 25 ലക്ഷം രൂപ അദ്ദേഹം വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കേരളക്കരയെ ദുരിതത്തിൽ മുക്കിയ 2018 പ്രളയകാലത്തടക്കം മോഹന്‍ലാല്‍ സഹായ ഹസ്തവുമായി രംഗത്ത് വന്നിരുന്നു.
വയനാട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഓരോ വ്യക്തിയെയും അഭിനന്ദിച്ചും നന്ദിയറിയിച്ചും നേരത്തെ മോഹൻലാൽ വൈകാരിക കുറിപ്പ് പങ്കുവച്ചിരുന്നു.
അപകടം പതിയിരിക്കുന്ന ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ സേനാംഗങ്ങള്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുളള എല്ലാവര്‍ക്കും താരം തന്‍റെ കുറിപ്പിലൂടെ അഭിനന്ദനവും നന്ദിയും അറിയിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തകരുടെ അര്‍പ്പണമനോഭാവത്തിന് ബിഗ് സല്യൂട്ട് എന്നും അദ്ദേഹം കുറിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈയെയും ചൂരൽ മലയെയും നാമാവശേഷമാക്കിയ ഉരുൾപ്പൊട്ടൽ ഉണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 319 ൽ എത്തി നിൽക്കുകയാണ്. ഇരുനൂറിലധികം ആളുകളെ കാണാതായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്ചയാണ് വയനാട്ടില്‍ കാണാനാകുന്നത്. സര്‍വതും നഷ്‍ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്.

