Saturday, May 18, 2024
spot_img

അതും ആദ്യം കേരളത്തിൽ തന്നെ; മങ്കി പോക്സ് ലക്ഷണങ്ങളുമായി ഒരാൾ നിരീക്ഷണത്തിൽ; പരിശോധനാഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സെന്ന് സംശയം. വിദേശത്ത് നിന്നും കേരളത്തിൽ എത്തിയ ആൾ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയവെയാണ് മങ്കി പോക്സ് ബാധ ഉണ്ടെന്ന് സംശയിക്കുന്നത്. ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത് നാല് ദിവസം മുൻപാണ്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു . പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്സിൻ്റെ മുഖ്യ ലക്ഷണം.

ലക്ഷണങ്ങൾ കണ്ടതോടെ പ്രാഥമിക പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. രോഗിയുടെ സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

മങ്കീപോക്സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മങ്കീപോക്സ് ബാധിതരിൽ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോൺടാക്ട് ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles