കണ്ണൂർ കായലോട് എസ്ഡിപിഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്ഐആർ. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വെച്ച് മർദിച്ചെന്നാണ് കേസ്. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മർദിച്ചത്.
ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വി സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഇവർ ചോദ്യം ചെയ്തിരുന്നു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തി മൊബൈൽ ഫോണും ടാബും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. എന്നാൽ യുവാവിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ പ്രതികൾ തയ്യാറായിരുന്നില്ല.
എന്നാൽ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവർത്തകരുടെ വിശദീകരണം.

