Saturday, May 4, 2024
spot_img

സംസ്ഥാനത്ത് ആശങ്ക: 63 പേര്‍ക്ക് കൂടി രോ​ഗം; ഒമിക്രോണ്‍ ക്ലസ്റ്ററായി തിരുവനന്തപുരത്തെ സ്വകാര്യ കോളജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനൊപ്പം ഒമിക്രോണും കുതിക്കുന്നു. ഇന്ന് 63പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇതിൽ 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേര്‍ക്കും തൃശൂരിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

അതേസമയം തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. വിദ്യാർത്ഥികൾ ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.

അതേസമയം സംസ്ഥാനത്ത് കോവിഡും പിടിവിടുകയാണ്. മധ്യകേരളത്തിൽ പ്രധാനമായും എറണാകുളം ജില്ലയിൽ പിടിവിട്ട് കുതിക്കുകയാണ് കൊവിഡ്. എറണാകുളം ജില്ലയിൽ 22 കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളേജിൽ 13 ഡോക്ടർമാരടക്കം 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപനം രൂക്ഷമായ ഇടങ്ങളിൽ അടിയന്തിരമായി CFLTCകൾ തുറക്കാനാണ് ജില്ലഭരണകൂടങ്ങളുടെ തീരുമാനം.

നിലവിൽ ജില്ലയിൽ നിലവിലുള്ളത് 22 കൊവിഡ് ക്ലസ്റ്ററുകൾ. ഇതിൽ 11 ഉം വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നുള്ളതും ആശങ്കയാണ്. കൊച്ചി നഗരത്തിലെ പ്രമുഖ കോളേജുകളിലും ക്ലസ്റ്ററുകളാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകിച്ചു.

മാത്രമല്ല പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയും എസ്ഐയും ഉൾപ്പെടെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 50 പൊലീസുകാർ രോഗബാധിതരാണ്. തൃശൂരിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ 13 ഇടങ്ങളിലാണ് തൃശൂരിൽ ക്ലസ്റ്ററുകൾ. ആലപ്പുഴയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്ററുകളായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉടൻ സിഎഫ്എൽടിസികൾ തുറക്കാൻ ജില്ലഭരണകൂടം തീരുമാനിച്ചു.

Related Articles

Latest Articles