Saturday, January 10, 2026

മൂവാന്‍ വിമാനദുരന്തം ! അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് പേരും ക്യാബിൻ ക്രൂ അംഗങ്ങൾ !! തുണയായത് വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ ഈ സ്ഥലത്ത് സ്ഥാനം പിടിച്ചിരുന്നത് !!

സോള്‍ : ലോകത്തെ നടുക്കിയ മൂവാന്‍ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരും ക്യാബിൻ ക്രൂ അംഗങ്ങളെന്ന് റിപ്പോർട്ട്. അപകടത്തിൽ 179 പേരാണ് മരിച്ചത്. 6 ജീവനക്കാരും 175 യാത്രക്കാരുമടക്കം 181 പേരുമായി തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്ന് ദക്ഷിണകൊറിയയിലെ മൂവാന്‍ വിമാനത്താവളത്തിലിറങ്ങിയ ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ച് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

അപകടസമയത്ത് വിമാനത്തിന്റെ വാല്‍ഭാഗത്ത് ഇരുന്ന ക്രൂ അംഗങ്ങളായ 32-കാരനായ ലീയും 25-കാരിയായ ക്വോണും മാത്രമാണ് ജീവനോടെ അവശേഷിച്ചത്. വിമാനത്തിന്റെ വാല്‍ഭാഗത്തായിരുന്നതുകൊണ്ടു മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്.

അപകടത്തിന്റെ ഞെട്ടലില്‍നിന്ന് ലീ പൂര്‍ണമായി മുക്തനായിട്ടില്ല. ലീയുടെ തോളിനും തലയ്ക്കും പരുക്കുണ്ട്. എന്നാല്‍ ക്വോണിന് അപകടത്തെക്കുറിച്ച് ഇതുവരെ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് തലയോട്ടിക്കും കണങ്കാലിനും പൊട്ടലുണ്ട്.

2015-ല്‍ ടൈം മാഗസിന്‍ നടത്തിയ പഠനത്തില്‍, വിമാന അപകടങ്ങളിൽ പിന്‍ സീറ്റുകളാണ് ഏറ്റവും സുരക്ഷിതമെന്ന് കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട വിമാനങ്ങളില്‍ പിന്‍ സീറ്റുകളില്‍ 32 ശതമാനമാണ് മരണ നിരക്ക്. മധ്യനിരയിലെ സീറ്റുകളില്‍ ഇത് 39 ശതമാനവും മുന്‍ഭാഗത്തെ സീറ്റുകളിലെ മരണനിരക്ക് 38 ശതമാനവുമാണ്. ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ കസാഖ്സ്താനിലെ അക്തോയില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തില്‍ നിന്ന് 29 പേരാണ് രക്ഷപ്പെട്ടത്. വിമാനത്തിന്റെ വാല്‍ഭാഗത്ത് ഇരുന്നവരാണ് രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും. 30 പേരാണ് അപകടത്തില്‍ മരിച്ചത്.

Related Articles

Latest Articles