ചെന്നൈ : 2022 ലെ മിസ്റ്റർ തമിഴ്നാട് മത്സര വിജയിയും സമൂഹ മാദ്ധ്യമങ്ങളിലെ പേരെടുത്ത വെയ്റ്റ് ലോസ് കോച്ചുമായ അരവിന്ദ് ശേഖർ ഹൃദയാഘാതം മൂലം മരിച്ചു. മുപ്പത് വയസായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ് നടി ശ്രുതി ഷൺമുഖപ്രിയ ഭാര്യയാണ്. ദീർഘ കാലം പ്രണയത്തിലായിരുന്ന ഇരുവരും 2022 മേയിലാണു വിവാഹിതരായത്.
ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അരവിന്ദ് നടത്തിയിരുന്ന ഓൺലൈൻ ക്ലാസുകൾക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖ താരങ്ങളും ഇയാളുടെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.

