Sunday, June 16, 2024
spot_img

കൊച്ചിക്കാരൻ മിസ്റ്റർ യൂണിവേഴ്‌സ്…ചിത്തിരേഷ് നടേശ് മിസ്റ്റർ യൂണിവേഴ്‌സ് ആയതു 9 മുൻ ലോകചാമ്പ്യന്മാരെ പിന്നിലാക്കി…


ചുമ്മാ വെറുതെയങ്ങു ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുവായിരുന്നില്ല ചിത്തിരേഷ്.ഒരു നാൾ ലോകമറിയുന്ന ബോഡി ബിൽഡർ ആകണമെന്ന ആഗ്രഹം സഫലമായത് ആ കഠിനപ്രയത്നത്തിന്റെ ശ്രമഫലമായാണ്.അതിനാൽ തന്നെ നിസ്സംശയം നമുക്ക് ചിത്തിരേഷിനെ ഇനി ഇന്ത്യയുടെ അർണോൾഡ് ഷ്വാസ്‌നെഗർ എന്ന് തന്നെ വിളിക്കാം.1967ൽ അർണോൾഡ് ഷ്വാസ്‌നെഗർ തന്റെ 23ആം വയസ്സിൽ സ്വന്തമാക്കിയ മിസ്റ്റർ യൂണിവേഴ്‌സ് പട്ടം ഇന്ന് സ്വന്തമാക്കി വടുതല സ്വദേശി ചിത്തിരേഷ്.ഈ ടൈറ്റിൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ചിത്തിരേഷ്.ഡൽഹിയിൽ ജോലി നോക്കുന്ന ചിത്തരേഷ് വടുതലയിലെ വീട്ടിൽ അവസാനമായി എത്തിയത് ഒരു വർഷം മുൻപാണ്. ദക്ഷിണ കൊറിയയിൽ നടന്ന വേൾഡ് ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിനായി ജനുവരി മുതൽ കഠിനമായ ഒരുക്കമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി. പരിശീലനത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു.
പക്ഷെ ഇത്തവണ ചിത്തരേഷ് വടുതലയിലെത്തിയതു നാടു മുഴുവൻ അറിഞ്ഞു. മിസ്റ്റർ യൂണിവേഴ്സിനെ കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനുമെത്തുന്നവരുടെ തിരക്കാണു വീട്ടിൽ. ചിത്തരേഷിനെ ഉദ്ഘാടനങ്ങൾക്കു ക്ഷണിക്കാനും ഒട്ടേറെപ്പേർ എത്തുന്നു.
ഡൽഹിയിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുൻപു നടന്ന പല ചാംപ്യൻഷിപ്പുകളിലും ഡൽഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചത്. എന്നാൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തിൽത്തന്നെ ഈ സ്വപ്ന നേട്ടം കരസ്ഥമാക്കാനായതിന്റെ സന്തോഷത്തിലാണിപ്പോൾ താരം.
90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടി തുടർന്നു നടന്ന മത്സരത്തിൽ 55–110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്സ് നേടിയത്. പരാധീനതകളോടു പടവെട്ടിയാണു ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടിൽനിന്നു മിസ്റ്റർ യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു.

ഉടൽ കടഞ്ഞെടുത്തു വിജയമധുരം രുചിക്കാൻ ചിത്തരേഷിനു തുണയായത് ഉറ്റ സുഹൃത്തും വഴികാട്ടിയും കോച്ചുമായ എം.പി. സാഗറിന്റെ ചിട്ടയായ പരിശീലനമാണ്. ഒരു ദിവസംപോലും മടിപിടിക്കാതെ, ഇഷ്ടമുള്ള ഭക്ഷണവും ചടങ്ങുകളും ആഘോഷങ്ങളും ഒക്കെ ത്യജിച്ചുള്ള കഠിനമായ പരിശീലനം. ചെലവേറിയ കായിക ഇനമാണെന്നറിഞ്ഞിട്ടും വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും പിൻമാറാൻ ചിത്തരേഷിനു മനസ്സില്ലായിരുന്നു.
പ്രതിസന്ധികളിൽ നാടും കൂട്ടുകാരും കട്ടയ്ക്കു കൂടെ നിന്നു. പലപ്പോഴും സാമ്പത്തികമായി സഹായിച്ചു. ഹൈബി ഈഡൻ എംപിയും വ്യക്തിപരമായി പലപ്പോഴും സഹായിച്ചെന്നും ചിത്തരേഷ് പറയുന്നു. കോളജ് പഠനകാലത്തു ഹോക്കിയിൽ താൽപര്യമുണ്ടായിരുന്നെങ്കിലും അതോടൊപ്പം ബോഡി ബിൽഡിങ്ങിനും സമയം കണ്ടെത്തിയിരുന്നു. പിന്നീടു ഹോക്കി ഒഴിവാക്കി പൂർണമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ പതിപ്പിച്ചു.

ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചി വടുതല സ്വദേശി ചിത്തരേഷ് നടേശൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ഈ മുപ്പത്തിമൂന്നുകാരന് ഇന്നാവശ്യം ഒരു സർക്കാർ ജോലിയാണ്. ജീവിതം കരുപ്പിടിപ്പിക്കാനും കായിക ജീവിതം മുന്നോട്ടു കൊണ്ടു പോകാനും ജോലിയില്ലാതെ പറ്റില്ല. സ്വപ്നം ഉടൻ സാധ്യമാകാൻ വേണ്ട നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണു താരം.കായിക താരങ്ങൾ കേരളത്തിന്റെ സ്വത്താണെന്നു പറഞ്ഞ കായിക മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു ചിത്തിരക്ഷ് നടേശനും…

Related Articles

Latest Articles