മുംബൈ: ‘മുദ്ര’ വായ്പകൾ തിരച്ചടവു മുടങ്ങി നിഷ്‌ക്രിയ ആസ്തിയായി മാറുന്നത് ആശങ്കാജനകമാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം കെ ജെയിൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ബാങ്കുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ‘സിഡ്ബി’യുടെ ദേശീയ മൈക്രോഫിനാൻസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായ്പകൾ അംഗീകരിക്കുന്ന സമയത്തുതന്നെ അവ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം. തുടർന്ന് വായ്പ തിരിച്ചടയ്ക്കുന്നത് കൃത്യമായി നിരീക്ഷിക്കുകയുംവേണം. മുദ്ര പദ്ധതി നല്ലതാണ്. ഒട്ടേറെപ്പേരെ ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടുത്താൻ അതുകൊണ്ടുകഴിഞ്ഞു. എന്നിരുന്നാലും ചില ആശങ്കകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ഏപ്രിലിലാണ് പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി തുടങ്ങിയത്. കാർഷികേതര ചെറുകിട സൂക്ഷ്മ സംരംഭങ്ങൾക്ക് പരമാവധി പത്തുലക്ഷം രൂപവരെ വായ്പ നൽകുന്നതാണ് പദ്ധതി. 2018- 19 കണക്കുപ്രകാരം മുദ്ര വായ്പകളിൽ 2.68 ശതമാനം നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുണ്ട്.

