Saturday, May 25, 2024
spot_img

എന്ത് വന്നാലും ആരോഗ്യവകുപ്പ് പഠിക്കില്ല; രോഗികളെ ചികിൽസിക്കാതെ ഡോക്ടർമാർ ‘മുങ്ങി’

പുല്‍പ്പള്ളി: വയനാട്ടില്‍ ഭിന്നശേഷിക്കാരായ ആദിവാസികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കാതെ ഡോക്ടർമാർ മുങ്ങി. പുല്‍പ്പള്ളിയിലെ സ്വകാര്യ സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പിലെത്തിയ കിടപ്പുരോഗികളടക്കം അന്‍പതിലധികം പേർ ചികിത്സ കിട്ടാതെ നിരാശരായി മടങ്ങി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളിയിലെ കൃപാലയ സ്കൂളില്‍വച്ച് പട്ടികവർഗ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി എന്നിവർ ചേർന്നാണ് പട്ടികവർഗ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാർക്കായി ‘സ്പർശ’മെന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ആറ് ഡോക്ടർമാരടക്കം വിവിധ വകുപ്പുകളിലെ ഹെല്‍പ് ഡസ്കുകളും ക്യാമ്പില്‍ സജ്ജീകരിച്ചിരുന്നു. ആറ് ആംബുലന്‍സുകളിലായാണ് നൂറിലധികം രോഗികളെ ക്യാമ്പിലേക്കെത്തിച്ചത്. ശരീരം തളർന്നവരും മാനസികമായി വെല്ലുവിളി നേരിടുന്നവരുമടക്കമുള്ള രോഗികളെ വളരെ പാടുപെട്ടാണ് ക്യാമ്പിന്‍റെ സംഘാടകർ സ്കൂളിലെത്തിച്ചത്. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസർ ക്യാമ്പ് ഉല്‍ഘാടനം ചെയ്ത് മടങ്ങി നിമിഷങ്ങള്‍ക്കകം ഡോക്ടർമാരും സ്ഥലംവിട്ടു.

ഡോക്ടർമാർക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ ആർ രേണുക പ്രതികരിച്ചു. ഷഹല ഷെറിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ വലിയ വിവാദമായ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ ഈ മനോഭാവമെന്നതും ശ്രദ്ധേയമാണ്.

Related Articles

Latest Articles